പോലീസുകാരെ കുറിച്ച് പലര്‍ക്കും ആദ്യമേ മനസ്സില്‍ വരുന്നത് പേടിയാകാം. റോഡില്‍ കാക്കി യൂണിഫോമില്‍ ഒരാള്‍ നടക്കുന്നത് കണ്ടാല്‍ പോലും ചിലര്‍ക്ക് ഒന്ന് ഭയമുണ്ടാകും. അതിന് എല്ലായ്‌പ്പോഴും കാരണം തെറ്റ് ചെയ്തതാണെന്നോ കുറ്റബോധമാണെന്നോ വേണ്ട. പലപ്പോഴും ആളുകള്‍ നേരിട്ടു കാണുന്ന ചില പോലീസുകാരുടെ കഠിനമായ പെരുമാറ്റമാണ് അങ്ങനെ തോന്നാന്‍ ഇടയാക്കുന്നത്. എന്നാല്‍ അതുകൊണ്ടു തന്നെ എല്ലാ പോലീസുകാരെയും ഒരേ പോലെ കാണാനാവില്ല. കാക്കിയുടെ അകത്ത് നല്ല മനസ്സും കരുതലും നിറഞ്ഞ ഉദ്യോഗസ്ഥരും ധാരാളം ഉണ്ട്. സാധാരണക്കാരുടെ ജീവിതത്തില്‍ കരുണയോടെ ഇടപെട്ട്, അപകടങ്ങളില്‍ പോലും സ്വന്തം ജീവന്‍ പണയം വച്ച് മുന്നോട്ടു വരുന്ന ധീരന്മാരും ആ യൂണിഫോമിനുള്ളില്‍ ഉണ്ട്. അതിന് ഒരു തെളിവാണ് പുത്തൂര്‍ പോലീസിന്റെ സബ് ഇന്‍സ്പെക്ടര്‍ ജയേഷ് ടിജെ. മനുഷ്യസ്നേഹവും കടമബോധവും ഒരുമിച്ചുചേര്‍ന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഇപ്പോള്‍ മറ്റൊരു പ്രവര്‍ത്തിയിലൂടെ പോലീസിന് വീണ്ടും സല്‍പ്പേര് എത്തിക്കുകയാണ് ജയേഷ്.
ഇതാണ് പോലീസ്.... ഇങ്ങനെയാവണം പോലീസ്...., പുത്തൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ജയേഷ് ടിജെയും കേരളാ പോലീസിന് സല്‍പേര് എത്തിക്കുകയാണ്. വെണ്ടാര്‍ ഹനുമാന്‍ ക്ഷേത്രത്തിനു സമീപം കിണറ്റില്‍ വീണ പ്രായമായ ഒരു അമ്മയെ രക്ഷിച്ചു. അതിന് മുമ്പ് അഴുകി തുടങ്ങിയ ഒരു മൃതദേഹം കരക്ക് എത്തിക്കാന്‍ ആളില്ലാതെ വന്നപ്പോള്‍ അദ്ദേഹം വെള്ളത്തില്‍ ഇറങ്ങി ഒരു അറപ്പും ഇല്ലാതെ ആ മൃതദേഹം കരക്ക് എത്തിക്കുകയും ചെയ്തു. അങ്ങനെ കൊല്ലത്തെ പോലീസുകാരന്‍ കൈയ്യടി വാങ്ങുകയാണ്. 2024ലാണ് ഇതെല്ലാം സംഭവിച്ചത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ കുറിപ്പ് വൈറലാകുന്നുവെന്നതാണ് ശ്രദ്ധേയം. ലഹരി വിരുദ്ധ കൂട്ടായ്മകളിലും മറ്റ് പൊതു ഇടങ്ങളിലും എല്ലാം നിറ സാന്നിധ്യമാണ് ജയേഷ്.
