രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എ കെ ഫൈസലിന്റെ ഗൃഹപ്രവേശനചടങ്ങിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും ഒടുവില്‍ മറുപടി നല്കിയിരിക്കുകയാണ് ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും. ഗൃഹപ്രവേശന ചടങ്ങിലേക്ക് തങ്ങളെ കഷണിച്ചിരുന്നുവെന്നും പബ്ലിസിറ്റിക്കോ ക്യാഷിനോ വേണ്ടിയല്ല ഈ പരിപാടിയില്‍ പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. പക്ഷേ അടുത്ത ദിവസം ഞങ്ങളെ ക്ഷണിച്ചത് തെറ്റാണെന്ന് ഒരു പൊതു പ്രസ്താവന കണ്ടത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ ഈ മറുപടി പങ്കുവെച്ചത്.
ഞങ്ങളെ ഫൈസല്‍ മലബാറിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇന്‍ഫ്‌ലുവെന്‍സര്‍സ് ആയിട്ടോ ക്യാഷിന് വേണ്ടിയോ പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ല ഞങ്ങള്‍ പോയത്. ഞങ്ങള്‍ രണ്ടുപേര്‍ക്കും വ്യക്തിപരമായി ക്ഷണം ലഭിച്ചതിനാലാണ് ഞങ്ങള്‍ പോയത്. ആ പരിപാടിയില്‍ എല്ലാവരും ഞങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്തു,
ഞങ്ങളുടെ പേരുകള്‍ വിളിച്ചു, ഫോട്ടോ എടുത്തു, ആത്മാര്‍ത്ഥമായ ആതിഥ്യമര്യാദയോടെയാണ് ഞങ്ങളോട് എല്ലാവരും അവിടെ പെരുമാറിയത്. ഞങ്ങളുടെ സാന്നിധ്യം ഒരു പ്രശ്‌നമാണെന്നോ ഞങ്ങള്‍ ആവശ്യമില്ലാത്തവരാണെന്നോ ഒരു സൂചനയും ഒരിക്കലും ഉണ്ടായിരുന്നില്ല. പക്ഷേ അടുത്ത ദിവസം രണ്ട് പെണ്‍കുട്ടികളെ ക്ഷണിച്ചത് ഒരു തെറ്റാണെന്നും ഞങ്ങളെ സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും സൂചിപ്പിക്കുന്ന ഒരു പൊതു പ്രസ്താവന കണ്ടത് വളരെ നിരാശാജനകമായിരുന്നു'.
'ഞങ്ങള്‍ ആരുടെയും വീട്ടിലേക്ക് ഇടിച്ച് കയറിയിട്ടില്ല. ക്ഷണിക്കപ്പെടാതെ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല. ഒരു സ്ഥലത്തെയും വ്യക്തിയെയും ഞങ്ങള്‍ അനാദരിച്ചിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും മനുഷ്യരാണെന്ന് തെളിയിച്ചു, അന്തസ്സോടെ ജീവിക്കുന്നു. ഞങ്ങളെ വേദനിപ്പിച്ച ആ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യുകയും പുതിയത് പോസ്റ്റ് ചെയ്യുകയും ചെയ്തു. ആ തിരുത്തലിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇത് എല്ലാവരെയും ഒരു ലളിതമായ സത്യം ഓര്‍മ്മിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു', ആദില നൂറ കുറിച്ചു.
എ കെ ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നിരവധി താരങ്ങള്‍ക്കൊപ്പം ആദിലയ്ക്കും നൂറയ്ക്കും ക്ഷണം ലഭിച്ചിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇരുവരും പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് ഫൈസല്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും തന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ലെന്ന് ഫൈസല്‍ പറഞ്ഞു. അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും പൂര്‍ണ്ണമായി ബഹുമാനിക്കുന്നെന്നും ഫൈസല്‍ ഫേസ്ബുക്കില്‍ അതിന് ശേഷം കുറിച്ചിരുന്നു.
ഫൈസല്‍ എ കെ യുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ആദിലയും നൂറയും സംബന്ധിച്ച വിഷയത്തില്‍ എന്റെ നിലപാട് വളരെ വ്യക്തമാണ്. കോടതിയും ഗവണ്‍മെന്റും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഞാന്‍ ഹൃദയപൂര്‍വ്വം വിശ്വസിക്കുന്നു. അതിനാല്‍, അവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതെ, അവരെ തടസ്സപ്പെടുത്തുകയോ വിമര്‍ശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമര്‍ശിച്ച് ഹരാസ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല.
ഏതൊരു മതത്തില്‍ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്റെ ഹൗസ്വാര്‍മിംഗ് ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും എന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ല. അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങളും ഹരാസ്‌മെന്റും ഉയര്‍ന്നുവെന്നും, അത് ഇവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടാണ് ഞാന്‍ വ്യക്തമായി പറയുന്നത്:
• അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം എനിക്കൊന്നുമുണ്ടായിരുന്നില്ല
• അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാന്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു
അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്ന്‍കളും അവസാനിക്കണമെന്ന് ഞാന്‍ ഹൃദയപൂര്‍വ്വം ആഗ്രഹിക്കുന്നു
• അവര്‍ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മര്‍ദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അവസരം ലഭിക്കണം
ഒരു മനുഷ്യനെന്ന നിലയില്‍, മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ മൂല്യം.
ഈ വിഷയത്തെക്കുറിച്ച് എന്നോടു സംസാരിച്ച, കാര്യങ്ങള്‍ മനസ്സിലാക്കിയ, പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു.
തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള ക്ഷമയും ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു.