ജീവിതത്തില്‍ വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കണം എന്നത് പലരുടെയും സ്വപ്‌നമാണ്. എന്നാല്‍ അതിന് വേണ്ടിയുള്ള യാത്ര എളുപ്പമല്ല. പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കത്തില്‍ കഴിയുന്നവര്‍ക്കാണ് ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നത്. കുറവുകള്‍ നിറഞ്ഞ സാഹചര്യങ്ങളിലൂടെയും അനവധി ത്യാഗങ്ങളിലൂടെയും കടന്നുപോയിട്ട് മാത്രമേ അവര്‍ക്ക് വിജയത്തിന്റെ നെഞ്ചിലേറാന്‍ കഴിയൂ. എന്നാല്‍ ആകെയുള്ള പ്രതിസന്ധികള്‍ കൈകാര്യം ചെയ്യാന്‍ ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ എന്തും സാധ്യമാകും എന്നതാണ് പലരും ജീവിതത്തിലൂടെ നമ്മോട് പറഞ്ഞു തരുന്നത്. ഇവിടെ പറയുന്ന കഥയും അതുപോലെയായാണ്. വലിയ സ്വപ്‌നങ്ങളുമായി മുന്നോട്ടുപോയ ഒരു യുവാവിന്റെ ജീവിതത്തിലേക്ക് ആണ് പോകുന്നത്. ദാരിദ്ര്യത്തിന്റെയും ഉപേക്ഷിക്കപ്പെട്ടതിന്റെ അനുഭവങ്ങളുടെയും ഇടയില്‍ നിന്നും ആത്മവിശ്വാസവും ഉറച്ചനിശ്ചയവുമാണ് അദ്ദേഹത്തെ ഉയര്‍ത്തിയത്. അത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവര്‍ക്ക് അദ്ദേഹം ഒരു ആത്മവിശ്വാസം തന്നെയാണ്. മറ്റാരുമല്ല ചേതന്‍കുമാര്‍ മീണ. കോട്ടയത്തിന്റെ 50-ാം കളക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രതിസന്ധി നിറഞ്ഞ ജീവിതത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെട്ടതിന്റെ കഥയാണിത്.
സുവര്‍ണനഗരി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജയ്സല്‍മേറിലൂടെയാണ് ഈ അത്യന്തം പ്രചോദനമേകുന്ന പോരാട്ടകഥ ആരംഭിക്കുന്നത്. വെറും സ്വപ്നങ്ങളല്ല, അതിന് പിന്നിലുണ്ടായിരുന്ന വിശ്വാസവും കഠിനാധ്വാനവുമാണ് കഥയുടെ ആധാരം. ചേതന്റെ കൂടുംബം കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയത്. ജയ്സല്‍മേറിന്റെ അതിര്‍ത്തിപ്പ്രദേശത്താണ് ചേതന്‍കുമാര്‍ മീണയുടെ കുടുംബം താമസിച്ചിരുന്നത്. പഠനത്തിലും വ്യക്തിത്വവികസനത്തിലും മുന്‍നിരയില്‍ നിന്നെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലായിരുന്നു. പക്ഷേ പഠനത്തില്‍ മിടുക്കനായതുകൊണ്ട് തന്നെ അവനെ എങ്ങനെയും പഠിപ്പിക്കുന്നതിന് വേണ്ടി അവന്റെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടു.
ചേതന് ഐഐടിയില്‍ പ്രവേശനം നേടണമെന്നത് വലിയ ആഗ്രഹമായിരുന്നു. പക്ഷേ, പ്ലസ്ടു കഴിഞ്ഞ ശേഷം അതിന് ആവശ്യമായ കോച്ചിങ്ങ് നേടുന്നതിനുള്ള സാമ്പത്തിക ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. അതിനാല്‍ ആ ആഗ്രഹം താത്കാലികമായി വെറുതെ വിട്ടു. ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷം സിവില്‍ സര്‍വീസിലേക്ക് ലക്ഷ്യം തിരിയുമ്പോഴും അവന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നില്ല. പക്ഷേ മനസ്സില്‍ ഒരു ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. പഠനത്തിന് വേണ്ടിയുള്ള ചെലവുകള്‍ കണ്ടെത്തുന്നതിന് പകല്‍ മുഴുവന്‍ ജോലി ചെയ്തു. രാത്രിയില്‍ കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ചു. അമ്മ നല്‍കിയ സ്വര്‍ണമാല വിറ്റ് കണ്ടെത്തിയ പണം പഠനത്തിന് സഹായകമായി.
