മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സിനിമ നിരൂപകനായ യൂട്യൂബര്‍ അശ്വന്ത് കോക്കിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി പോലീസ്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചാണ് കോക്കിനെ വൈദ്യപരിശോധന നടത്തിയത്. കോക്ക് മദ്യപിച്ചിരുന്നു എന്നു തന്നെയാണ് വ്യക്തമാകുന്നത്. ഇതോടെ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം യൂട്യൂബര്‍ക്കെതിരെ ചുമത്തിയേക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപത്തായി കൊട്ടാരം റോഡില്‍ വെച്ച് ഏഴ് മണിയോടെയാണ് കോക്കിന്റെ വാഹനം അപകടം ഉണ്ടാക്കിയത്.
എരഞ്ഞിപ്പാലം ഭാഗത്തുനിന്നും സരോവരത്തേക്ക് വരികയായിരുന്ന അശ്വന്തിന്റെ വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കാര്‍ നിര്‍ത്തിയതിന് പിന്നാലെ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ അശ്വന്ത് മദ്യലഹരിയില്‍ കാലുറക്കാത്ത അവസ്ഥയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഥാറിലാണ് അശ്വന്ത് കോക്ക് സഞ്ചരിച്ചിരുന്നത്.അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലും ഥാര്‍ ഇടിച്ചിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. നടക്കാവ് പൊലീസിലാണ് പരാതി നല്‍കിയത്. അപകടത്തല്‍ ആര്‍ക്കും വലിയ പരിക്കേറ്റിട്ടില്ല. അപകടം ഉണ്ടാക്കിയതോടെ വാഹനം നിര്‍ത്താതെ പോകാനാണ് കോക്ക് തുനിഞ്ഞത്. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതോടെ വാഹനത്തില്‍ നിന്നും ആദ്യം പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയതോടെ പോലീസ് എത്തി.
പോലീസ് എത്തിയെങ്കിലും മദ്യലഹരിയില്‍ കാലുറക്കാതെ ആടി നിന്ന കോക്ക് പോലീസിനോടും തട്ടിക്കയറി. പോലീസ് വീഡിയോ എടുത്തതോടെ 'എന്റെ വീഡിയോ എടുക്കുവാണോ സാറേ എന്നു ചോദിച്ചു. പോലീസ് ഉദ്യോഗസ്ഥന് നേര്‍ക്ക് കയര്‍ത്തു കൊണ്ട് അടിക്കണോ നീ, ഉണ്ടോ, ഉണ്ടോ? എന്നു ചോദിച്ചു. ഈതോടെ നാട്ടുകാരാണ് പോലീസുകാരെ യുട്യൂബറാണെന്ന് പരിചയപ്പെടുത്തിയത്. ഇവനാ സാധനം.. യൂട്യൂബറാ സാറേ... എന്നു മൊബൈലില്‍ കോക്കിന്റെ വീഡിയോകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് നടക്കാവ് പോലീസ് സ്റ്റേഷനിലേക്കാണ് കോക്കിനെ കൊണ്ടുപോയത്. അവിടെയും കോക്ക് നിലയില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ബീച്ച് ആശുപത്രിയില്‍ എത്തിച്ചു കോക്കിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. കോക്കിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും അശ്വന്ത് കോക്കിനെതിരെ നടക്കാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്വന്തിന്റെ വൈദ്യപരിശോധനാ ഫലം പുറത്തുവന്ന ശേഷമായിരിക്കും വകുപ്പുകള്‍ അടക്കം ചുമത്തുന്നതില്‍ തീരുമാനമെടുക്കുക. വാഹനങ്ങള്‍ തമ്മിലടിച്ച സാഹചര്യവും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ അശ്വന്ത് കോക്ക് മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഓണ്‍ലൈന്‍ സിനിമാ നിരൂപകരില്‍ ഒരാളാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും സിനിമകളെക്കുറിച്ച് നടത്തുന്ന തുറന്നതും കടുപ്പമേറിയതുമായ വിമര്‍ശനങ്ങളിലൂടെയാണ് ഇയാള്‍ ജനശ്രദ്ധ നേടിയത്. അധ്യാപകന്‍ കൂടിയായ അശ്വന്ത്, വേറിട്ട സംഭാഷണ ശൈലി കൊണ്ടും തിയേറ്റര്‍ റിവ്യൂകള്‍ കൊണ്ടും സൈബര്‍ ഇടങ്ങളില്‍ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇയാളുടെ സിനിമ നവീകരണ വിമര്‍ശനങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.
സിനിമാ നിര്‍മാതാക്കള്‍ അടക്കം കോക്കിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ തന്റെ ശൈലിയില്‍ മാറ്റം വരുത്താതെ മുന്നോട്ടു പോകുകയാണ് കോക്ക്. സിനിമാ രംഗത്തു നിന്നടക്കം ശത്രുക്കള്‍ ധാരാളമുള്ള വ്യക്തിയാണ് കോക്ക്. കോക്കിന്റെ അപകട വാര്‍ത്ത പുറത്തുവന്നതോടെ ഇനി പോലീസ് സ്റ്റേഷന്റെ റിവ്യൂ ഉടന്‍ വരുമെന്ന വിധത്തിലാണ് സൈബറിടത്തില്‍ ട്രോളുകള്‍ പ്രചരിക്കുന്നത്.