നടന്‍ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും വീഡിയോകളും സോഷ്യല്‍ മീഡിയ പേജുകളും ഫോളോ ചെയ്യുന്നവര്‍ക്ക് സുപരിചിതയാണ് വ്‌ളോഗറായ തന്‍വി സുധീര്‍ ഘോഷ്. സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളാണ് തന്‍വി.ദിയ കൃഷ്ണയുടെ വിവാഹവേളയിലാണ് തന്‍വി സുധീര്‍ ഘോഷിനെ പലരും കൂടുതല്‍ അടുത്ത് പരിചയപ്പെടുന്നത്. കൃഷ്ണകുമാര്‍ കുടുംബത്തിലെ അംഗങ്ങളെ പോലെത്തന്നെ തന്‍വിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ്.
യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാം പേജുമായി സജീവമാണ് തന്‍വി. ഭര്‍ത്താവ് യോജി എബ്രഹാമുമായി പിരിഞ്ഞു താമസിച്ച തന്റെ ജീവിതത്തിന്റെ ചില ഏടുകള്‍ തന്‍വി അവരുടെ ഫാന്‍സിനും ഫോളോവേഴ്സിനും മുന്നില്‍ അവതരിപ്പിക്കാറുണ്ട്. പഠനത്തിനായി കാനഡയിലെത്തിയ തന്‍വി പിന്നീട് അവിടെത്തന്നെ ജോലിയും നേടി സ്ഥിരതാമമാക്കിയിരിക്കുകയാണ്.
ഇരുപത്തിയേഴ് വര്‍ഷത്തെ ജീവിതത്തിന് ഇടയില്‍ ഒരു സ്ത്രീ കടന്നുപോകാന്‍ പാടില്ലാത്ത എല്ലാ വിഷമ ഘട്ടങ്ങളിലൂടെയും തന്‍വി കടന്നുപോയിട്ടുണ്ട്. വിവാഹമോചനത്തിന്റെ വക്കില്‍ വരെ എത്തിയതായിരുന്നു തന്‍വിയുടെ ദാമ്പത്യം.അടുത്തിടെ കൗണ്‍സിലിങിലൂടെയും മനസ് തുറന്നുള്ള ഭര്‍ത്താവ് യോജിയുമായുള്ള സംഭാഷണത്തിനുശേഷവും ഡിവോഴ്‌സ് വേണ്ടെന്ന് തീരുമാനിച്ച് ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെ തന്‍വി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
കുറേയധികം തെറ്റിദ്ധാരണകളും മിസ് കമ്യൂണിക്കേഷനും ഉണ്ടായിരുന്നുവെന്നും എല്ലാം പരസ്പരം പറഞ്ഞ് പരിഹരിച്ചുവെന്നുമാണ് ഭര്‍ത്താവുമായുള്ള റീയൂണിയനെ കുറിച്ച് വെളിപ്പെടുത്തി അടുത്തിടെ തന്‍വി പറഞ്ഞത്.വര്‍ഷങ്ങളോളം, യാതൊരു ആശയവിനിമയവും ഇല്ലാതിരുന്ന ശേഷമാണ് തന്‍വിയും ഭര്‍ത്താവും ജീവിതത്തില്‍ ഒന്നിക്കുന്നത്. 2023ല്‍ വിവാഹമോചന നടപടികള്‍ ആരംഭിച്ച തന്‍വിക്കും ഭര്‍ത്താവിനും, ഈ ഡിസംബര്‍ മാസം വരെ അവസാന തീരുമാനം കൈക്കൊള്ളാന്‍ സമയമുണ്ടായിരുന്നു. അതിനിടയിലാണ് ഈ ഒരുമിക്കല്‍.
പഠനത്തിനായാണ് തന്‍വി കാനഡയില്‍ എത്തിയത്. പിന്നീട് അവിടെ തന്നെ ജോലി നേടി ഇരുപതുകളില്‍ തന്നെ വിവാഹിതയാവുകയായിരുന്നു. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ തന്‍വി ഗര്‍ഭിണിയായെങ്കിലും ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ തന്‍വിയെ സഹായിക്കാന്‍ ഇല്ലായിരുന്നു. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെല്ലാം തന്‍വി ഒറ്റക്കാണ് നേരിട്ടത്. ഗര്‍ഭകാലത്തെ എല്ലാവിധ കാര്യങ്ങള്‍ക്കും ഒറ്റയ്ക്കു തന്നെ ചെയ്ത തന്‍വി പ്രസവം കഴിഞ്ഞ് പത്താംനാള്‍ മുതല്‍ ജോലിക്ക് പോയി തുടങ്ങി.
മകന് മൂന്ന് വയസ്സ് ആയതിനു ശേഷമാണ് ഭര്‍ത്താവ് യോജി മകനെക്കാണാന്‍ എത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മകന്‍ ലിയാന്റെ എല്ലാ കാര്യങ്ങളും തന്‍വിയാണ് നോക്കുന്നതും അവനെ സംരക്ഷിക്കുന്നതും. ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ തന്‍വി വിവാഹമോചനത്തിനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് യോജിയുമായി തന്‍വി വീണ്ടും ഒന്നിച്ചത്.
വിദേശത്തു താമസിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന തന്‍വിയും, കേരളത്തില്‍ ജീവിക്കാന്‍ ആഗ്രഹിച്ച യോജിയും തമ്മില്‍ പല വിയോജിപ്പുകളും ഉണ്ടായിരുന്നു. ദിയ കൃഷ്ണയുടെ കല്യാണവും ഓണാഘോഷങ്ങളും ഒന്നിച്ചു നടന്നതിന്റെ ഇടയില്‍, ഒരു ആണ്‍കുഞ്ഞുമായി തനിയെ നടക്കുന്ന പെണ്‍കുട്ടി ആരെന്ന ചോദ്യത്തിലാണ് തന്‍വി സുധീര്‍ ഘോഷ് ആരെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവന്നത്.
തന്‍വിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരാണ്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുന്ന കാലത്താണ് തന്‍വിയുടെ പിതാവ് ഹൃദയാഘാതം മൂലം മരിക്കുന്നത്. തന്‍വിയുടെ അമ്മ വിവാഹമോചനശേഷം മറ്റൊരാളെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ തന്‍വിക്ക് രണ്ട് സഹോദരന്മാരുണ്ട്. അവര്‍ കുടുംബസമേതം ബാംഗ്ലൂരില്‍ സെറ്റില്‍ഡാണ്. സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകളാണ് തന്‍വി.