എല്ലാ തൊഴിലിനും അതിന്റെതായ ഒരു പ്രാധാന്യവും മഹത്വവും ഉണ്ട്. ഒരു ജോലി ചെറിയതോ വലിയതോ എന്ന് നാം ചിന്തിക്കേണ്ടതില്ല. ഓരോ തൊഴിലിന്റെയും പിന്‍വശം കഠിനാധ്വാനവും ആത്മാര്‍ത്ഥതയും നിറഞ്ഞതാണ്. ഒരാള്‍ ചെയ്യുന്ന ജോലി അതനുസരിച്ച് മനുഷ്യരെയും സമൂഹത്തെയും സഹായിക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലിനോടുള്ള ബഹുമാനവും മാന്യതയും നിലനിര്‍ത്തേണ്ടത് നമുക്ക് അനിവാര്യമാണ്. 'തൊഴിലാണ് ദൈവം' എന്നത് ഒരു പഴഞ്ചൊല്ലാണ്, പക്ഷേ അതിന്റെ അര്‍ത്ഥം ഇന്നും വളരെ പ്രസക്തമാണ്. ഏതു ജോലി ചെയ്താലും അതില്‍ അഭിമാനത്തോടെ, ആത്മാര്‍ത്ഥതയോടെ മുന്നോട്ട് പോകുമ്പോഴാണ് ഒരാള്‍ വിജയത്തിലെത്തുന്നത്. ജോലി വലിയതാണോ ചെറിയതാണോ എന്നതല്ല പ്രധാനം, അതിനോടുള്ള സമീപനമാണ് അതിലുപരി. അത്തരത്തില്‍ തന്റെ ജോലിയെ ദൈവ തുല്യമായി കണ്ട ആളാണ് ഭാസ്‌കരന്‍.
മഴക്കാലം കൂലിപ്പണിക്കാര്‍ക്ക് വറുതിയുടെ കാലമാണ്. കെട്ടിട നിര്‍മാണ തൊഴിലാളികളായാല്‍ പ്രത്യേകിച്ചും. മഴക്കാലം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരതയെ തന്നെ കീഴ്‌മേല്‍ മറിക്കും. അങ്ങനെയൊളാണ് അടൂര്‍ മണക്കാല സ്വദേശി ഭാസ്‌കരന്‍. ഒരുദിവസം അവിചാരിതമായി സ്റ്റുഡിയോയില്‍ എത്തിയ ഭാസ്‌കരന്‍ കടയുടെ കാര്‍ഡ് കണ്ടു. ഇതോടെ തന്റെ പേരിലും കാര്‍ഡ് വേണമെന്ന ആഗ്രഹം മനോജിനോട് പറഞ്ഞു. ഇത്തരത്തില്‍ കാര്‍ഡ് ആളുകള്‍ക്ക് കൊടുത്താല്‍ മറക്കാതെ ജോലിക്ക് വിളിക്കുമായിരിക്കും എന്നൊരു ചോദ്യവും മനോജിനോട് ചോദിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഒരു പത്ത് കാര്‍ഡ് തനിക്കും അടിക്കാന്‍ ഭാസ്‌കരന്‍ പറഞ്ഞതോടെയാണ് കൂലിപ്പണിക്കാരന്‍ എന്ന കാര്‍ഡ് ഉണ്ടാകുന്നത്. പത്ത് കാര്‍ഡാണ് ഭാസ്‌കരന്‍ പറഞ്ഞതെങ്കിലും ഇരുപത് കാര്‍ഡ് മനോജ് ഭാസ്‌കരന് അടിച്ചുനല്‍കി. മനോജ് തന്നെയാണ് കാര്‍ഡ് ഡിസൈന്‍ ചെയ്തതും. ചൂരക്കോട് കുറ്റിയില്‍ ദേവീക്ഷേത്രം, ചാത്തന്നൂപ്പുഴ മഹാദേവര്‍ ക്ഷേത്രം എന്നിവിടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഇദ്ദേഹം. നിലവില്‍ പണിക്ക് കുറവില്ലെങ്കിലും കാര്‍ഡ് കണ്ട് കൂടുതല്‍ പേര്‍ വിളിച്ചാല്‍ പണിയില്ലാതെ ഇരിക്കുന്നവര്‍ക്ക് നല്‍കാമെന്ന തീരുമാനത്തിലാണ് ഭാസ്‌കരന്‍.
