ആക്ഷന്‍ കിംഗ് അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ ലിയോ ടീമിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ വീഡിയോ റിലീസ് ചെയ്തു. ഹറോള്‍ഡ് ദാസ് എന്ന കഥാപാത്രത്തില്‍ കിടിലന്‍ ഗെറ്റപ്പിലാണ് താരം എത്തുന്നത്. മിക്കുന്നത്. . അര്‍ജുന്‍ അഭിനയിക്കുന്ന ലിയോയിലെ ഹാറോള്‍ഡ് ദാസ് എന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്‌സസ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
പ്രതിനായക വേഷമാണെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണിത്. ചിത്രത്തിലെ വില്ലനായ സഞ്ജയ് ദത്ത് അഭിനയിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ സഹോദരനാണോ ഹാറോള്‍ഡ് എന്നും പ്രേക്ഷകര്‍ പ്രതികരണത്തിലൂടെ ചോദിക്കുന്നുണ്ട്. ലോകേഷിന്റെ തന്നെ വിക്രം സിനിമയിലെ ക്ലൈമാക്‌സില്‍ സൂര്യ അഭിനയിച്ച റോളക്‌സിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഹറോള്‍ഡ് ദാസ്.
വീഡിയോയില്‍ ബാബു ആന്റണിയേയും കാണാം. ഹാറോള്‍ഡിന്റെ വലം കൈയ്യായാണ് ബാബു ആന്റണി എത്തുന്നതെന്ന സൂചനയും വീഡിയോ നല്‍കുന്നു. കഴിഞ്ഞ മാസം സഞ്ജയ് ദത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് താരം അവതരിപ്പിക്കുന്ന ആന്റണി ദാസിന്റെ ഗ്ലിംപ്‌സസ് വിഡിയോ റിലീസ് ചെയ്തിരുന്നു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വിജയ്, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ എന്നിവരെ കൂടാതെ തൃഷ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ഒരു മണിക്കൂറിനുള്ളില്‍ 1.2 മില്ല്യണ്‍ കാഴ്ച്ചക്കാരെയാണ് യൂട്യൂബില്‍ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദ റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോയുടെ നിര്‍മ്മാണം. റിലീസിനോടടുത്ത് വമ്പന്‍ പ്രൊമോഷന്‍ പരിപാടികളുമാണ് അണിയറക്കാര്‍ ഒരുക്കുന്നത്. ഒക്ടോബര്‍ 19നാണ് വിജയ് ചിത്രം ലിയോ ആഗോള തലത്തില്‍ റിലീസിനൊരുങ്ങുന്നത്.