ജൂലൈ 16 ലേക്ക് ഒരാഴ്ചയുടെ മാത്രം അകലം. യെമനില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചെന്ന വാര്‍ത്ത മനുഷ്യ സ്നേഹികളായ മുഴുവന്‍ പേരുടെയും മനസ്സിനെ മരവിപ്പിക്കുന്നുണ്ട്. നിമിഷയുടെ അഭിഭാഷകന്‍ അറിയിച്ചതിനു ബാക്കിയായി ഒരു തുടര്‍ വാര്‍ത്ത കേള്‍ക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ഏവരും. വധശിക്ഷക്കായി കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ ജീവിതത്തില്‍ നടന്ന ആ സത്യം അവള്‍ അനുഭവിച്ച വഞ്ചനയും ദുരനുഭവങ്ങളും വീണ്ടും അറിയേണ്ടതുണ്ട്. കാരണം നിമിഷയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ആ വഞ്ചനയും ദുരനുഭവവുമാണ്.
പാലക്കാട് കൊല്ലങ്കോടാണ് നിമിഷയുടെ വീട്. ഭര്‍ത്താവ് ടോമിയുടെ വിവാഹ ആലേചന വരുമ്പോള്‍ യെമനില്‍ നഴ്‌സായിരുന്നു നിമിഷ. ടോമി ഖത്തറില്‍ ഡ്രൈവറും. കല്ല്യാണത്തിന് ശേഷം ടോമി നിമിഷയ്‌ക്കൊപ്പം യെമനിലേക്ക് പോയി. അവിടെ വച്ചാണ് മിഷേല്‍ ഉണ്ടാകുന്നത്. മോളെ നോക്കുന്നതിന് വേണ്ടി ടോമി ജോലി വേണ്ടാന്നു വച്ചു. അന്ന് നിമിഷ ജോലി ചെയ്തിരുന്നത് ഒരു ക്ലിനിക്കിലായിരുന്നു. സാമ്പത്തികമായും ബുദ്ധിമുട്ടി. അങ്ങനെയാണ് മകളെ കൂട്ടി ടോമി നാട്ടിലേക്ക് എത്തുന്നത്. നിമിഷയ്ക്ക് വര്‍ക്ക് എക്‌സ്പീരയന്‍സ് കിട്ടിയ ശേഷം വേറെ രാജ്യത്തേക്ക് മാറാം എന്നായിരുന്നു തീരുമാനം. അങ്ങനെ ടോമി നാട്ടിലേക്ക് പോന്നു. എന്നും വിളിക്കുമായിരുന്ന നിമിഷ ഒരു ദിവസം വിളിച്ചപ്പോഴാണ് ക്ലിനിക്ക് തുടങ്ങുന്നതിനെ പറ്റി പറയുന്നത്. പൈസ ഇല്ലാതെ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ശ്രമിക്കാം എന്നായിരുന്നു നിമിഷയുടെ മറുപടി. അങ്ങനെ പൈസ കടം ചോദിച്ചു. എല്ലാവരും തരാം എന്നും പറഞ്ഞു.
അവിടെ ക്ലിനിക്ക് തുടങ്ങാന്‍ അവിടെ ഉള്ള ആളുടെ ലൈസന്‍സ് വേണം. അങ്ങനെ ഒരാളെ കിട്ടിയെന്ന് പറഞ്ഞാണ് നിമിഷ പിന്നീട് ടോമിയെ വിളിക്കുന്നത്. തലാല്‍ അബ്ദുള്‍ മഹ്ദി എന്നായിരുന്നു അയാളുടെ പേര്. അയാളുടെ കുടുംബത്തിന്റെ ചികിത്സയ്ക്ക് നിമിഷ നില്‍ക്കുന്ന ക്ലിനിക്കല്‍ എത്തിയാണ് പരിചയപ്പെട്ടത്. അന്വേഷിച്ചപ്പോള്‍ നല്ല വ്യക്തിയും. അദ്ദേഹം ലൈസന്‍സ് എടുത്ത് തരാം എന്നും പറഞ്ഞു. ലൈസന്‍സിന്റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയ ശേഷം നിമിഷ നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. അപ്പോള്‍ അയാള്‍ക്കും കേരളം കാണണം എന്ന് പറഞ്ഞു. ജനുവരിയില്‍ അവര്‍ വീട്ടില്‍ വന്നു. കേരളം മുഴുവന്‍ കാണിച്ചു. അന്ന് ചിലവായത് രണ്ട് ലക്ഷത്തോളം രൂപയാണ്. അടുത്തറിഞ്ഞപ്പോള്‍ ടോമിയും വിശ്വസിച്ചു അയാളെ.