അവസാനം ആദ്യം ശ്രമത്തില്‍ തന്നെ ചേതന്‍ മീണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 594-ാമത്തെ റാങ്ക് കരസ്ഥമാക്കി. പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പിതാവിന് മാരകരോഗമാണെന്ന വാര്‍ത്ത അറിയുന്നത്. അതിന്റെ സമ്മര്‍ദത്തിലാണ് പരീക്ഷയെഴുതിയത്. എന്നിട്ടും ലിസ്റ്റില്‍ ഇടം കണ്ടെത്തി. ഐഎഎസ് കിട്ടുമെന്ന് ഉറപ്പായി. ആ വാര്‍ത്തയറിഞ്ഞ് സന്തോഷമായെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പിതാവ് വിട പറഞ്ഞു. ചേതനെ കാണുമ്പോഴെല്ലാം നീ ഒന്നുമല്ല, പഠിച്ചാല്‍ ഒരു കാര്യവുമില്ലെന്നു ജാതീയ അധിക്ഷേപം ചൊരിഞ്ഞയാളെ സിവില്‍ സര്‍വീസ് നേടിയശേഷം ചേതന്‍ കണ്ടെത്തി. കൈകള്‍ വിടര്‍ത്തി കെട്ടിപ്പിടിച്ചു, കാലില്‍ തൊട്ടു വന്ദിച്ചു. അതായിരുന്നു ചേതന്റെ മധുരപ്രതികാരം !. ചേതന് സമൂഹമാധ്യമങ്ങളില്‍ ഒരു ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. ബഞ്ജി ജംപിങ്ങും അടക്കം സാഹസിക പ്രവര്‍ത്തനങ്ങളും യാത്രയുമാണ് ഇഷ്ടമേഖല. ഡല്‍ഹി കേരള ഹൗസില്‍ അഡീഷനല്‍ റസിഡന്റ് കമ്മിഷണറുടെ ചുമതലയില്‍നിന്നാണ് കോട്ടയത്തേക്ക് എത്തുന്നത്. ഡോ.ശാലിനി മീണയാണു ജീവിതപങ്കാളി.
പാലക്കാട് ജില്ലയിലായിരുന്നു അദ്ദേഹത്തിന്റെ ട്രെയിനിങ് ഒക്കെ. പിന്നീട് കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും പ്രവര്‍ത്തിച്ചു. അവിടെനിന്നാണ് ഡല്‍ഹിയിലേക്കു പോയത്. മറ്റൊരു മാസ് കഥ കൂടി ഉണ്ട് ചേതന്‍കുമാറിന്റെ ജീവിതത്തില്‍. 2018 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ചേതന്‍ കുമാര്‍ മീണ രാജസ്ഥാന്‍ സ്വദേശിയാണ്. ഗൈനക്കോളജിസ്റ്റ് ഡോ. ശാലിനി മീണയാണ് ഭാര്യ. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇവാക്വേഷേന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏകോപിപ്പിച്ചതു ചേതന്‍ കുമാര്‍ മീണ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്.
2023 മുതല്‍ കേരള ഹൗസിന്റെ അഡിഷണല്‍ റസിഡന്റ് കമ്മീഷണറാണ് ചേതന്‍ കുമാര്‍. ഒറ്റപ്പാലം അസി. കലക്ടറായിരുന്നു. 2022ല്‍ സബ് കലക്ടറായിരുന്ന ചേതന്‍ കുമാര്‍ കേരള കര്‍ഷക സംഘം ചാത്തന്നൂര്‍ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചിറക്കര ഏലായില്‍ നിരോധന ഉത്തരവ് ലംഘിച്ച് നടത്താന്‍ ശ്രമിച്ച മരമടി മത്സരം ചേതന്‍ കുമാര്‍ മീണ മുട്ടോളം ചെളിയില്‍ ഇറങ്ങി തടഞ്ഞത്
വലിയ വാര്‍ത്തയായിരുന്നു. മത്സരം രഹസ്യമായി നടത്തുവാന്‍ സംഘാടകര്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചിറക്കര ഏലായില്‍ എത്തുകയായിരുന്നു.
മരമടിക്കായി കരയുടെ വിവിധ ഭാഗങ്ങളില്‍ കാളകളെയും മറ്റും നേരത്തെ തന്നെ എത്തിച്ചിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചേതന്‍ കുമാര്‍ വ്യക്തമാക്കി. ഇതിനിടെ നിലം ഉഴാന്‍ എന്ന പേരില്‍ ചിറക്കര ക്ഷേത്രത്തിനു സമീപത്ത് നിന്നു പ്രകടനമായി കാളകളെ ഏലായിലേക്ക് എത്തിച്ചു. മത്സരത്തിനായി പൂട്ടി പതം വരുത്തിയ കണ്ടത്തില്‍ പത്തോളം ജോഡി കാളകളെ ഇറക്കിയെങ്കിലും ചേതന്‍ കുമാര്‍ മീണ മുട്ടോളം ചെളിയിലൂടെ കാളകളുടെ മുന്നില്‍ എത്തി തടയുകയായിരുന്നു.