സിനിമയെ വെല്ലുന്ന യാഥാര്‍ഥ്യത്തിനാണ് കൊല്ലം പുത്തൂര്‍ വെണ്ടാറില്‍ സാക്ഷിയായത്. 2024 സെപ്റ്റംബറിലായിരുന്നു ഈ സംഭവം. വയോധിക കിണറ്റില്‍ വീണത് അറിഞ്ഞെത്തിയ എസ്.ഐ. മറ്റൊന്നും ആലോചിക്കാതെ അതിലേക്കിറങ്ങി. കിണറ്റിലുണ്ടായിരുന്ന ചെടികള്‍ വകഞ്ഞ് മാറ്റി പ്രയാസപ്പെട്ട് താഴെയെത്തി. ജീവന്റെ തുടിപ്പുണ്ടെന്നു കണ്ടതോടെ അരമണിക്കൂറിലേറെ നേരത്തെ ശ്രമത്തിനൊടുവില്‍ അവരെ കരയെത്തിക്കുന്നു. പുത്തൂര്‍ സബ് ഇന്‍സ്പെക്ടര്‍ ടി.ജെ.ജയേഷാണ് സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ അന്ന് നാടിന്റെ ഹീറോ ആയത്. പുത്തൂര്‍കിഴക്കേ പുത്തന്‍ വീട്ടില്‍ രാധമ്മ 74യാണ് രാവിലെ പത്തുമണിയോടെ വീട്ടുമുറ്റത്തോടുചേര്‍ന്ന കിണറ്റില്‍ വീണത്. 10.11-നാണ് വിവരം എസ്.ഐ. അറിയുന്നത്. 10.18-ന് സംഭവസ്ഥലത്ത് എത്തിയ അദ്ദേഹം 10.55-ഓടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി രാധമ്മയുമായി കരയെത്തി.
30 അടിയിലേറെ താഴ്ചയുള്ള കി ണറ്റില്‍ പകുതിയിലധികം ഭാഗം വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. കുഴല്‍ക്കിണര്‍ ഉള്ളതിനാല്‍ അപകടം നടന്ന കിണര്‍ വീട്ടുകാര്‍ ഉപയോഗിച്ചിരുന്നില്ല. കാടുമൂടിക്കിടന്നതിനു പുറമേ പലഭാഗത്തും തൊടി ഇടിഞ്ഞുവീഴുന്ന നിലയിലുമായിരുന്നു. ഏറെ പ്രയാസപ്പെട്ട് താഴെയെത്തിയ ടി.ജെ. ജയേഷ് അബോധവാസ്ഥയിലായിരുന്ന രാധമ്മയെ കൈയ്യിലെടുത്ത് ഉയര്‍ത്തുകയും പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇട്ടുനല്‍കിയ കയറില്‍ രാധമ്മയെ കെട്ടി. കസേര യിറക്കി അതില്‍ ഇരുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏണിയിറക്കി അതില്‍ നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വെള്ളത്തിന്റെ അളവ് കൂടുതലായതിനാല്‍ നടന്നില്ല. ഓക്സിജന്റെ ലഭ്യതക്കുറവ് ശ്വസനത്തിനു ബുദ്ധിമുട്ടുണ്ടാക്കിയപ്പോള്‍ എസ്.ഐ.യുടെ ആവശ്യപ്രകാരം മുകളില്‍നിന്നു തുടര്‍ച്ചയായി വെള്ളമൊഴിച്ചു നല്‍കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ടി.ജെ.ജയേഷ് കരയ്ക്കെത്തിയത് തളര്‍ന്ന് അവശനായി ആയിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കുറച്ചുനേരം നിലത്ത് മലര്‍ന്നുകിടന്ന് വിശ്രമിച്ചശേഷമാണ് സ്റ്റേഷനിലേക്ക് മടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനു കരുത്തായത് അഗ്നിരക്ഷാസേനയിലെ ജോലി. 11 വര്‍ഷം സേനയില്‍ ജോലിനോക്കിയശേഷമാണ് പോലീസിലെത്തിയത്. 2019-ല്‍ മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. കിണറ്റില്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനുമാത്രം 30 ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. എഴുകോണ്‍ ഇരുമ്പനങ്ങാട് ശ്രേയസ്സില്‍ ദിവ്യയാണ് ഭാര്യ. അര്‍ജുന്‍, ആരാധ്യ എന്നിവര്‍ മക്കളും.