ബിഗ് ബോസ് മലയാളം സീസണ്‍ 8 കൂടുതല്‍ ചൂടേറിയ പോരാട്ടങ്ങളോടെ പതിനെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മത്സരങ്ങള്‍ കടുക്കുന്നതിനൊപ്പം ബിഗ് ബോസ് വീട്ടില്‍ ഫിസിക്കല്‍ അസോള്‍ട്ട് ആരോപണങ്ങളും ഇന്നത്തെ ദിവസം ശക്തമായി ഉയര്‍ന്നു വന്നു. കഴിഞ്ഞ എപ്പിസോഡിന്റെ തുടര്‍ച്ചയെന്നോണം താഷിക്കെതിരെ എല്‍ദോയും ഗൗതം ശശിയും രംഗത്തുവന്നുവെങ്കിലും, താഷിക്കെതിരെ താന്‍ കൂടുതലൊന്നും പറയില്ലെന്ന നിലപാടാണ് പിന്നീട് ഗൗതം ശശി സ്വീകരിച്ചത്.
അതിനിടയില്‍ ബിഗ് ബോസ് ഹൗസിനുള്ളിലെ പ്രധാന ചര്‍ച്ചാവിഷയം കൊമ്പനും ഐശ്വര്യയും തമ്മിലുള്ള ലൗ ട്രാക്കാണ്. തന്റെ അച്ഛന്റെ പേര് വിളിച്ച് സംസാരിക്കരുതെന്ന് ഐശ്വര്യ മുന്നറിയിപ്പ് നല്‍കിയിട്ടും കൊമ്പന്‍ അത് വീണ്ടും ആവര്‍ത്തിച്ചത് ഇരുവരും തമ്മിലുള്ള സൗഹൃദത്തില്‍ വലിയ വിടവുണ്ടാക്കി. ഇതിനുപിന്നാലെ, ഐശ്വര്യയോട് ഇനിമുതല്‍ ഒരു അകലം പാലിച്ചു മാത്രമേ നില്‍ക്കുകയുള്ളൂ എന്ന് കൊമ്പന്‍ ഷിജിനോട് വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ കൊമ്പനെ നല്ലൊരു സുഹൃത്തായും അനിയനായുമാണ് കണ്ടിരുന്നതെന്ന് പറഞ്ഞ് ഐശ്വര്യ ഒറ്റയ്ക്കിരുന്ന് കരയുന്നതും പ്രേക്ഷകര്‍ കണ്ടു.
മറ്റൊരു വശത്ത്, തനിക്ക് ബിഗ് ബോസ് വീട്ടിലെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ഐശ്വര്യ ഷിബിനയോടും നോബിയോടും വെളിപ്പെടുത്തുന്നുണ്ട്. അത് വിക്കിയോടല്ലേ എന്ന് ഷിബിന ചോദിക്കുന്നുണ്ടെങ്കിലും ഐശ്വര്യ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ ഇതിനിടയില്‍ ഐശ്വര്യയോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് നോബി തുറന്നുപറയുന്നു. തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്താന്‍ ഐശ്വര്യ മടിക്കുന്നതിനാല്‍, ക്രഷ് ഉള്ളവരുടെ ലിസ്റ്റില്‍ നോബിയും ഉണ്ടാകാമെന്ന സൂചനയാണ് പുറത്തുവരുന്നത്. ആദ്യത്തെ ക്രഷ് ആയ വിക്കിയുമായും, പിന്നീട് ലൗ ട്രാക്ക് പോലെ മുന്നോട്ട് പോയ കൊമ്പനുമായുള്ള ഐശ്വര്യയുടെ ബന്ധം ഇനി എങ്ങോട്ട് പോകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
അതേസമയം, നോബിക്ക് ക്രഷ് ഉണ്ടെന്ന് പറഞ്ഞതിന് ശേഷമുള്ള സംഭവവികാസങ്ങള്‍ പുതിയ തിരിവുകളിലേക്ക് നീങ്ങുകയാണ്. തനിക്ക് ക്രഷ് ഉണ്ടെന്ന് പറഞ്ഞത് കള്ളമാണെന്നും, ഐശ്വര്യയെ പരീക്ഷിക്കാന്‍ വേണ്ടി തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നും ഷിബിനയും നോബിയും വ്യക്തമാക്കുന്നു. ഐശ്വര്യയുടേത് കേവലം ഗെയിമിന് വേണ്ടിയുള്ള ലൗ ട്രാക്കാണെന്നും അതില്‍ വലിയ ഇരട്ടത്താപ്പുണ്ടെന്നുമാണ് ഷിബിനയുടെയും നോബിയുടെയും വിലയിരുത്തല്‍. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സംഭവവികാസങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിതുറക്കുമെന്ന് ഉറപ്പാണ്.