കാന്‍സര്‍ പോരാട്ടത്തിന്റെ വേദനയ്ക്കിടയിലും നന്ദി വാക്കുകളുമായി രേണു സുധി. ബിഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്ക് പാലിച്ചെന്ന വെളിപ്പെടുത്തലുമായാണ് രേണു സുധി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. രേണു സുധിയെക്കുറിച്ച് താന്‍ ചെയ്ത വീഡിയോകളില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം അവര്‍ക്ക് നല്‍കുമെന്ന് സായ് കൃഷ്ണ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ വാക്ക് സായ് കൃഷ്ണ പാലിച്ചുവെന്ന് രേണു സുധി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
'സായ് കൃഷ്ണയും കുടുംബവും പറഞ്ഞ വാക്ക് പാലിച്ചു. ഒരുപാട് നന്ദി. കീമോതെറാപ്പിയുടെ ചൂട് ആയിരുന്നു, ഒരു എസി വാങ്ങി വെച്ചു. കൂടെ സിജോയും കുടുംബവും എന്നെ വന്ന് കണ്ടു. ഒരുപാട് നല്ല ആളുകള്‍ വന്ന് കാണുന്നു. നല്‍കിയ സഹായത്തിന് എല്ലാവര്‍ക്കും വലിയ നന്ദി,' രേണു കുറിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് രേണു ഇപ്പോള്‍.
രേണു സുധിയുടെ രോഗവിവരം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സായ് കൃഷ്ണ സഹായഹസ്തവുമായി രംഗത്തെത്തിയത്. രേണുവിനെക്കുറിച്ച് 48ഓളം വീഡിയോകള്‍ താന്‍ ചെയ്തിട്ടുണ്ടെന്നും, ആ ഉള്ളടക്കങ്ങളില്‍ നിന്ന് നല്ലൊരു വരുമാനം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ പറഞ്ഞിരുന്നു. 'കാരണം നമ്മള്‍ കോണ്ടെന്റ് ആക്കി ഒരുപാട് വീഡിയോകള്‍ ചെയ്‌തൊരു വ്യക്തിയാണ്. അവര്‍ക്ക് ഇങ്ങനെ ഒരു സിറ്റുവേഷന്‍ ജീവിതത്തില്‍ വരുന്നുവെന്ന് അറിയുമ്പോള്‍, അവര്‍ക്ക് പണം ആവശ്യമാണ്. നമുക്ക് കുറേ കാശുണ്ടാക്കാന്‍ കോണ്ടെന്റ് തന്നൊരു വ്യക്തി എന്നതുകൊണ്ട് ഞാനത് ചെയ്യേണ്ടതാണെന്ന് എനിക്ക് തോന്നി' എന്നായിരുന്നു സായ് കൃഷ്ണയുടെ പ്രഖ്യാപനം.
രേണു സുധി തനിക്ക് കാന്‍സറാണെന്ന വിവരം സ്ഥിരീകരിച്ചതും, കീമോതെറാപ്പി ആരംഭിച്ചതിനെത്തുടര്‍ന്നുണ്ടായ കഠിനമായ വേദനയെക്കുറിച്ച് പങ്കുവെച്ചതും വലിയ ചര്‍ച്ചയായിരുന്നു. ഈ ദുര്‍ഘട സാഹചര്യത്തില്‍ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.
രേണു വീണ്ടും വലിയൊരു വെല്ലുവിളി നേരിടുകയാണെന്നും ഉപകാരം ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കരുതെന്ന് പറയുകയാണ് നടന്‍ അനീഷ് രവി. മറിച്ചാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ തോറ്റുപോവുകയേ ഉള്ളൂവെന്നും കാരണം നട്ടുവളര്‍ത്തിയ മരങ്ങളെ പോലെ അല്ല ഈ മരമെന്നും(രേണു) ഇന്നലെ പെയ്ത ഒരു മഴയിലോ കാറ്റിലോ അത് ആടി ഉലയില്ലെന്നും അനീഷ് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
അനീഷ് രവിയുടെ വാക്കുകള്‍
പ്രിയപ്പെട്ട രേണു സുധി..
സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ട് നടക്കുന്നതിനിടയിലാണ് കൊല്ലം സുധിയുമായി ഞാന്‍ കൂടുതല്‍ അടുക്കുന്നത്. ഇടയ്‌ക്കെപ്പോഴൊക്കെയോ ഷൂട്ട് കഴിഞ്ഞു നില്‍ക്കുമ്പോ അദ്ദേഹത്തെ കൂട്ടി നാട്ടിലേയ്ക്ക് പോകാനായി വരുന്ന കുടുംബത്തെയും കാണാറൂണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളല്‍ ചിലപ്പോഴൊക്കെ ജീവിതത്തിലെ പല പ്രശ്‌നങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം എന്നോട് പങ്കുവയ്ക്കുമായിരുന്ന. ഓരോ ദിവസം കഴിയും തോറും സുധി അണ്ണനുമായി ഞാന്‍ അടുത്തു കൊണ്ടേയിരുന്നു. പെട്ടെന്നാണ് നമ്മള്‍ ഓരോരുത്തരെയും സങ്കടപ്പെടുത്തിക്കൊണ്ട് ആ ദുരന്ത വാര്‍ത്ത നമ്മുടെയെല്ലാം കാതുകളിലേയ്ക്ക് വന്ന് പതിച്ചത്. മനസ്സില്‍ കൊതിച്ച 100 കണക്കിന് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ കഴിയാതെ ആ എളിയ കലാകാരന്‍ നമ്മെ വിട്ടുപോയി. എങ്കിലും സുധി എന്ന കലാകാരന്‍ നമുക്ക് സമ്മാനിച്ച നര്‍മ്മ രസങ്ങള്‍ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സില്‍ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്. സുധിയും സുധിയുടെ കുടുംബവും.
