Latest News

അമരത്തിലെ അച്ചൂട്ടിയും കിരീടത്തിലെ സേതുമാധവനും മുതല്‍ സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ വരെ; സ്ത്രീ സാന്നിദ്ധ്യമായി മണിച്ചിത്രത്താഴിലെ ഗംഗയും കന്മദത്തിലെ ഭാനുമതിയും; മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് മറക്കില്ലൊരിക്കലും

Malayalilife
topbanner
 അമരത്തിലെ അച്ചൂട്ടിയും കിരീടത്തിലെ സേതുമാധവനും മുതല്‍ സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ വരെ; സ്ത്രീ സാന്നിദ്ധ്യമായി മണിച്ചിത്രത്താഴിലെ ഗംഗയും കന്മദത്തിലെ ഭാനുമതിയും; മലയാളി മറക്കാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് മറക്കില്ലൊരിക്കലും

രു നൂറ്റാണ്ടിലേക്കെത്തുന്ന മലയാള സിനിമയുടെ കാലഘട്ടങ്ങളെ ഒരോ കഥാപാത്രത്തിലൂടെ അടയാളപ്പെടുത്തിയാല്‍ എങ്ങിനെയുണ്ടാകും.ഈ നൂറ്റാണ്ടിനിടയിലെ പകരം വെക്കാനില്ലാത്ത പത്ത് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ ആണെങ്കിലോ.അത് ഒരുപക്ഷെ ശ്രമകരമായ ഒരു ദൗത്യമായിരിക്കും.എന്നാല്‍ മലയാളികളുടെ ഓര്‍മ്മകളുടെ തനിയാവര്‍ത്തനമായി മലയാള സിനിമയിലെ പത്ത് പ്രധാന കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് മാധ്യമം മറക്കിലൊരിക്കലും ക്യാംപയിനിലൂടെ..' മറക്കില്ലൊരിക്കലും' എന്ന ആദ്യആഗോള മെഗാ ഡിജിറ്റല്‍ ഇവന്റിന് കൊച്ചിയില്‍ ആവേശോജ്ജ്വല സമാപനം.

കലൂര്‍ ഐ.എം.എ ഹാളില്‍ മലയാള സിനിമയുടെ അഭിമാനമായ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ നടന്ന പരിപാടിയില്‍ മലയാളിയുടെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന 10 കഥാപാത്രങ്ങളെ പ്രഖ്യാപിച്ചാണ് ഇവന്റിന് കൊടിയിറങ്ങിയത്. മലയാളിയും മലയാള സിനിമയും ഇതുവരെ കാണാത്ത ഡിജിറ്റല്‍ വോട്ടിങ് പോരാട്ടത്തിലാണ ഏറ്റവും കൂടുതല്‍ വോട്ട നേടിയ 10 അനശ്വര കഥാപാത്രങ്ങളുടെ പിറവി. പ്രായഭേദമന്യേ ലക്ഷക്കണക്കിന പ്രേക്ഷകര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

അഞ്ഞൂറിലേറെ കഥാപാത്രങ്ങളില്‍നിന്ന് കൂടുതല്‍ വോട്ട് നേടിയ 60 കഥാപാത്രങ്ങളെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തു.അടുത്ത ഘട്ടത്തില്‍ പട്ടിക 25ലേക്ക് ചുരുങ്ങി. വീറും വാശിയും നിറഞ്ഞ തീപാറും പോരാട്ടമായിരുന്നു ഫൈനലില്‍. അവസാനം ഏറ്റവും കൂടുതല്‍ വോട്ട് നേടിയ 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നു.കഥാപാത്രങ്ങളെ പ്രഖ്യാപിക്കുമ്പോള്‍ ആവേശത്തോടെയാണ് സദസ്സ സ്വീകരിച്ചത്. ചിരിപ്പിച്ചവരും കരയിപ്പിച്ചവരും ഹൃദയത്തില്‍ നോവ സമ്മാനിച്ചവരുമായ കഥാപാത്രങ്ങള്‍ അത്രമേല്‍ ആഴത്തില്‍ ഓരോ മലയാളിയുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന 'മറക്കില്ലൊരിക്കലും' തെളിയിച്ചു.

