വ്യത്യസ്തങ്ങളായ വിഭവങ്ങളും വേറിട്ട അവതരണശൈലിയുമായി മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പ്രമുഖ ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുറ്റിപ്പാറ. യൂട്യൂബ് വിജയത്തിന് പിന്നാലെ ചെറുകിട സംരംഭങ്ങളിലേക്കും ചുവടുവെച്ച ഫിറോസ്, തനിക്ക് യൂട്യൂബില്‍ നിന്ന് ലഭിച്ച വരുമാനത്തെക്കുറിച്ചും ആദായനികുതി വകുപ്പ് നടത്തിയ ചോദ്യം ചെയ്യലിനെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്. സഹവ്‌ലോഗറായ സുജിത് ഭക്തന്റെ പോഡ്കാസ്റ്റിലാണ് ഫിറോസ് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
യൂട്യൂബില്‍ നിന്ന് വന്‍തുക വരുമാനമായി ലഭിച്ചു തുടങ്ങിയതോടെ ബാങ്കിനെ സമീപിച്ച് സ്വയം മുന്‍കൈയെടുത്ത് ആദായനികുതി അടയ്ക്കാന്‍ തയ്യാറാവുകയായിരുന്നുവെന്ന് ഫിറോസ് വ്യക്തമാക്കി. പ്രതീക്ഷിച്ചതിലും വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ബാങ്ക് മാനേജരോട് നികുതി അടയ്ക്കാനുള്ള വഴി ആരായുകയായിരുന്നു. ബാങ്ക് അധികൃതര്‍ ഏര്‍പ്പാടാക്കി നല്‍കിയ ഓഡിറ്റര്‍ മുഖേന അന്നുതൊട്ട് കൃത്യമായി നികുതി അടച്ചുപോന്നു. അധികൃതര്‍ ഇങ്ങോട്ട് അന്വേഷിച്ചു വരുന്ന അവസ്ഥ ഒഴിവാക്കാനും സ്വന്തം ഭാഗം പൂര്‍ണ്ണമായും സുതാര്യമാക്കാനുമാണ് താന്‍ അന്ന് ബാങ്കിലേക്ക് പോയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റുള്ള പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്ന സമയത്ത് താന്‍ ഡല്‍ഹിയിലായിരുന്നുവെന്ന് ഫിറോസ് ഓര്‍ത്തെടുത്തു. സ്വന്തം വീട്ടില്‍ പരിശോധനയില്ലേ എന്ന് സുഹൃത്തുക്കള്‍ വിളിച്ചു ചോദിച്ച സാഹചര്യമുണ്ടായി. എന്നാല്‍ അതിനുമുമ്പ് തന്നെ രണ്ടുതവണ കൃത്യമായി നികുതി അടച്ചതുകൊണ്ട് തനിക്ക് ഭയപ്പെടേണ്ടി വന്നില്ല. തുടര്‍ന്ന് ആദായനികുതി വകുപ്പില്‍ നിന്ന് ഔദ്യോഗിക നോട്ടീസ് വരികയും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
ഓഡിറ്റര്‍ക്കൊപ്പം ഐടി ഓഫീസിലെത്തിയ തന്നോട് വരുമാന സ്രോതസ്സുകളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ വിശദമായി ചോദിച്ചറിഞ്ഞു. യൂട്യൂബില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ലഭിക്കുന്ന തുകയാണ് വരുമാനമെന്ന് വ്യക്തമാക്കിയതിനൊപ്പം, വരുമാനം കൂടിയപ്പോള്‍ സ്വയം മുന്‍കൈയെടുത്ത് നികുതി അടയ്ക്കാന്‍ മുന്നോട്ടുവന്ന കാര്യവും ബോധിപ്പിച്ചു. അരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കാര്യങ്ങള്‍ സത്യസന്ധമാണെന്ന് ബോധ്യപ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ തന്നെ സന്തോഷത്തോടെ യാത്രയാക്കുകയായിരുന്നുവെന്ന് ഫിറോസ് പറഞ്ഞു.
യൂട്യൂബില്‍ നിന്നുള്ള തന്റെ തുടക്കകാല വരുമാനത്തെക്കുറിച്ചും ഫിറോസ് അഭിമുഖത്തില്‍ പങ്കുവെച്ചു. സ്വന്തമായി ശബ്ദം നല്‍കി സ്ലൈഡ് വീഡിയോകളിലൂടെയായിരുന്നു തുടക്കം. ആദ്യമൊക്കെ വ്യൂസ് കുറവായിരുന്നെങ്കിലും തുടര്‍ച്ചയായി വീഡിയോകള്‍ ചെയ്തതോടെ ആദ്യമാസം എണ്ണായിരം രൂപയോളം വരുമാനം ലഭിച്ചു. തൊട്ടടുത്ത മാസം അത് നാല്‍പ്പതിനായിരമായും പിന്നീട് അമ്പതിനായിരമായും ഉയരുകയായിരുന്നു എന്ന് ഫിറോസ് ചുറ്റിപ്പാറ വ്യക്തമാക്കി.