പരമ്പര ആരംഭിച്ചിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂവെങ്കിലും അതിവേഗം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടുകയും ഏഷ്യാനെറ്റില്‍ ടോപ്പ് റേറ്റില്‍ നില്‍ക്കുന്ന പരമ്പരയായി മാറുകയും ചെയ്ത സീരിയലാണ് അഡ്വക്കേറ്റ് അഞ്ജലി. ഇതിലെ നായിക കഥാപാത്രമായി എത്തുന്നത് പാര്‍വതി അയ്യര്‍ ആണ്. നടിയുടെ പ്രണയസാക്ഷാത്കാരം ആയിരുന്നു ഇന്നലെ ആറ്റുകാല്‍ അമ്പലനടയില്‍ നടന്നത്. ദീര്‍ഘകാലസുഹൃത്തും പ്രണയിതാവും ആയിരുന്ന അഡ്വക്കേറ്റ് അനൂപ് കൃഷ്ണന്‍ ആണ് പാര്‍വതിയെ വിവാഹം കഴിച്ച് സ്വന്തമാക്കിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തില്‍ സുന്ദരിയായാണ് പാര്‍വതി ഒരുങ്ങിയെത്തിയത്. തുടര്‍ന്ന് അനൂപ് താലികെട്ടവേ ആറ്റുകാല്‍ ദേവിയ്ക്ക് മുന്നിലെ നടയില്‍ വിങ്ങിപ്പൊട്ടി പോവുകയായിരുന്നു നടി. അതേസമയം, തികച്ചും ലളിതമായി നടന്ന വിവാഹം ആയിരുന്നു പാര്‍വതിയുടേത്. നല്ല സുഹൃത്തുക്കളില്‍ നിന്നും വിവാഹത്തിലേക്ക് കടന്ന സന്തോഷമാണ് രണ്ടുപേര്‍ക്കും ഉള്ളതും.
സ്വാഭാവികം ആയും ഉണ്ടാകുന്ന എക്സൈറ്റ്മെന്റും സന്തോഷവും എല്ലാം നിറഞ്ഞു നിന്ന വിവാഹം കൂടിയായിരുന്നു ഇത്. മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. പാര്‍വതിയുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെ നേരത്തെ തന്നെ ആരാധകര്‍ അനൂപിനെ കണ്ടിട്ടുണ്ട്. ഇവര്‍ നേരത്തെ വിവാഹം കഴിച്ചതാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. അതേസമയം, പ്രാര്‍ത്ഥിച്ച് ആഗ്രഹിച്ചുകിട്ടിയ വിവാഹ നിമിഷം കൂടിയായിരുന്നു ഈ മാംഗല്യം. പാര്‍വതിയുടെ അമ്മയുടെ ആഗ്രഹം ആയിരുന്നു ആറ്റുകാല്‍ അമ്പലത്തില്‍ വച്ച് വിവാഹം വേണമെന്നത്. അത് ഒരു നേര്‍ച്ചപോലെ ആണ് കുടുംബം നടത്തിയതും. തുടര്‍ന്ന് വിവാഹ രജിസ്റ്ററില്‍ ഒപ്പു വച്ചത് പരമ്പരയില്‍ പാര്‍വതിയുടെ അമ്മയായി അഭിനയിക്കുന്ന നടിയുമാണ്. ഒരുപാട് പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും വേണമെന്നും സീരിയലില്‍ അഡ്വക്കേറ്റ് ആയി വരാന്‍ ചേട്ടന്‍ ആണ് സപ്പോര്‍ട്ട് ചെയ്യുന്നത് എന്നും പാര്‍വതി വിവാഹശേഷം പ്രതികരിച്ചിരുന്നു.
കുറച്ചധികം വര്‍ഷങ്ങളായി മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് പാര്‍വതി. ഭാവനയിലെ മാനസയായും ഏഷ്യാനെറ്റിലെ മുറ്റത്തെ മുല്ലയിലും മഴവില്‍ മനോരമയിലെ പൂക്കാലം സീരിയലിലും ഫ്‌ളവേഴ്‌സിലെ അമ്മേ ഭഗവതി പരമ്പരയില്‍ വീണയായും സൂര്യാടിവിയിലെ നിന്നിഷ്ടം എന്നിഷ്ടം പരമ്പരയില്‍ ശ്വേതയായും അഭിനയിച്ചിട്ടുള്ള പാര്‍വതിയ്ക്ക് 24 വയസ് മാത്രമാണ് പ്രായം. മോഡലായും നര്‍ത്തകിയായും എല്ലാം തിളങ്ങിയിട്ടുള്ള പാര്‍വതി അഡ്വ.അഞ്ജലിയിലേക്ക് എത്തിയപ്പോഴാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയം തുടങ്ങിയത്. ആദ്യം അനൂപ് ആയിരുന്നു പ്രണയം പറഞ്ഞതും.