സിനിമയുടെ പ്രൊമോഷന് നല്‍കിയ പണം തട്ടിപ്പ് നടത്തിയെന്നാരോപിച്ച് കെജിഎഫ് താരം യാഷിന്റെ അമ്മ പ്രമോട്ടര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു. സിനിമാ പ്രൊമോട്ടര്‍ ഹരീഷ് അരസുവും കൂട്ടാളികളും വന്‍തോതിലുള്ള വഞ്ചന, ഫണ്ട് ദുരുപയോഗം, ക്രിമിനല്‍ ഭീഷണി എന്നിവ നടത്തിയെന്ന് ആരോപിച്ചാണ് പുഷ്പലത പരാതി നല്‍കിയിരിക്കുന്നത്.
കൊത്തലവാടി എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി സിനിമാ മേഖലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് കന്നഡ നടന്‍ യാഷിന്റെ അമ്മ പുഷ്പലത . 2025 മെയ് 24 നും ജൂലൈ പകുതിക്കും ഇടയില്‍ തലക്കാട്, ഗുണ്ടല്‍പേട്ട്, മൈസൂരു, ചാമരാജനഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചിത്രീകരിച്ച തന്റെ ചിത്രത്തിന്റെ പ്രൊമോഷന്‍ ചെയ്യാന്‍ ഹരീഷിനെ ഏല്‍പ്പിച്ചതായി പുഷ്പ എഫ്ഐആറില്‍ പറയുന്നു. ഇരു കക്ഷികളും 23 ലക്ഷം രൂപ പ്രൊമോഷന്‍ ഫീസായി സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്.
2025 മെയ് 18 ന് ഹരീഷിന് 10 ലക്ഷം രൂപയും തുടര്‍ന്ന് മെയ് 21 ന് 5 ലക്ഷം രൂപയും വാങ്ങിയതായും, പിന്നീട് സിനിമയുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് വിവിധ ചാനലുകള്‍ വഴി 24 ലക്ഷം രൂപ കൂടി ഹരീഷ് കൈപ്പറ്റിയതായി പുഷ്പ അവകാശപ്പെടുന്നു. പ്രിന്റ് മീഡിയ പരസ്യത്തിനായി ജൂലൈ 31 ന് 4 ലക്ഷം രൂപയും മൊത്തം ഹരീഷ് തന്നില്‍ നിന്ന് 64,87,700 രൂപ കൈപ്പറ്റിയതായി പുഷ്പ പരാതിയില്‍ പറഞ്ഞു.
ഇതൊക്കെയാണെങ്കിലും, 2025 ഓഗസ്റ്റ് 1 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിന് ഒരു പ്രമോഷനും നടത്തിയില്ലെന്ന് പുഷ്പ പറയുന്നു. ചോദ്യം ചെയ്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നും വീട്ടില്‍ വന്ന് കുഴപ്പമുണ്ടാക്കുമെന്നും ഹരീഷ് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു. ഹരീഷിന്റെ സ്വാധീനത്താല്‍ നടന്മാരായ മഹേഷ് ഗുരുവും സ്വര്‍ണ്ണലതയും ഓണ്‍ലൈനില്‍ തന്നെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നും ഇത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിവച്ചെന്നും പരാതിയില്‍ പറയുന്നു.