പ്രശസ്ത സംഗീത സംവിധായകനും നടനുമായ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവി പി. നായരും തമ്മിലുള്ള 12 വര്‍ഷത്തെ ദാമ്പത്യത്തിന് ഔദ്യോഗികമായി വിരാമമായി. ഇന്നലെ ചെന്നൈ കുടുംബ കോടതിയില്‍ ഇരുവരും പരസ്പരം യാതൊരു പരാതികളോ പരിഭവങ്ങളോ കൂടാതെ, ധാരണയോടെ വിവാഹമോചനം നേടി പിരിഞ്ഞു. കോടതിക്ക് പുറത്ത് കൈകോര്‍ത്ത് അവര്‍ യാത്ര പറഞ്ഞെത്തിയ കാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായി.
സ്‌കൂള്‍ കാലം മുതലേ ആരംഭിച്ച പ്രണയം 2013-ല്‍ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. 2020-ല്‍ ജനിച്ച ഇവരുടെ അഞ്ച് വയസ്സുള്ള മകള്‍ അന്‍വിയുടെ ഭാവിയെക്കുറിച്ചുള്ള മാനുഷിക പരിഗണനയാകാം ഇങ്ങനെയൊരു മാന്യമായ വേര്‍പിരിയലിന് അവരെ പ്രേരിപ്പിച്ചതെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നു. പ്രകാശും സൈന്ധവിയും ഒരുമിച്ച് പാടിയ നിരവധി ഗാനങ്ങള്‍ സംഗീത പ്രേമികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയിട്ടുണ്ട്. വേര്‍പിരിയുന്നതിന് ശേഷവും സംഗീത പരിപാടികളില്‍ ഇവര്‍ ഒരുമിച്ച് പങ്കെടുത്തത് ആരാധകര്‍ക്ക് വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു.
ഈ വേര്‍പിരിയല്‍ സംഗീത ലോകത്തിനും ആരാധകര്‍ക്കും ഒരുപോലെ വേദനയുളവാക്കുന്നതാണ്. അതേസമയം, ജി.വി. പ്രകാശ് ഈ വര്‍ഷത്തെ 71-ാമത് ദേശീയ പുരസ്‌കാരം ധനുഷ് നായകനായ 'വാത്തി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ലഭിച്ചതിന്റെ സന്തോഷത്തിലും ആണ്. സൂര്യ നായകനായ 'സൂരറൈ പോട്രു' എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും അദ്ദേഹത്തിന് മുന്‍പ് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.