അച്ചൂട്ടി (അമരം) മമ്മൂട്ടി - 1991:മമ്മൂട്ടിയെന്ന അഭിനയ വിസ്മയം മലയാളിയുടെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രമായിരുന്നു അമരത്തിലെ അച്ചൂട്ടി. മകളെയും കാമുകിയെയും കടലിനെയും ഹൃദയത്തോട് ചേര്‍ത്തുവെച്ച അച്ചൂട്ടിയെ ആവാഹിച്ച് നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി എന്ന അനശ്വര നടന്‍.സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ പൊള്ളിച്ച വേഷം. എ.കെ. ലോഹിതദാസിന്റെ കഥയില്‍ സംവിധായകന്‍ ഭരതനൊരുക്കിയ 'അമരം' മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമ കൂടിയാണ്. 1991ലാണ് സിനിമ പുറത്തിറങ്ങിയത്.

സേതുമാധവന്‍ (കിരീടം) മോഹന്‍ലാല്‍ - 1989: മലയാളിക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത കഥാപാത്രമാണ് കിരീടത്തിലെ സേതുമാധവന്‍. സാഹചര്യങ്ങള്‍ ജീവിതത്തിന്റെ ഗതിമാറ്റുന്നത് ഹൃദയത്തില്‍ ചോര കിനിയുംവിധം ആവിഷ്‌കരിച്ച ചലച്ചിത്രം.കഥയും തിരക്കഥയും ലോഹിതദാസ്. സംവിധാനം സിബി മലയില്‍. മോഹന്‍ലാല്‍, തിലകന്‍, പാര്‍വതി, കവിയൂര്‍ പൊന്നമ്മ, മോഹന്‍ രാജ് (കീരിക്കാടന്‍ ജോസ്), മുരളി, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ തുടങ്ങി വലിയ താരനിരയുള്ള സിനിമ കൂടിയായിരുന്നു.

ഗംഗ (മണിച്ചിത്രത്താഴ്) ശോഭന- 1993: നാഗവല്ലിയായി പരകായപ്രവേശം നടത്തുന്ന ഗംഗ എന്ന ശോഭനയുടെ കഥാപാത്രം മലയാള സിനിമയില്‍ എന്നും വേറിട്ട് നില്‍ക്കുന്നു. മധു മുട്ടത്തിന്റെ കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്റ്, വിനയപ്രസാദ്, കെ.പി.എ.സി ലളിത, കെ.ബി. ഗണേശ് കുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ബാലന്‍ മാഷ് (തനിയാവര്‍ത്തനം) മമ്മൂട്ടി - 1987: മനസ്സിലെന്നും നോവ് അവസാനിപ്പിച്ച മമ്മൂട്ടിയുടെ വേഷം. മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ തീവ്രമായ കഥാഖ്യാനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച ചിത്രം. സിബി മലയില്‍ സംവിധാനം. സരിത, ആഷാ ജയറാം, കവിയൂര്‍ പൊന്നമ്മ, മുകേഷ്, തിലകന്‍, ഫിലോമിന, ഇന്നസെന്റ്, ബാബു നമ്പൂതിരി എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.

