വിദ്യാഭ്യാസം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്. പണം, സ്വത്ത്, മറ്റെല്ലാം ഒരിക്കല്‍ നഷ്ടപ്പെട്ടേക്കാം, പക്ഷേ അറിവ് ഒരിക്കലും നഷ്ടമാവില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം മനുഷ്യന്റെ ജീവിതത്തിന് വലിയൊരു മുതല്‍കൂട്ടാണ്. ഒരു കുടുംബം എത്ര പാവപ്പെട്ടവരായാലും, കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ അവര്‍ക്ക് ഒരു നല്ല ശമ്പളം ലഭിക്കുന്ന സ്ഥിരമായ ജോലി നേടാന്‍ കഴിയും. ഡോക്ടര്‍, എഞ്ചിനീയര്‍, അധ്യാപകന്‍, ഉദ്യോഗസ്ഥന്‍ തുടങ്ങി പല മേഖലകളിലും അവസരങ്ങള്‍ തുറന്ന് കിട്ടും. ഇത്തരത്തില്‍ ഒരാള്‍ വിദ്യാഭ്യാസം നേടി മുന്നോട്ടു പോകുമ്പോള്‍, അതിന്റെ നേട്ടം കുടുംബത്തിനും സമൂഹത്തിനും ലഭിക്കും. ഒരിക്കല്‍ ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്ന കുടുംബം, വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ നല്ലൊരു ജീവിതത്തിലേക്ക് ഉയരും. വിദ്യാഭ്യാസം മാത്രം ജീവിതം മാറ്റിമറിക്കാന്‍ കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ആദിവാസി പെണ്‍കുട്ടി. മലഞ്ചെരിവിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് പഠിച്ച് ഐഐടിയിലെത്തിയ പതിനേഴുകാരി രാജേശ്വരിയുടെ നേട്ടം, പരിശ്രമത്തിനും ശരിയായ പിന്തുണയ്ക്കും മുന്നില്‍ ഒന്നും അസാധ്യമല്ലെന്ന് കാണിച്ചുതരുന്നു.'
തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ കാല്‍വരായന്‍ കുന്നുകളുടെ പച്ചപ്പുതപ്പുകളില്‍ ഒരു ഗവണ്‍മെന്റ് ട്രൈബല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചുവന്നു ഐഐടിയില്‍ സ്ഥാനം നേടുന്ന ആദ്യ വിദ്യാര്‍ത്ഥിനിയായി എ. രാജേശ്വരി എന്ന പതിനേഴുകാരി ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത് ഈ വര്‍ഷമായിരുന്നു. ജെഇഇ അഡ്വാന്‍സ്ഡ് 2025 ല്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ 417-ാം റാങ്ക് നേടിയ രാജേശ്വരിയുടെ നേട്ടം വെറുമൊരു വ്യക്തിപരമായ വിജയം മാത്രമല്ല, ഗോത്രങ്ങളില്‍ നിന്നുള്ള ലോകത്തിന് നല്‍കുന്ന ഉച്ചത്തിലുള്ളതും വ്യക്തവുമായ സന്ദേശമാണിത്. രാജേശ്വരിയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ഏറ്റവും വലിയ കരുത്ത് അവളുടെ കുടുംബം തന്നെയാണ്. ജീവിതത്തിലെ വലിയ തിരിച്ചടികള്‍ വന്നിട്ടും അവളുടെ അമ്മ ഒരിക്കലും പിന്മാറിയില്ല. തയ്യല്‍ക്കാരനായി ജോലി ചെയ്തിരുന്ന അച്ഛന്‍, ഔണ്ടി, കാന്‍സര്‍ ബാധിച്ച് മരിച്ചപ്പോള്‍ കുടുംബം വലിയ ഇരുട്ടിലായി. അന്നുമുതല്‍ അമ്മ കവിതയാണ് മുഴുവന്‍ കുടുംബത്തിനും ഏക ആശ്രയം.
അവള്‍ ദിവസക്കൂലി ജോലി ചെയ്ത്, കൃഷിത്തോട്ടങ്ങളില്‍ വിയര്‍പ്പൊഴുക്കി, അഞ്ച് മക്കളെയും വളര്‍ത്തി. എത്ര ബുദ്ധിമുട്ടും വന്നാലും, കുട്ടികളുടെ പഠനം നിലച്ചു പോകാതിരിക്കാന്‍ അമ്മ അക്ഷീണം പരിശ്രമിച്ചു. ദിവസേനയുള്ള ജീവിതം തന്നെ ഒരു പോരാട്ടമായിരുന്നു ഭക്ഷണം കണ്ടെത്തുന്നതും ചെലവുകള്‍ നിറവേറ്റുന്നതും വലിയ വെല്ലുവിളിയായിരുന്നു. എങ്കിലും, രാജേശ്വരിക്ക് അമ്മ നല്‍കിയ ആത്മവിശ്വാസവും സഹോദരങ്ങളുടെ സ്‌നേഹവും വലിയ കരുത്തായി. അത്തരത്തിലുള്ള ഒരു വീട്ടില്‍, വിദ്യാഭ്യാസം വെറും പഠനമല്ലായിരുന്നു അത് തന്നെയാണ് രാജേശ്വരിയുടെ പോരാട്ടവും പ്രതീക്ഷയും. ഓരോ പുസ്തകവും, ഓരോ ക്ലാസും, ഭാവിയെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു ആയുധമായി അവള്‍ കരുതി. അതുകൊണ്ടാണ് ഇന്ന് മലഞ്ചെരിവിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് രാജേശ്വരി ഇന്ത്യയിലെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിയിലേക്ക് എത്തിയത്.
