Latest News

പുറത്താക്കിയ കലാലയത്തിലേക്ക് 63 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗരിയമ്മ; ചരിത്ര നിമിഷത്തിന് സാക്ഷിയായത് നിയോഗമെന്ന് യുവ സംവിധായകന്‍

Malayalilife
topbanner
പുറത്താക്കിയ കലാലയത്തിലേക്ക് 63  വര്‍ഷങ്ങള്‍ക്ക് ശേഷം  ഗൗരിയമ്മ; ചരിത്ര നിമിഷത്തിന് സാക്ഷിയായത് നിയോഗമെന്ന് യുവ സംവിധായകന്‍

കാലത്തെ സാക്ഷിയാക്കി ഗൗരിയമ്മയെന്ന ആ ചുവന്ന താരകം അസ്തമിക്കുമ്പോള്‍ ആ പോരാട്ട ജീവിതം അഭ്രപാളിയില്‍ പകര്‍ത്തിയതിന്‍റെ ഓര്‍മ്മയിലാണ് യുവസംവിധായകന്‍ അഭിലാഷ് കോടവേലി. കെ ആര്‍ ഗൗരിയമ്മയുടെ രാഷ്ട്രീയ പോരാട്ടജീവിതം സമഗ്രമായി ചിത്രീകരിച്ച 'കാലം മായ്ക്കാത്ത ചിത്രങ്ങള്‍' എന്ന ഡോക്യുമെന്‍ററിയുടെ സംവിധായകനാണ് അഭിലാഷ്. ഗൗരിയമ്മയുടെ ഇതുവരെ പറയാത്ത ജീവിതമായിരുന്നു ആ ഡോക്യുമെന്‍ററിയുടെ പ്രമേയം. ഒപ്പം കേരളത്തിന്‍റെ സാമൂഹ്യ-രാഷ്ട്രീയ ജീവിതം കൂടി ഒപ്പിയെടുക്കുന്നതായിരുന്നു ആ ഹ്രസ്വചിത്രം. ഗൗരിയമ്മയെക്കുറിച്ച് 2014 ല്‍ എഴുതിയ ഒരു കവിതയില്‍ നിന്നായിരുന്നു ആ ഡോക്യുമെന്‍ററിയുടെ തുടക്കമെന്ന് സംവിധായകന്‍ ഓര്‍മ്മിക്കുന്നു. ഗൗരിയമ്മയുടെ ജീവിതം കോറിയിട്ട ആ കവിത ഗൗരിയമ്മ തന്നെ പലയാവര്‍ത്തി വായിച്ച് തിരുത്തി അതൊരു ഡോക്യുമെന്‍ററിയാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പൊതുവെ ഇത്തരം കാര്യങ്ങളോട് വിമുഖത കാണിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഗൗരിയമ്മ എന്തുകൊണ്ടോ ഒരു മകനോടെന്ന വാത്സല്യത്തോടെ ആ ഡോക്യുമെന്‍ററിയോട് സഹകരിക്കുകയായിരുവെന്ന് അഭിലാഷ് കോടവേലി ചൂണ്ടിക്കാട്ടി.

ഗൗരിയമ്മയുടെ ബാല്യകൗമാരങ്ങള്‍ പിന്നിട്ട വഴികളും സ്ക്കൂളും കലാലയങ്ങളുമൊക്കെ ഡോക്യുമെന്‍ററിയില്‍ ചിത്രീകരിച്ചിരുന്നു. എറണാകുളം സെന്‍റ് തെരേസാസ് കോളേജില്‍ പഠിക്കുമ്പോള്‍ എ കെ ജിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്തതിന്‍റെ പേരിലാണ് ഗൗരിയമ്മയെ കോളേജില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് ഡോക്യുമെന്‍ററിയുടെ ഭാഗമായിട്ടാണ് 63 വര്‍ഷത്തിനുശേഷം സെന്‍റ് തെരേസസിന്‍റെ ക്യാമ്പസില്‍ ഗൗരിയമ്മ പ്രവേശിച്ചത്. ആ ചരിത്ര മുഹൂര്‍ത്തത്തെ സെന്‍റ് തെരേസാസ് കോളേജ് അവധി നല്‍കി മുഴുവന്‍ വിദ്യാര്‍ത്ഥിനിയകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഗൗരിയമ്മയെ എതിരേല്‍ക്കുകയായിരുന്നു. അവിടെ വെച്ച് ഡോക്യുമെന്‍ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികളെ സാക്ഷിയാക്കിയാണ് ഗൗരിയമ്മ നിര്‍വ്വഹിച്ചത്. പിന്നീട് തന്‍റെ രാഷ്ട്രീയ- സാമൂഹ്യ ജീവിതം പറഞ്ഞുകൊണ്ട് വിദ്യാര്‍ത്ഥികളുമായി ഒരു സംവാദവും നടത്തി. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കഴിഞ്ഞത് ഒരു നിയോഗമാണെന്ന് അഭിലാഷ് കോടവേലി പറഞ്ഞു.

പൊതുവെ കര്‍ക്കശ സ്വഭാവക്കാരിയായ ഗൗരിയമ്മ ഒരു കൊച്ചുകുട്ടിയെന്ന പോലെ ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തില്‍ പ്രായത്തിന്‍റെ അവശത പോലും മറന്ന് സഹകരിച്ചു. ആ അമ്മയുടെ അനുഗ്രഹം എന്‍റെ ജീവിതത്തിന് പ്രകാശം പരത്തുകയായിരുന്നുവെന്ന് അഭിലാഷ് പറയുന്നു. വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, അഡ്വ. എ എം ആരിഫ് എം. പി, അഡ്വ. എ ജയശങ്കര്‍ തുടങ്ങിയവരുടെ ഗൗരിയമ്മയുമായുള്ള ഓര്‍മ്മകള്‍ പങ്കിടുന്ന ഡോക്യുമെന്‍ററി 2016 മെയ് 13 നാണ് റിലീസ് ചെയ്തത്. അഭിലാഷ് കോടവേലി രചിച്ച് വേണു തിരുവിഴ സംഗീതം നല്‍കി അനില ജേക്കബും കൂറ്റുവേലി ബാലചന്ദ്രനും ആലപിക്കുന്ന ഒരു ഗാനം കൂടി ആ ഡോക്യുമെന്‍ററിയില്‍ ഉണ്ടായിരുന്നു. ട്രോപ്പിക്കാന ഫിലിംസിന്‍റെ ബാനറില്‍ റഹിം റാവുത്തറായിരുന്നു നിര്‍മ്മാണം .കഴിഞ്ഞ ദിവസം അഭിലാഷ് കോടവേലി ഗൗരിയമ്മയ്ക്ക് വേണ്ടി സമര്‍പ്പിച്ച് എഴുതിയ മറ്റൊരു കവിതയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. 

Gowriamma joins expelled college after 63 years said director abhilash kodaveli

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES