മുന്‍ ബോളിവുഡ് നടി സെലീന ജയ്റ്റ്ലി തന്റെ ഓസ്ട്രിയന്‍ ഭര്‍ത്താവ് പീറ്റര്‍ ഹാഗുമായി വേര്‍പിരിഞ്ഞതായി അറിയിക്കുകയും, അദ്ദേഹത്തിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്തു. മുംബൈയിലെ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സെലീന പരാതി നല്‍കിയിരിക്കുന്നത്. പീറ്റര്‍ ഹാഗ് ഒരു 'നാര്‍സിസ്റ്റ്' ആണെന്നും, തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും സെലീന സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി. താനോടും മൂന്ന് കുട്ടികളോടും സഹാനുഭൂതിയില്ലാത്ത, മുന്‍കോപിയും മദ്യപാനിയുമാണ് പീറ്റര്‍ എന്നും നടി ആരോപിച്ചു.
വിവാഹശേഷം ജോലിക്ക് പോകാന്‍ അനുവദിക്കാത്തതിനാല്‍ പീഡനം സഹിക്കവയ്യാതെ താന്‍ ഇന്ത്യയിലേക്ക് മടങ്ങിയെന്നും അവര്‍ പറഞ്ഞു. ഓസ്ട്രിയയിലുള്ള മക്കളുടെ സംരക്ഷണം തനിക്ക് വിട്ടുനല്‍കണമെന്നും, ജീവനാംശമായി 50 കോടി രൂപയും പ്രതിമാസം 10 ലക്ഷം രൂപയും പീറ്റര്‍ നല്‍കണമെന്നും സെലീന ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പരാതിയെ തുടര്‍ന്ന് പീറ്റര്‍ ഹാഗിന് കോടതി നോട്ടീസ് അയച്ചു. കേസ് അടുത്ത മാസം 12-ന് പരിഗണിക്കും. 2010-ലായിരുന്നു സെലീന ജയ്റ്റ്ലിയുടെയും ഹോട്ടല്‍ ഉടമയായ പീറ്റര്‍ ഹാഗിന്റെയും വിവാഹം.