രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് സംവിധായകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ അഖില്‍ മാരാര്‍. സത്യം മുറുകെ പിടിക്കുന്നവര്‍ക്ക് രാഷ്ട്രീയത്തില്‍ സ്ഥാനമില്ലെന്ന് സമൂഹം തന്നെ പഠിപ്പിച്ചുവെന്ന് അഖില്‍ മാരാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും അവരുടെ ശബ്ദമാകാനും ആഗ്രഹിച്ച താന്‍ ഇനി നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്ധത മൂടിയ സമൂഹത്തില്‍ സത്യം തുറന്നുപറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാനുള്ള ബോധമില്ലാത്ത മനുഷ്യര്‍ക്കിടയില്‍ തനിക്ക് സ്ഥാനമില്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞു. വാക്കുകള്‍ മാറ്റിയും സമൂഹത്തെ കബളിപ്പിച്ചും മുന്നേറുന്ന കപട രാഷ്ട്രീയക്കാരാണ് ഇനി ജനങ്ങളെ നയിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
സെപ്റ്റംബര്‍ ഏഴിന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞുകൊണ്ടാണ് അഖില്‍ മാരാര്‍ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. പരിഹാസവും പുച്ഛവും മാത്രം കേട്ട് വളര്‍ന്ന ഒരാള്‍ സമൂഹത്തില്‍ റിബലായി മാറുന്നത് സ്വാഭാവികമാണെന്നും താനും അത്തരമൊരു റിബലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'നിലപാട്' എന്ന വാക്കും അഖില്‍ മാരാര്‍ എന്ന പേരും കേരളത്തില്‍ എത്രത്തോളം ചര്‍ച്ചയായിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറിച്ചു.
എന്നും സത്യത്തിനൊപ്പമാണ് താനെന്നും നിലപാടില്‍ മാറ്റമില്ലെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. ആരെയും ഭയന്ന് അഭിപ്രായം പറയാതെ ഒളിച്ചോടിയിട്ടില്ലെന്നും തന്റെ ഉള്ളിലെ സത്യം കണ്ടായിരിക്കാം ഈശ്വരന്‍ തനിക്കൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവര്‍ വലിയ നേട്ടങ്ങളെന്ന് കരുതുന്ന നിരവധി നേട്ടങ്ങള്‍ ജീവിതത്തില്‍ ലഭിച്ചിട്ടും, ഒന്നുമല്ലാതെ കഴിയുന്ന നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കണമെന്ന ആഗ്രഹമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. എന്നാല്‍ സത്യത്തിനും ധര്‍മത്തിനും നീതിക്കും സമൂഹത്തിന് മുന്നില്‍ യാതൊരു വിലയുമില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇനി മുതല്‍ ഞാന്‍ ആര്‍ക്കും ശല്യമാകില്ല' അന്ധത മൂടിയ സമൂഹത്തില്‍ സത്യം വിളിച്ചുപറഞ്ഞാല്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ക്കിടയില്‍ തനിക്ക് സ്ഥാനമില്ലെന്ന് അഖില്‍ മാരാര്‍ കുറിച്ചു. വാക്കുകള്‍ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയക്കാരാണ് ഇനി ജനങ്ങളെ നയിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സമൂഹത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും അവരുടെ ശബ്ദമാകാനും ആഗ്രഹിച്ച താന്‍ ഇനി നിശബ്ദത പാലിക്കുകയാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു. 'ഞാന്‍ എന്നെ കൊല്ലുകയാണ്. ഞാന്‍ ഞാനല്ലാതെ ജീവിക്കാന്‍ തുടങ്ങുകയാണ്' എന്നും അദ്ദേഹം കുറിച്ചു.
