ഒന്നര മാസം മുമ്പാണ് സീരിയല്‍ നടിയും നര്‍ത്തകിയുമായ ആര്യാ പാര്‍വതി വിവാഹിതയായത്. ബോഡി ബില്‍ഡറും മോഡലും ഒക്കെയായ ദിലീപ് എന്ന യുവാവാണ് ആര്യയെ വിവാഹം കഴിച്ചത്. ദിലീപിന്റെ ലുക്കും ഭാവവും എല്ലാം കണ്ട് ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയത് റെഡ് ഫ്ളാഗായിരുന്നു. എന്നാല്‍ ദാമ്പത്യ ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ടു കൊണ്ടുപോയാണ് ആര്യയും ദിലീപും അത്തരം പ്രചരണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നത്. എന്നാലിപ്പോഴിതാ, ദിലീപ് ബോഡി ബില്‍ഡറും മോഡലും മാത്രമല്ല, ഒരു സീരിയല്‍ നടന്‍ കൂടിയാണെന്ന വിവരമാണ് ആര്യ പുറത്തു വിട്ടിരിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് ചെമ്പട്ട് എന്ന സീരിയലിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അന്നിവര്‍ തമ്മില്‍ പ്രണയം തുടങ്ങിയിരുന്നില്ല. സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ആര്യയുടെ രണ്ടാമത്തെ സീരിയല്‍ കൂടിയായിരുന്നു അത്. വളരെയധികം ശ്രദ്ധ നേടിയ ആ പരമ്പരയില്‍ വച്ചാണ് ഇവരുടെ സൗഹൃദം തുടങ്ങുന്നത്. അതിനു ശേഷം മറ്റൊരു സീരിയലിലും ഇവര്‍ അഭിനയിച്ചു. അതില്‍ പാര്‍വതിയായി ആര്യയും പാര്‍വതിയെ വിവാഹം കഴിക്കാന്‍ മോഹിച്ചെത്തുന്ന ജയകാന്ത് എന്ന ചെറുപ്പക്കാരനായി ദിലീപുമാണ് എത്തിയത്. അപ്പോഴും ഇവര്‍ പ്രണയത്തിലേക്ക് എത്തിയിരുന്നില്ല. വിവാഹത്തിന് നാലു മാസം മുമ്പാണ് ദിലീപിന്റെ വിവാഹാലോചന എത്തുന്നതും അടുത്ത സുഹൃത്തുക്കളായിരുന്നവര്‍ വിവാഹത്തിലേക്ക് എത്തിയതും. ദിലീപിന്റെ ജാതകത്തില്‍ ചില പ്രശ്നങ്ങളുള്ളതുകൊണ്ട് എത്രയും വേഗം വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. അതുകൊണ്ടു തന്നെ, ആര്യയുടെ വിവാഹം അപ്രതീക്ഷിതമായിട്ടാണ് ആരാധകരിലേക്ക് എത്തിയതും.
അതേസമയം, ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെയാണ് ആര്യ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയത്. ഒരു സീരിയല്‍ നടി എന്നതിലുപരി, തന്റെ 23-ാം വയസില്‍ കുഞ്ഞനുജത്തി പാലു ജനിച്ച വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമ്മയുടെ 47-ാം വയസില്‍ ജനിച്ച അനിയത്തിയെ തന്റെ മകളെപ്പോലെയാണ് ആര്യ പരിപാലിക്കുന്നത്. മോഹിനിയാട്ടം നര്‍ത്തകിയായ ആര്യ ആര്യമോഹനം എന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് അടക്കം ജോബ് ഓഫറുകള്‍ വന്നിട്ടും അവയെല്ലാം വേണ്ടെന്ന് വെച്ചാണ് ഏറ്റവും വലിയ സ്വപ്നമായ ആര്യ മോഹനം ആര്യ ആരംഭിച്ചത്. എല്ലാവിധ പിന്തുണയും നല്‍കി ആര്യയ്ക്ക് ഒപ്പം നില്‍ക്കുന്നത് അച്ഛന്‍ ശങ്കറും അമ്മ ദീപ്തിയുമാണ്. വൈക്കത്താണ് ഡാന്‍സ് സ്റ്റുഡിയോ. അച്ഛന്‍ ആലുവക്കാരനാണ്. പക്ഷെ അമ്മയുടെ വീട് വൈക്കത്താണ്. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം കൂടിയാണ് വൈക്കം. അതുകൊണ്ടാണ് അങ്ങനെയൊരു സ്ഥലം സ്റ്റുഡിയോയ്ക്കായി തെരഞ്ഞെടുത്തതും.
ചെറുപ്പം മുതല്‍ എല്ലാ കലകളും അഭ്യസിച്ചിട്ടുള്ള ആര്യ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുമുണ്ട്. പക്ഷെ സംസ്ഥാന തലങ്ങളില്‍ മത്സരിച്ചപ്പോള്‍ മോഹിനിയാട്ടത്തിലാണ് കൂടുതല്‍ വിജയങ്ങള്‍ ഉണ്ടായിട്ടുള്ളത്. അങ്ങനെയാണ് മോഹിനിയാട്ടത്തിലേക്ക് തിരിഞ്ഞത്.