നിശ്ചല്‍ (കിലുക്കം) ജഗതി - 1991: ജഗതി ശ്രീകുമാര്‍ നിശ്ചല്‍ എന്ന ഫോട്ടോഗ്രാഫറായി ചിരിയുടെ മാലപ്പടക്കം തീര്‍ത്ത അനശ്വര കഥാപാത്രം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കിലുക്കം മലയാളത്തിലെ ഏക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വേണു നാഗവള്ളിയായിരുന്നു തിരക്കഥ.മോഹന്‍ലാല്‍ അവതരിപ്പിച്ച ജോജിയും നിശ്ചലും തമ്മിലെ 'കോമ്പിനേഷന്‍' രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. മോഹന്‍ലാല്‍, രേവതി, തിലകന്‍, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സത്യനാഥന്‍ (സദയം) മോഹന്‍ലാല്‍ - 1992:സ്നേഹവും കരുതലും എത്രത്തോളം വിലപിടിപ്പുള്ളതാണെന്ന് മലയാളിയെ ഓര്‍മിപ്പിച്ച ചിത്രത്തിലെ മികവുറ്റ കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റെ സത്യനാഥന്‍. പ്രേക്ഷകരുടെ ഉള്ള് നീറ്റിച്ച കഥയും കഥാപാത്രാവതരണവും.എം ടി. വാസുദേവന്‍ നായരുടെ രചന. സിബി മലയിലിന്റെ സംവിധാനം. തിലകന്‍, നെടുമുടി വേണു, മാതു എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.

തമ്പി (മൂന്നാംപക്കം) തിലകന്‍ -1988:മലയാള സിനിമക്ക് തിലകന്റെ ഈടുറ്റ സംഭാവന. സ്നേഹനിധിയായ മുത്തച്ഛന്റെ വേഷം അനശ്വരമാക്കിയ കഥാപാത്രം. അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലെ തീവ്രമായ ആത്മബന്ധത്തിന്റെ കഥ. പി. പത്മരാജന്റെ സംവിധാനത്തിലെത്തിയ സിനിമ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയം. ജയറാം, കീര്‍ത്തി സിങ്ങ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

പ്രസാദ് (തൊണ്ടിമുതലും ദൃക്സാക്ഷിയും) ഫഹദ് ഫാസില്‍ -2017:അഭിനയത്തെ തന്നെ അപ്രസക്തമാക്കി പ്രസാദ് എന്ന മോഷ്ടാവായി ഫഹദ് ഫാസില്‍ ജീവിച്ച് കാണിച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി. അലന്‍സിയര്‍ ലോപ്പസ്, നിമിഷ സജയന്‍, സിബി തോമസ്, വെട്ടുകിളി പ്രകാശ് എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍. ദിലീഷ് പോത്തന്റെ സംവിധാനം.

ഭാനുമതി (കന്മദം) മഞ്ജു വാര്യര്‍ -1998:മലയാള സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അത്യപൂര്‍വ കഥാപാത്ര സൃഷ്ടിയായിരുന്നു കന്മദത്തിലെ ഭാനുമതി. മഞ്ജുവാര്യര്‍ വിസ്മയാഭിനയം കാഴ്ചവെച്ച ചിത്രം. ലോഹിതദാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ലാല്‍, കെ.പി.എ.സി. ലളിത എന്നിവരും വേഷമിട്ടു.

കുട്ടന്‍ തമ്പുരാന്‍ (സര്‍ഗം) മനോജ്. കെ. ജയന്‍ -1992:മലയാള സിനിമക്ക് എക്കാലത്തും ഓര്‍ത്തുവെക്കാന്‍ മനോജ്. കെ. ജയന്റെ ഗംഭീര സംഭാവന. സര്‍ഗം എന്ന സിനിമയിലെ കുട്ടന്‍ തമ്പുരാനെ മലയാളി പ്രേക്ഷകര്‍ അത്രക്കിഷ്ടപ്പെട്ടു. വിനീതും അമൃതയെന്ന രംഭയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹരിഹരന്‍ അണിയിച്ചൊരുക്കിയ ചിത്രം. നെടുമുടി വേണു, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, തിലകന്‍, ഊര്‍മിള ഉണ്ണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

സംവിധായകരായ സിബി മലയില്‍, സിദ്ദീഖ്, ജിയോ ബേബി, തരുണ്‍ മൂര്‍ത്തി, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവരും ഡബിങ ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകന്‍ ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ്, സംവിധായകന്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. മുഖ്യാതിഥികളെ ചടങ്ങില്‍ ആദരിച്ചു.രാജ കലേഷും മാത്തുക്കുട്ടിയുമായിരുന്നു അവതാരകര്‍.

marakillorikkalum video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES