കേരളത്തിലെ മുന്‍നിര ചാനലുകളില്‍ ഒന്നായ സീ കേരളം 2025 നവംബര്‍ 17 ന് ചെമ്പരത്തി, ദുര്‍ഗ എന്ന രണ്ട് പുതിയ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവരാന്‍ ഒരുങ്ങുന്നു. ശക്തമായ കഥപറച്ചിലിന്റെയും ഹൃദയസ്പര്‍ശിയായ വികാരങ്ങളുടെയും മിശ്രിതം വാഗ്ദാനം ചെയ്യുന്ന രണ്ടു പരമ്പരകളും അതുല്യരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവയാണ്. പ്രൈം ടൈം വിനോദത്തെ പുനര്‍നിര്‍വചിക്കുന്ന ആഖ്യാനങ്ങളായ ഈ പുതിയ രണ്ടു പരമ്പരകളും രണ്ടു പുത്തന്‍ സ്ത്രീജന്മങ്ങളുടെ കഥ പറയുന്നവയാണ്.
അറിഞ്ഞിട്ടും അറിയാതെ പോകുന്ന സ്‌നേഹത്തിന്റെ കഥയുമായി 'ചെമ്പരത്തി'
രാത്രി 8.00 മണിക്ക് സംപ്രേഷണം ചെയ്യുന്ന ചെമ്പരത്തി പറയുന്നത്, തന്റെ രാജ പാരമ്പര്യത്തെ കുറിച്ച അറിയാതെ ലളിത ജീവിതം നയിക്കുന്ന ഗ്രാമീണ പെണ്‍കുട്ടിയായ കല്യാണിയുടെ ഹൃദയസ്പര്‍ശിയായ കഥയാണ്. സംസാരശേഷി നഷ്ടപ്പെട്ട തന്റെ അമ്മയോടൊപ്പം താമസം മാറുമ്പോള്‍ മനഃശക്തിയെ പരീക്ഷിക്കുന്ന വര്‍ഗ സംഘര്‍ഷങ്ങളെയും വൈകാരിക പോരാട്ടങ്ങളെയുമാണ് കല്യാണി അഭിമുഖീകരിക്കുന്നത്. ഗൃഹാതുരത്വത്തിന്റെയും ഊഷ്മളതയുടെയും മുഹൂര്‍ത്തങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങളിലേയ്ക്ക് പുതുമയോടെ എത്തുകയാണ് ചെമ്പരത്തി. ഹരിത, സുധീര്‍ ബാവു എന്നിവര്‍ നായികാനായകന്മാരായി അഭിനയിക്കുന്ന ഈ പരമ്പരയില്‍ റെനീഷ, ജയപ്രകാശ്, രൂപശ്രീ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ദുര്‍ഗ: കനലായും കനിവായും ഇവള്‍
രാത്രി 8.30 നാണ് പ്രേക്ഷകര്‍ക്ക് 'ദുര്‍ഗ' കാണാനാവുക. രഹസ്യ പോലീസുകാരിയായും സ്‌നേഹമയിയായ മകളായും ഇരട്ട ജീവിതം നയിക്കുന്ന സുന്ദരിയും ഉത്സാഹഭരിതയുമായ യുവതിയാണ് ദുര്‍ഗ. തന്റെ അമ്മയെ ഒരു ഗൂഢാലോചനയുടെ കുടുക്കില്‍ വീഴ്ത്തിയവരെ വെളിച്ചത്തു കൊണ്ടുവരാനായി ദുര്‍ഗ നടത്തുന്ന അന്വേഷണമാണ് കഥയുടെ പ്രധാന പ്രമേയം. കുടുംബ ബന്ധങ്ങളും രഹസ്യാന്വേഷണങ്ങളുമായി ഇഴ ചേരുന്നതാണ് ഈ കഥ. ദുര്‍ഗയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന, തന്റെ തന്നെ രഹസ്യാന്വേഷണ സംഘത്തിലെ അംഗമായ കിരണുമായുള്ള ബന്ധം കഥയ്ക്ക് കൂടുതല്‍ മിഴിവേകുകയും ചെയ്യുന്നുണ്ട്. സാന്ദ്ര, കൗശിക് റാം പാട്ടാളി എന്നിവരാണ് ദുര്‍ഗയിലെ നായികാ നായകന്മാരെ അവതരിപ്പിക്കുന്നത്.
ദൃഢനിശ്ചയം, കുടുംബ ബന്ധങ്ങള്‍, പ്രതീക്ഷ എന്നിവ ആഘോഷിക്കുന്ന യഥാര്‍ത്ഥവും വൈകാരികത പ്രതിധ്വനിക്കുന്നതുമായ കഥകള്‍ നല്‍കാനുള്ള ദൗത്യമാണ് ചെമ്പരത്തി ദുര്‍ഗ എന്നീ പരമ്പരകളിലൂടെ സീ കേരളം നിര്‍വഹിക്കുന്നത്. 2025 നവംബര്‍ 17 മുതല്‍ എല്ലാ രാത്രികളിലും ധൈര്യത്തിന്റെയും, സ്‌നേഹത്തിന്റെയും, വിധിയുടെയും പുതിയ അധ്യായങ്ങള്‍ അനാവരണം ചെയ്യുകയാണ് ഈ പരമ്പരകളിലൂടെ.
ചെമ്പരത്തി തിങ്കള്‍ മുതല്‍ വെള്ളി വരെ, രാത്രി 8:00 മണിക്കും, ദുര്‍ഗ തിങ്കള്‍ മുതല്‍ വെള്ളി വരെ, രാത്രി 8:30 മണിക്കും കാണാനാകും.