നടന്‍ രവി മോഹനു(ജയം രവി)മായുള്ള വിവാഹബന്ധം തകര്‍ന്നതിനെ കുറിച്ച് വിശദമായ കുറിപ്പുമായി ആരതി രവി. ഗായികയായ കെനിഷ ഫ്രാന്‍സിസുമൊത്ത് രവി മോഹന്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തിയത് വാര്‍ത്തയില്‍ നിറഞ്ഞതിന് പിന്നാലെയാണ് ആരതിയുടെ പ്രസ്താവന പുറത്തുവന്നത്.
തന്റെ മക്കളെ ഓര്‍ത്താണ് എല്ലാം സഹിച്ചിരുന്നതെന്നും മൗനം പരിച പോലെ കൊണ്ടു നടന്നതെന്നും ആരതി പ്രസ്താവനയില്‍ വിശദീകരിക്കുന്നു. വീട്ടില്‍ നിന്ന് ഇറങ്ങി പോകേണ്ട അവസ്ഥയിലായെന്നും മക്കളുടെ കാര്യം സ്വന്തമായി നോക്കേണ്ടി വന്നുവെന്നും അവര്‍ എഴുതി.
ആരതിയുടെ വാക്കുകള്‍ ഇങ്ങനെ: ' ഒരു വര്‍ഷമായി ഞാന്‍ മൗനത്തെ പരിചയെന്ന പോലെ പുതച്ചു. ദുര്‍ബലയായത് കൊണ്ടായിരുന്നില്ല. എനിക്ക് പറയാനുള്ളത് ആളുകള്‍ കേള്‍ക്കുന്നതിനെക്കാള്‍, എന്റെ മക്കള്‍ക്ക് സമാധാനം വേണമായിരുന്നു. എല്ലാ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ക്രൂരമായ അടക്കം പറച്ചിലുകളും ഞാന്‍ ഏറ്റുവാങ്ങി. ഒരക്ഷരവും മിണ്ടിയില്ല. എന്റെ ഭാഗത്ത് സത്യമില്ലാതിരുന്നിട്ടല്ല. എന്റെ മക്കള്‍ മാതാപിതാക്കളുടെ പക്ഷം പിടിച്ച് ബുദ്ധിമുട്ടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.
അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങളും അടിക്കുറിപ്പുകളുമെല്ലാം ലോകം കാണുമ്പോള്‍ ഞങ്ങളുടെ യാഥാര്‍ഥ്യം തീര്‍ത്തും വിഭിന്നമാണ്. എന്റെ വിവാഹമോചനം നടന്നു കൊണ്ടിരിക്കുകയാണ്. പക്ഷേ നീണ്ട 18 വര്‍ഷങ്ങള്‍ സ്‌നേഹവും വിശ്വസ്തതയും വിശ്വാസവും അര്‍പ്പിച്ച് ഞാന്‍ ഒപ്പം ചേര്‍ന്ന് നിന്ന പുരുഷന്‍ എന്നില്‍ നിന്ന് മാത്രമല്ല ഇറങ്ങി നടന്നത്, പാലിക്കാമെന്ന് വാക്കുപറഞ്ഞ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും കൂടിയാണ്.
മാസങ്ങളോളം മക്കളുടെ ലോകത്തിന്റെ ഭാരം ഞാനൊറ്റയ്ക്ക് ചുമലിലേറ്റി. ഓരോ ബുക്കും, ഓരോ നേരത്തെ ഭക്ഷണവും രാത്രിയിലെ അടക്കിപ്പിടിച്ച തേങ്ങലുകളും ഞാന്‍ ഏറ്റു വാങ്ങി, സുഖപ്പെടുത്തി, കൊണ്ടുനടന്നു. അഭിമാനമാണെന്ന് ഒരിക്കല്‍ പറഞ്ഞിരുന്നവര്‍ക്കായി വൈകാരികമായോ, സാമ്പത്തികമായോ ഒരു പിന്തുണയും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇന്ന് താമസിക്കുന്ന വീട്ടില്‍ നിന്ന് ബാങ്കുകാര്‍ ഇറക്കി വിടുന്നതിന്റെ വക്കിലാണ് ഞങ്ങള്‍. സമ്പന്നനായ അദ്ദേഹത്തില്‍ നിന്ന് പണം ഊറ്റിയെടുക്കാന്‍ ഇറങ്ങിത്തിരിച്ച വെറും സ്ത്രീ മാത്രമായി ഞാന്‍ ചിത്രീകരിക്കപ്പെട്ടു. അതില്‍ എന്തെങ്കിലും വാസ്തവമുണ്ടെങ്കില്‍ പണ്ടേ ഞാന്‍ എന്റെ സ്വന്തം ഇഷ്ടങ്ങള്‍ സംരക്ഷിച്ചേനെ. കണക്കുകൂട്ടലുകള്‍ക്ക് പകരം സ്‌നേഹവും, ഇടപാടുകള്‍ക്ക് പകരം വിശ്വാസവും ഞാന്‍ തിരഞ്ഞെടുത്തു.. അതാണ് എന്നെ ഇവിടെ എത്തിച്ചത്.
സ്‌നേഹത്തില്‍, പ്രണയത്തില്‍ എനിക്ക് പശ്ചാതാപമേതുമില്ല. പക്ഷേ സ്‌നേഹത്തെ ദൗര്‍ബല്യമായി കാണുന്നതിനോട് യോജിപ്പുമില്ല. 10 ഉം പതിനാലും വയസ് പ്രായമുള്ള കുട്ടികളാണ് എനിക്കുള്ളത്. അവര്‍ കുറച്ച് കൂടി സുരക്ഷിതത്വവും സ്ഥിരതയും അര്‍ഹിക്കുന്നുണ്ട് അല്ലാതെ മൗനവും സംഭ്രവുമല്ല. നിയമത്തിന്റെ നൂലാമാലകള്‍ മനസിലാക്കാന്‍ അവര്‍ തീരെ ചെറുപ്പമാണ്,പക്ഷേ ഉപേക്ഷിക്കപ്പെട്ടതിന്റെ വേദന അറിയുന്നവരും. മറുതലയ്ക്കല്‍ നിന്ന് എടുക്കാതെ പോയ ഓരോ ഫോണ്‍ കോളും, ഉപേക്ഷിക്കപ്പെട്ട ഓരോ കൂടിക്കാഴ്ചയും, ഇന്‍ബോക്‌സിലെ നിര്‍ജീവമെന്ന് തോന്നിപ്പിക്കുന്ന സന്ദേശങ്ങളും അവര്‍ വായിച്ചിരുന്നു. അതെല്ലാം മുറിവുകളാണ്'- ആരതി ഇന്‍സ്റ്റഗ്രാമില്‍ എഴുതി.