ബിജെപി യുവ നേതാവും നിയമസഭാ തിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. ബിഗ് ബോസ് താരവും കണ്ടെന്റ് ക്രിയേറ്ററുമായ വേദ് ലക്ഷ്മിക്ക് പുറമേ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവും റോബിനെതിരെ പുതിയ വെളിപ്പെടുത്തലുകളും പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
പണം തിരികെ ചോദിച്ചപ്പോള്‍ ബിജെപി ബന്ധം ചൂണ്ടിക്കാട്ടിയും ഹണി ട്രാപ്പില്‍ കുരുക്കുമെന്ന് പറഞ്ഞും റോബിന്‍ ഭീഷണിപ്പെടുത്തിയതായി വേദ് ലക്ഷ്മി ആരോപിക്കുന്നു. സൗഹൃദത്തിന്റെ പേരില്‍ പലപ്പോഴായി വാങ്ങിയ തുക ചോദിച്ചപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞതായും ഇവര്‍ വ്യക്തമാക്കുന്നു. ഇതിനിടെ തനിക്ക് മാത്രം 45 ലക്ഷം രൂപയോളം റോബിന്‍ കാരണം നഷ്ടമായെന്നാണ് ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവ് വെളിപ്പെടുത്തിയിരിക്കുന്നത്.
ചെറിയ തുകകള്‍ ആദ്യം കടം വാങ്ങി കൃത്യസമയത്ത് തിരികെ നല്‍കി വിശ്വാസ്യത നേടിയെടുക്കുകയാണ് റോബിന്റെ രീതി എന്ന് ഇരുവരും ആരോപിക്കുന്നു. പിന്നീട് സൗഹൃദം തടസ്സമാക്കി പലപ്പോഴായി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കും. എന്നാല്‍ തുക തിരികെ ചോദിക്കുമ്പോള്‍ ഭീഷണിയും അസഭ്യവര്‍ഷവുമാണ് നേരിടേണ്ടി വരുന്നത്. റോബിന്‍ പണം വാങ്ങിയെന്നും അത് തിരികെ നല്‍കാന്‍ ബാധ്യസ്ഥനാണെന്നും സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങളും തെളിവുകളായി ഇവരുടെ പക്കലുണ്ട്.
സാമ്പത്തിക തിരിമറിക്ക് പുറമേ, റോബിന്‍ ബിജെപിയില്‍ ചേര്‍ന്നത് കേവലം സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചാണെന്ന് സൂചിപ്പിക്കുന്ന നിര്‍ണ്ണായക ശബ്ദരേഖയും വാട്സാപ്പ് ചാറ്റുകളും വേദ് ലക്ഷ്മി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. ബിജെപിക്കാര്‍ വര്‍ഗീയവാദികളാണെന്ന് റോബിന്‍ പറയുന്ന വിവരങ്ങളാണ് പുറത്തുവന്ന ഓഡിയോയിലുള്ളത്. 'ബിജെപിക്കാരുടെ തത്വങ്ങളോ ആശയങ്ങളോ എനിക്കറിയില്ല, അവര്‍ പറയുന്നതില്‍ അധികവും വര്‍ഗീയവാദമാണ്. എന്നാല്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായാല്‍ ആരെങ്കിലും ചോദ്യം ചോദിച്ചാല്‍ ഒരു രാഷ്ട്രീയക്കാരനെപ്പോലെ മറുപടി നല്‍കും,' എന്ന് റോബിന്‍ പറയുന്ന ചാറ്റുകളും ശബ്ദരേഖയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് റോബിന്‍ രാധാകൃഷ്ണന്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വേദ് ലക്ഷ്മിക്കെതിരെ പരാതി നല്‍കി. റോബിന്റെ പരാതിയില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ പോലീസ് വേദ് ലക്ഷ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍ റോബിന്റെ നിയമനടപടികള്‍ക്കും വെല്ലുവിളികള്‍ക്കും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ശക്തമായ ഭാഷയിലാണ് വേദ് ലക്ഷ്മി മറുപടി നല്‍കിയത്. 'തിങ്കളാഴ്ച സ്റ്റേഷനില്‍ ഹാജരാകാനാണ് റോബിന്റെ നിര്‍ദ്ദേശം.
എനിക്ക് ജോലിയുള്ളതിനാല്‍ വിളിച്ച ഉടന്‍ വരാന്‍ സാധിക്കില്ല. നിന്നെപ്പോലെ ഞാന്‍ വെറുതെയിരിക്കുകയല്ല. കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടവരെ ധരിപ്പിച്ചിട്ടുണ്ട്. സൗകര്യമുള്ള സമയത്ത് പോലീസിന് മുന്നില്‍ വന്ന് കാര്യങ്ങള്‍ വിശദീകരിക്കും,' വേദ് ലക്ഷ്മി പറഞ്ഞു. തന്റേത് കേവലം ഒരു ചെറിയ തുടക്കം മാത്രമാണെന്നും ഇനി വരാനിരിക്കുന്ന കാര്യങ്ങളെ നേരിടാന്‍ റോബിന്‍ തയ്യാറായിക്കൊള്ളണമെന്നും വേദ് ലക്ഷ്മി മുന്നറിയിപ്പ് നല്‍കി. 'ഒരു ചെറിയ ഓലപ്പടക്കം കണ്ടപ്പോള്‍ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്, അപ്പോള്‍ തൃശൂര്‍ പൂരം വരുമ്പോള്‍ എന്താകും അവസ്ഥ? പണം കൊടുത്തുവിട്ട സൈബര്‍ കൊട്ടേഷന്‍ നിനക്ക് തന്നെ തിരിച്ചുകിട്ടി. ആടുകളെ തമ്മില്‍ തല്ലിച്ച് ചോരകുടിക്കാന്‍ നോക്കിയ കുറുക്കന്റെ കഥയാണ് ഓര്‍മ്മ വരുന്നത്,' ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ആളുകളില്‍ നിന്ന് കൈപ്പറ്റിയ തുക പൂര്‍ണ്ണമായും തിരികെ നല്‍കിയ ശേഷമേ റോബിന്‍ സംസാരിക്കാവൂ എന്നും, ഈ വിഷയത്തില്‍ നിന്ന് ഇനി റോബിന് എളുപ്പത്തില്‍ ഊരിപ്പോകാന്‍ കഴിയില്ലെന്നും വേദ് ലക്ഷ്മി ഉറപ്പിച്ചു പറയുന്നു. തനിക്ക് നല്‍കാനുള്ള പണം തിരികെ കിട്ടും വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് പരാതിക്കാര്‍. റോബിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും മൊഴി നല്‍കാന്‍ പോലും അദ്ദേഹം ഹാജരായില്ലെന്നും വേദ് ലക്ഷ്മിയും അഭില്‍ദേവും ആരോപിക്കുന്നു.