എല്ലാം കണ്ടും കേട്ടും പ്രതികരിക്കാതെ ജീവിക്കാന്‍ ശീലിക്കുകയാണെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. രാഷ്ട്രീയം ഉപേക്ഷിച്ചത് തന്റേതായ തീരുമാനമല്ലെന്നും സത്യം മുറുകെ പിടിക്കുന്ന ഒരാള്‍ക്ക് രാഷ്ട്രീയം അനുയോജ്യമല്ലെന്ന പാഠം സമൂഹം തന്നെ പഠിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. 'കള്ളന്മാര്‍ നിങ്ങളെ ഭരിക്കട്ടെ; നിങ്ങള്‍ അവര്‍ക്ക് വേണ്ടി വാഴ്ത്തുകള്‍ നേരട്ടെ. മാരാര്‍ സ്വന്തം ജീവിതം ആസ്വദിച്ച് ജീവിക്കും' എന്ന വാക്കുകളോടെയാണ് അഖില്‍ മാരാര്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
അഖില്‍ മാരാരുടെ കുറിപ്പിന്റെ പൂര്‍ണരൂപം: നാളെ സെപ്റ്റംബര്‍ 7 ഞാന്‍ ജനിച്ച ദിവസമാണ്... പരിഹാസവും പുച്ഛവും മാത്രം കെട്ട് വളര്‍ന്ന ഒരുവന്‍ സമൂഹത്തില്‍ റിബല്‍ ആയി മാറുന്നത് സ്വാഭാവികമാണല്ലോ.. ഞാനും ഒരു റിബല്‍ ആയിരുന്നു..നിലപാട് എന്ന വാക്കും അഖില്‍ മാരാരും കേരളത്തില്‍ എത്രത്തോളം ചര്‍ച്ച ആയി എന്നത് നിങ്ങള്‍ക് അറിയാം.. എന്നും സത്യം മുറുകെ പിടിച്ച എനിക്ക് നിലപാടില്‍ ഒരു മാറ്റവും ഇല്ല.. അന്നും ഇന്നും സത്യത്തിനൊപ്പം മാത്രം.. ആരെയും പേടിച്ചു അഭിപ്രായം പറയാതെ ഓടി ഒളിച്ചവന്‍ അല്ല.. എന്റെ ഉള്ളിലെ സത്യം കണ്ടാവാം ഈശ്വരന്‍ എനിക്കൊപ്പം കൂടിയത്.
മറ്റുള്ളവര്‍ നോക്കിയാല്‍ വലിയ നേട്ടം എന്ന് തോന്നുന്ന നിരവധി നേട്ടങ്ങള്‍ എനിക്ക് ലഭിച്ചപ്പോഴും ഒന്നുമല്ലാതെ പോയ എന്റെ നാട്ടിലെ സാധാരണകാര്‍ക്ക് വേണ്ടി ശബ്ദിക്കണം എന്നാഗ്രഹിച്ച എനിക്ക് ഒരു യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിഞു.. സത്യത്തിലും ധര്‍മത്തിനും നീതിക്കും സമൂഹത്തിന് മുന്നില്‍ യാതൊരു വിലയുമില്ല.. ഇനി മുതല്‍ ഞാന്‍ ആര്‍ക്കും ശല്യമാകില്ല അന്ധത മൂടിയ സമൂഹത്തില്‍ സത്യം വിളിച്ചു പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ ബോധമില്ലാത്ത മനുഷ്യര്‍ക്കിടയില്‍ എനിക്ക് സ്ഥാനമില്ല.. വാക്കുകള്‍ മാറ്റി സമൂഹത്തെ പറ്റിക്കുന്ന കപട രാഷ്ട്രീയ കോമാളികള്‍ നിങ്ങളെ നയിക്കട്ടെ..
ഇല്ലാതാക്കാന്‍ നോക്കുന്ന സമൂഹത്തില്‍ നിങ്ങള്‍ക് വേണ്ടി മിണ്ടാനും നിങ്ങളുടെ ശബ്ദമാകാനും കൊതിച്ച ഞാന്‍ നിശബ്ദത പാലിക്കുക ആണ്.. ഞാന്‍ എന്നെ കൊല്ലുകയാണ്.. ഞാന്‍ ഞാനല്ലാതെ ജീവിക്കാന്‍ തുടങ്ങുകയാണ്...എല്ലാം കണ്ടും കേട്ടും മിണ്ടാതെ ജീവിക്കാന്‍ ശീലിക്കുക ആണ്. രാഷ്ട്രീയം ഉപേക്ഷിച്ചതല്ല സമൂഹം എന്നെ പഠിപ്പിച്ചതാണ് സത്യം മുറുകെ പിടിക്കുന്നവന് പറ്റിയതല്ല രാഷ്ട്രീയമെന്നു... കള്ളന്മാര്‍ നിങ്ങളെ ഭരിക്കട്ടെ.. നിങ്ങള്‍ അവര്‍ക്ക് വേണ്ടി വാഴ്ത്തുക്കള്‍ നേരട്ടെ.. മാരാര്‍ സ്വന്തം ജീവിതം ആസ്വദിച്ചു ജീവിക്കും..