പൂര്‍ണ്ണമായും തമിഴ് മീഡിയത്തിലാണ് അവര്‍ പഠിച്ചത്. പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 600 ല്‍ 521 മാര്‍ക്ക് നേടി. രാജേശ്വരിയുടെ വിജയത്തിന് പിന്നില്‍, പൊതുജനങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ ഇടപെടലിന് എന്ത് നേടാനാകുമെന്നതിന്റെ ഒരു ഉദാഹരണമുണ്ട്. ആദി ദ്രാവിഡര്‍ ആന്‍ഡ് ട്രൈബല്‍ വെല്‍ഫെയര്‍ വകുപ്പിന് കീഴില്‍, പതിനൊന്നാം ക്ലാസിന് ശേഷം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രത്യേക പരിശീലന പരിപാടി അവതരിപ്പിച്ചു. ചെന്നൈയില്‍ നിന്നുള്ള വിദഗ്ദ്ധരായ അധ്യാപകര്‍ ദിവസേനയുള്ള ഓണ്‍ലൈന്‍ സെഷനുകള്‍ നടത്തി, അക്കാദമിക് മികവും ആത്മവിശ്വാസവും പ്രദാനം ചെയ്തു. ബോര്‍ഡ് പരീക്ഷകള്‍ക്ക് ശേഷം, രാജേശ്വരിയെ ഈറോഡ് ജില്ലയിലെ പെരുന്തുറൈയിലേക്ക് ഒരു തീവ്രമായ ഐഐടി തയ്യാറെടുപ്പ് ക്യാമ്പിനായി അയച്ചു.
കഴിവുകള്‍ ശരിയായ പിന്തുണാ സംവിധാനവുമായി ഒത്തുചേരുമ്പോള്‍ എന്ത് നേടാനാകുമെന്നതിന്റെ ഒരു ഉദാഹരണമായിട്ടാണ് അവരുടെ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ഡി. വിജയന്‍ രാജേശ്വരിയെ വിശേഷിപ്പിക്കുന്നത്. മലയോരങ്ങളില്‍ നിന്നുള്ള ഒരു ആദിവാസി വിദ്യാര്‍ത്ഥി ഇന്ത്യയിലെ പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനത്തിലേക്ക് എത്തിപ്പെട്ടു എന്നതാണ് .രാജേശ്വരി ചെങ്കല്‍പ്പട്ടിനടുത്തുള്ള കുമിഴിയില്‍ ഒരു സോഫ്റ്റ് സ്‌കില്‍സ് പ്രോഗ്രാമില്‍ ചേര്‍ന്നു. ''എനിക്ക് എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ് പഠിക്കണം, ഒരുപക്ഷേ ഐഐടി മദ്രാസിലോ ഐഐടി ബോംബെയിലോ,'' രാജേശ്വരി പറയുന്നു. ജെഇഇ മെയിന്‍സ് തമിഴില്‍ ആയിരുന്നത് തനിക്ക് എങ്ങനെ മുന്‍തൂക്കം നല്‍കി എന്ന് അവര്‍ ഓര്‍ക്കുന്നു, അതേസമയം ഇംഗ്ലീഷില്‍ ജെഇഇ അഡ്വാന്‍സ്ഡ് കൂടുതല്‍ കഠിനമായിരുന്നു, പക്ഷേ അസാധ്യമല്ലായിരുന്നു.
അവരുടെ സന്ദേശം വ്യക്തമാണ്: 'ശരിയായ പിന്തുണയുണ്ടെങ്കില്‍ ഭാഷ ഒരു തടസ്സമല്ല.' അവരുടെ യാത്ര അവരുടെ സ്വന്തം ജീവിതത്തെ ഉയര്‍ത്തുക മാത്രമല്ല, തമിഴ്‌നാട്ടിലുടനീളമുള്ള നിരവധി ആദിവാസി കുട്ടികളില്‍ ലക്ഷ്യബോധം ഉണര്‍ത്തുകയും ചെയ്തു.