കൊല്ലം സുധിയുടെ പിന്നില്‍ നിന്ന് മാത്രം കണ്ടിട്ടുള്ള രേണു പിന്നീട് നമുക്കിടയില്‍ വളരാന്‍ തുടങ്ങി. വെള്ളവും വളവും ഒഴിച്ച് നമ്മള്‍ പരിപാലിച്ചു വളര്‍ത്തിയതല്ല. പരിഹാസവും കുറ്റപ്പെടുത്തലും അധിഷേപവും കൊണ്ട്. ആദ്യം ഒന്നുലഞ്ഞു. എങ്കിലും പിന്നെ ..പിന്നെ തളരാതെ വാടാതെ മണ്ണില്‍ ആഴത്തില്‍ വേരുറപ്പിച്ച് താനെ വളര്‍ന്ന ഒരു ചെടിയായി. മുന്‍ പരിചയമില്ലാത്ത നമുക്കോ നമ്മുടെ കുടുംബത്തിനോ നാടിനോ ഒരു ദ്രോഹവും ചെയ്യത്ത ഒരാളെ. നമ്മളെന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നത്...? ഒരാള്‍ തന്റെ ദുഃഖങ്ങളെ മറക്കാനായി അല്ലങ്കില്‍ സ്വന്തം സന്തോഷത്തിനായി ചെയ്യുന്ന കാര്യം ഒരു രീതിയിലും നമ്മളെ ബാധിയ്ക്കുന്നില്ലെങ്കില്‍ കൂടി നമ്മള്‍ ഓരോരുത്തരും അവരെ പഴിപറയാന്‍ തുടങ്ങി.
ഒരുവന്റെ മനസ്സിലെ ചിന്ത ഒരു പോസ്റ്റിന്റെ രൂപത്തില്‍ നമ്മുടെ കൈകളിലേയ്ക്ക് എത്തുമ്പോ നിസ്സാരമായി തള്ളിക്കളയാതെ നമ്മളും അത് ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അതും...ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും സ്വാര്‍ത്ഥരായ നമ്മള്‍. അവനവന്റെ കാര്യം മാത്രം നോക്കി കൂടെ പിറപ്പിനോ കൂടെ നില്‍ക്കുന്ന ആള്‍ക്കോ സ്വന്തം കൈയിലുള്ളത് എന്തായാലും അത്..ഒരല്പം പോലും ഷെയര്‍ ചെയ്യാത്ത നമ്മള്‍ ഇത്തരം വാര്‍ത്തകള്‍ വരുമ്പോ ഒരായിരം പേര്‍ക്ക് ഷെയര്‍ ചെയ്ത് വിശാല മനസ്‌കരാവുന്നു. അങ്ങനെയെങ്കിലും മനസിന്റെ വിശാലത തുറന്നു കാട്ടാന്‍ നമുക്ക് കഴിഞ്ഞല്ലോ ഭാഗ്യം!
വിധി ചിലപ്പോ വളരെ ക്രൂരനായി നമ്മളോട് പെരുമാറും. അത്തരം ഒരു സാഹചര്യത്തിലൂടെ രേണു വീണ്ടും മറ്റൊരു വെല്ലുവിളി നേരിടുന്നു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കരുത്. ഇനി മറിച്ചാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ തോറ്റുപോവുകയേ ഉള്ളൂ. കാരണം നട്ടുവളര്‍ത്തിയ മരങ്ങളെ പോലെ അല്ല ഈ മരം.. ഇന്നലെ പെയ്ത ഒരു മഴയിലോ കാറ്റിലോ ആടി ഉലയില്ല അത്.
പ്രിയപ്പെട്ട രേണു.. സമാധാനമായിരിയ്ക്കൂ..നിങ്ങളെ സ്‌നേഹിക്കുന്നവരും ഇഷ്ടപെടുന്നവരും നിങ്ങള്‍ക്കായി പ്രാര്‍ത്ഥിയ്ക്കുന്നവരും ഉണ്ട് ഈ നാട്ടില്‍. ചികിത്സയുടെ ഭാഗമായുള്ള വേദനകളെയും. തരണം ചെയ്യാന്‍ നിനക്ക് കഴിയട്ടെ. പൂര്‍ണ്ണ ആരോഗ്യവതിയായി വേഗം തിരിച്ചു വരൂ. നിറഞ്ഞ സ്‌നേഹത്തോടെ പ്രാര്‍ത്ഥനകളോടെ ഞങ്ങള്‍ കാത്തിരിക്കുന്നു.