സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും കൂടി കൊണ്ടിരിക്കുകയാണ്. ഇന്ന് വാങ്ങാന്‍ പോകുന്ന സ്വര്‍ണം നാളെയാകുമ്പോള്‍ അതിനേക്കാള്‍ കൂടിയ വിലയ്ക്കായിരിക്കും. അതുകൊണ്ടുതന്നെ, നമ്മുടെ കൈവശമുള്ള സ്വര്‍ണം നഷ്ടപ്പെടുമെന്ന കാര്യം ചിന്തിക്കാനും പോലും കഴിയാത്തതാണ്. സാധാരണയായി, ഒരുപാട് വര്‍ഷങ്ങളുടെ കഷ്ടപ്പാടും പരിശ്രമവും കഴിഞ്ഞാണ് നമ്മള്‍ ചെറിയ തോതില്‍ പോലും സ്വര്‍ണം വാങ്ങുന്നത്. കുടുംബത്തിനായി സുരക്ഷയായി സൂക്ഷിക്കുന്നതിനും, വിവാഹം പോലെയുള്ള പ്രത്യേക അവസരങ്ങളില്‍ ഉപയോഗിക്കുന്നതിനുമായി വലിയ തുക ചെലവഴിച്ചാണ് അത് സ്വന്തമാക്കുന്നത്. അങ്ങനെ വിലയേറിയ ആഭരണങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, അതിന് സാമ്പത്തിക നഷ്ടമത്രമല്ല, മനസ്സില്‍ വലിയൊരു വേദനയും നഷ്ടബോധവുമാണ് ഉണ്ടാകുന്നത്. അത്തരത്തില്‍ കല്ല്യാണ വീട്ടില്‍ നിന്നും പത്ത് പവന്റെ സ്വര്‍ണം മോഷ്ണം പോയ കഥയാണ് ഇത്. പിന്നീട് ആ സ്വര്‍ണം തിരികെ കിട്ടിയത് ബന്ധുവായ സ്ത്രീയില്‍ നിന്നാണ്.
ഭരതന്നൂരില്‍ നടന്ന 10 പവന്‍ സ്വര്‍ണാഭരണ മോഷണക്കേസില്‍, ഒടുവില്‍ പൊലീസ് അടുത്ത ബന്ധുവായ യുവതിയെ അറസ്റ്റു ചെയ്തു. രണ്ട് മാസം നീണ്ട അന്വേഷണത്തിനുശേഷമാണ് സംഭവം വെളിച്ചത്തു വന്നത്. നിഖില്‍ ഭവനില്‍ താമസിക്കുന്ന 33 കാരിയായ നീതുവാണ് പിടിയിലായത്. സംഭവം നടന്നത് കഴിഞ്ഞ ജൂണിലായിരുന്നു. ഭരതന്നൂര്‍ കാവുവിളയിലെ വീട്ടിലാണ് ആഭരണങ്ങള്‍ കാണാതായത്. വീട്ടില്‍ വിവാഹം കഴിച്ചെത്തിയ യുവതിയുടെ നെക്ലസും മറ്റു ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. കുടുംബം ഏറെ സ്‌നേഹത്തോടെയും വിശ്വാസത്തോടെയും സ്വീകരിച്ച ബന്ധുവില്‍ നിന്നാണ് ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടായതെന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.
ജൂണില്‍ ഏകദേശം 25 ദിവസം നീളുന്ന കാലയളവില്‍ യുവതി ഭര്‍ത്താവിന്റെ നഗരൂര്‍ വീട്ടിലേക്ക് പോയിരുന്നു. ആ സമയത്ത് ഭരതന്നൂര്‍ വീട്ടില്‍ മുത്തശ്ശിയടക്കമുള്ള കുടുംബാംഗങ്ങള്‍ എല്ലാം താമസിച്ചുകൊണ്ടിരുന്നതിനാല്‍ ആര്‍ക്കും വലിയ സംശയങ്ങള്‍ ഒന്നും ഇല്ലായിരുന്നു. എന്നാല്‍ യുവതി തിരിച്ചെത്തിയപ്പോഴാണ് വലിയൊരു പ്രശ്നം കുടുംബത്തിന്റെ ശ്രദ്ധയില്‍പെട്ടത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതെ ആയിരിക്കുന്നു. ആദ്യം ആഭരണങ്ങള്‍ എവിടെയെങ്കിലും മാറ്റിവെച്ചതാണോ എന്ന് അന്വേഷിച്ചെങ്കിലും, പിന്നീട് മോഷണം സംഭവിച്ചെന്നുറപ്പായി. ഇതിനെ തുടര്‍ന്ന് കുടുംബം ഏറെ ആശങ്കയിലായി. ഒടുവില്‍ ഓഗസ്റ്റ് 8-നാണ് പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷിക്കുന്നതിനിടെ മറ്റൊരു പഴയ സംഭവവും വെളിച്ചത്തു വന്നു. ഇതിനുമുമ്പ് ഇതേ വീട്ടില്‍ നിന്ന് വീട്ടമ്മയുടെ വളയും മോതിരവും കാണാതായിരുന്നുവത്രേ. അന്ന് ആഭരണങ്ങള്‍ വീട്ടില്‍ നിന്നല്ലാതെ മറ്റെവിടെയെങ്കിലും നഷ്ടമായിരിക്കുമെന്ന് കരുതി പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ നോക്കിയാല്‍ അത് മോഷണമായിരുന്നുവെന്ന് വ്യക്തമായി.
ഇതിനിടയില്‍ നീതുവിന്റെ ആര്‍ഭാട ജീവിതത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതു സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് 3 തവണ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും കുറ്റം സമ്മതിച്ചില്ല. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് പ്രതി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു. പിന്നീട് ഇവിടെ എത്തി പണയത്തിലുള്ള ആഭരണങ്ങള്‍ വിറ്റു. ഈ സമയം പണയ സ്ഥാപനത്തിലെ ജീവനക്കാര്‍ ആഭരണങ്ങളുടെ ചിത്രം എടുക്കുകയും യുവതിയുടെ ഇടപെടലില്‍ സംശയം തോന്നിയതിനാല്‍ ചിത്രം പൊലീസിനു കൈമാറുകയും ചെയ്തു. ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.
തന്റെ ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം കഴിഞ്ഞ ദിവസം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പരിഹാരത്തിനായി ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് പൊലീസ് തെളിവുകള്‍ നിരത്തി യുവതിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.