ഏപ്രിലില്‍ ക്ലിനിക്ക് തുടങ്ങാനായിരുന്നു തീരുമാനം. മാര്‍ച്ചില്‍ മകളെയും കൂട്ടി ടോമി പോകാനും പ്ലാന്‍ ഇട്ടു. പക്ഷേ യെമനില്‍ അപ്രതീക്ഷിതമായി വന്ന യുദ്ധം ടോമിയുടെയും മകളുടെയും യാത്ര പോക്കിന് അവസാനം കുറിച്ചു. അവിടെ നിന്ന് തുടങ്ങി കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍. ക്ലിനിക്ക് തുടങ്ങിയശേഷം ഗവണ്‍മെന്റിന്റെ ഇന്‍സ്‌പെക്ഷന്‍ ഉണ്ടാകുമെന്നതുകൊണ്ട് ആറുമാസം തലാലിനെ ശമ്പളത്തോടു കൂടി അവിടെ നിയമിച്ചിരുന്നു. ഇതിനിടെ, മുന്‍പു ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ നിമിഷയ്‌ക്കെതിരെ പ്രശ്‌നമുണ്ടാക്കി. ഇവള്‍ പോന്നാല്‍ അവിടെ രോഗികള്‍ കുറയുമെന്നു പറഞ്ഞു. പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായി 33 ശതമാനം അയാള്‍ക്കും ബാക്കി ഞങ്ങളുടെ പേരിലുമായി എഗ്രിമെന്റ് എഴുതാന്‍ തീരുമാനിച്ചു. തലാലിനെയാണ് അതിനു നിയോഗിച്ചത്. പക്ഷേ, 67 ശതമാനം അയാള്‍ സ്വന്തം പേരിലെഴുതി. ഒരു പ്രശ്‌നമാക്കണ്ട എന്ന് കരുതി ചോദിക്കാനും നിന്നില്ല.
ക്ലിനിക്കിലേക്കാവശ്യമായ മരുന്നുകള്‍ വാങ്ങാന്‍ കൊടുക്കുന്ന പണവും അയാള്‍ ചെലവാക്കി തുടങ്ങി. അത് ചോദ്യം ചെയ്തതോടെ ക്ലിനിക്കിന്റെ വരുമാനത്തില്‍ നിന്നു വലിയൊരു തുക എടുക്കാന്‍ തുടങ്ങി. എതിര്‍ത്തിട്ടും കാര്യമില്ലാതായപ്പോള്‍, ഇനി പണം തലാലിനു കൊടുക്കരുതെന്നു ഓഫിസ് സ്റ്റാഫിനു നിര്‍ദേശം കൊടുത്തു. അപ്പോഴാണവര്‍ പറയുന്നത്. 'നിന്റെ ഭര്‍ത്താവല്ലേ അത്. അയാള്‍ പണമെടുത്താല്‍ എന്താ കുഴപ്പം!' നിമിഷ ശരിക്കും പകച്ചു പോയി. അവരൊരുമിച്ചു നില്‍ക്കുന്ന പല ഫോട്ടോകളും തലാല്‍ അവരെ കാണിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ വന്നപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നു അത്. ഇയാള്‍ ആരും അല്ല എന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല. പിന്നീട് ഉപദ്രവിക്കാനും തുടങ്ങി. നിമിഷ കേസ് കൊടുത്തു. എന്നാല്‍ അയാള്‍ കള്ള മാര്യേജ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. നിമിഷ വിളിക്കുന്നത് കുറഞ്ഞതോടെ ചോദിച്ചപ്പോഴാണ് സത്യം ടോമിയും അറിയുന്നത്. അവിടുത്തെ സ്റ്റാഫന് പക്ഷേ അപ്പോഴെക്കും കാര്യം മനസ്സിലായി തുടങ്ങി.
വിവാഹമോചനത്തിന് കേസ് കൊടുത്തിട്ടും അയള്‍ ഒപ്പിട്ടില്ല. പാസ്‌പോര്‍ട്ട് എല്ലാം വാങ്ങി വെക്കുകയും ചെയ്തു. തലാല്‍ ജയിലില്‍ കിടക്കുന്ന സമയത്തെല്ലാം അവിടെ പോയി പാസ്‌പോര്‍ട്ട് തിരികെ തരാന്‍ കരഞ്ഞു പറയാറുണ്ടായിരുന്നു നിമിഷ. ഇതുകണ്ട് അവിടത്തെ ജയില്‍ വാര്‍ഡനു നിമിഷയുടെ അവസ്ഥ മനസ്സിലായി. ഇങ്ങനെ പോയാല്‍ തലാല്‍ നിന്നെ കൊല്ലുമെന്നു അയാളുറപ്പിച്ചു പറഞ്ഞു. 'ഇനി ജയിലില്‍ നിന്നിറങ്ങുമ്പോള്‍ എങ്ങനെയെങ്കിലും അനസ്‌തേഷ്യ കൊടുത്ത് മയക്കികിടത്തൂ. ഞാന്‍ വന്നു അവനെ എടുത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹമോചന രേഖയില്‍ ഒപ്പിടീക്കാം. പാസ്‌പോര്‍ട്ടും തിരികെ വാങ്ങാം.' ജയില്‍ വാര്‍ഡന്‍ പറഞ്ഞു. ഹാനാനും പ്രോത്സാഹിപ്പിച്ചു. മരുന്ന് കുത്തിവെച്ചിട്ടും മയങ്ങിയില്ല. പിന്നീട് ഒരു ഡോസ് കൂടി കൊടുത്തു. അത് മൂലം അയാള്‍ മരിച്ചു. മൃതദേഹം തനിച്ചു മാറ്റാന്‍ കഴിയാതിരുന്ന ഹാനാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു കഷണങ്ങളാക്കി ചാക്കിലാക്കുക എന്നത്. അത് അവള്‍ വാട്ടര്‍ ടാങ്കില്‍ ഇട്ടു. ഹാനാന്റെ സഹായത്തോടെയാണ് നിമിഷ അവിടെ നിന്നു രക്ഷപ്പെട്ടത്. ഒരു മാസത്തിനു ശേഷം നിമിഷ പൊലീസ് പിടിയാലായി. ജയിലിലും നഴ്‌സായി ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട് നിമിഷ. വധശിക്ഷ വിധി വന്നതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ നില്‍ക്കുകയാണ് നിമിഷയുടെ കുടുംബം.