'കൂലിപ്പണിക്കാരന്‍' എന്ന് വച്ച് ഒരു വിസിറ്റിങ് കാര്‍ഡ് ഇറക്കി. ഇപ്പോള്‍ വിളിയോട് വിളിയും പണിയോട് പണിയുമാണ് ഭാസ്‌ക്കരന്. എല്ലാ ജോലികളും ഉത്തരവാദിത്തത്തോടെ ചെയ്തു നല്‍കുമെന്ന അടിക്കുറിപ്പോടെ ആണ് കാര്‍ഡ്. ഭാസ്‌കരന്റെ ചിത്രവും ഫോണ്‍ നമ്പറും വിലാസവും കാര്‍ഡില്‍ ഉണ്ട്. കാര്‍ഡ് അടിച്ച് വിതരണം ചെയ്തു തുടങ്ങിയ ശേഷം എന്നും ജോലിയുണ്ട്. നേരത്തെ ഫോണ്‍ നമ്പര്‍ കടലാസ്സില്‍ എഴുതിക്കൊടുത്തിരുന്നു. പക്ഷേ, പലരും അതു സൂക്ഷിച്ചു വയ്ക്കാറില്ല. അങ്ങനെയാണ് വിസിറ്റിങ് കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്യാം എന്ന ആശയത്തിലേക്ക് ഭാസ്‌കരന്‍ എത്തിയത്. എന്തായാലും ആ ഐഡിയ അങ്ങ് കേറി കൊളുത്തി. എല്ലാ ജോലിയും ഭാസ്‌കരന്‍ ചെയ്യും. പുല്ല് ചെത്തും, വിറക് കീറും, മരം വെട്ടും, കൃഷി പണി ചെയ്യും എന്ത് ജോലി തന്നാലും വൃത്തിയോടെ ഭാസ്‌കരന്‍ ചെയ്തുകൊടുക്കും. ആര് വിളിച്ചാലും ഭാസ്‌കരന്‍ ഓടിയെത്തും.
പത്തനംതിട്ട ജില്ലയിലെ അടൂര് സമീപം ചൂരക്കോട് എന്ന ചെറുഗ്രാമത്തിലാണ് ഭാസ്‌കരന്‍ താമസിക്കുന്നത്. ഏറെ ചെറുപ്പമായ പതിനഞ്ചാം വയസ്സുമുതല്‍ തന്നെ കൂലിപ്പണിയിലിറങ്ങി കുടുംബ ചെലവുകള്‍ ചുമന്ന ഒരാളാണ് ഭാസ്‌കരന്‍. ഇപ്പോള്‍ 51 വയസ്സായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി ജോലി കുറവായി വന്നതോടെ വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. അതിന് ഒരു പരിഹാരമായി തന്നെയാണ് ഭാസ്‌കരന്‍ ഒരു വിസിറ്റിങ് കാര്‍ഡ് അച്ചടിച്ച് അയല്‍ പ്രദേശങ്ങളിലെയും നാട്ടുകാരിലെയും കയ്യില്‍ കൊടുത്തത്. 'കൂലിപ്പണിക്കാരന്‍ ഭാസ്‌കരന്‍' എന്ന പേരിലായിരുന്നു ആ കാര്‍ഡ്. ഇത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ കാര്യങ്ങള്‍ മാറിത്തുടങ്ങി. ഇപ്പോള്‍ ഭാസ്‌കരന്‍ വീട്ടില്‍ ഇരിക്കാനുള്ള സമയം പോലും ഇല്ല. ഓരോ ദിവസവും ജോലി നിറഞ്ഞിരിക്കുന്നു. തിരക്കേറി. ഇടവേളയില്ലാതെ ഇങ്ങോട്ട് വിളിയും ചുമതലയും. ഇപ്പോഴത് കണ്ടവര്‍ ആകര്‍ഷിതരായി അയാളെ വിളിച്ച് ജോലിക്ക് വിളിക്കുന്നു. പലരും പുതിയതായി കാര്‍ഡ് അടിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
'ഒരു ദിവസം പോലും പണിക്കുപോയില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടാണ്. വീട്ടില്‍ വെറുതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അപ്പോഴൊരു ഭ്രാന്ത് പിടിച്ചുള്ള അവസ്ഥപോലെയാണ് തോന്നുക. അരി മേടിക്കേണ്ടേ? അതിനായാണ് ഞാന്‍ ഈ കാര്‍ഡ് അച്ചടിച്ചു എല്ലാവര്‍ക്കും കൊടുത്തത്', എന്നും ഭാസ്‌കരന്‍ പറയുന്നു. ഇപ്പഴത്തെ ജീവിതം സന്തോഷകരമാണ്. ദിവസേന ജോലി ലഭിക്കുന്നതിനൊപ്പം, നല്ല മനസ്സുള്ള ആളുകളുമായി ചേര്‍ന്ന് തൊഴില്‍ ചെയ്യാനും അവസരം ലഭിക്കുകയാണ്. ഭാസ്‌കരന്‍ വലിയ അഭിമാനത്തോടെയാണ് ഈ ഓരോ ദിവസവും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.