നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇന്നലെ പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയിലാണ് അപകടമുണ്ടായത്. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എറണാകുളത്തേക്ക് വരവേയാണ് അപകടം. നിര്‍ത്തിയിട്ടിരുന്നലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുകയറി ആണ് അപകടം ഉണ്ടായത്.
കോയമ്പത്തൂരില്‍ നിന്ന് മടങ്ങി വരികയായിരുന്ന ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ പുലര്‍ച്ചെ ആറ് മണിയോടെ ദേശീയപാതയുടെ അരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.കാറിന്റെ മുന്‍വശം പാടേ തകര്‍ന്നു. അപകടത്തില്‍ നടന്റെ കൈവിരലിനാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.ബിജുക്കുട്ടന്‍ ആയിരുന്നില്ല കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 'അമ്മ' ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.
മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് ബിജുക്കുട്ടന്‍. ടെലിവിഷന്‍ ഷോകളിലൂടെ സുപരിചിതനായി മാറിയ ബിജുക്കുട്ടന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് താരം കൂടുതലായി അവതരിപ്പിക്കുന്നത്. ഛോട്ടാ മുംബൈ, ഗോദ, ആന്‍മരിയ കലിപ്പിലാണ്, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.