ജീവിതയാത്രയില്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടാല്‍ ആ ബന്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് നടി ഗൗതമി നായര്‍. സന്തോഷമില്ലാത്ത ബന്ധത്തില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണെന്നും താരം പറഞ്ഞു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹമോചനത്തെക്കുറിച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി നിലപാട് വ്യക്തമാക്കിയത്. 2017 ല്‍ വിവാഹം ചെയ്ത ഇരുവരും പിന്നീട് പിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് വ്യക്തമായതോടെ പിരിയുകയായിരുന്നെന്നും ഇപ്പോഴും സൗഹൃദമുണ്ടെന്നും പുതിയ അഭിമുഖത്തില്‍ ഗൗതമി പറയുന്നു.
പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് കൂടെക്കൂടെയെന്ന് അച്ഛനും അമ്മയും ചോദിച്ചിരുന്നു. എന്നാല്‍ ആ ബന്ധത്തില്‍ സന്തോഷം കണ്ടെത്താന്‍ രണ്ടുപേര്‍ക്കും സാധിച്ചില്ല. തന്റെ മാതാപിതാക്കള്‍ക്ക് പോലും തങ്ങള്‍ക്കിടയിലെ യഥാര്‍ത്ഥ പ്രശ്‌നം എന്താണെന്ന് ഇപ്പോഴും അറിയില്ലെന്ന് താരം വെളിപ്പെടുത്തി. 'രണ്ടുപേരും പരമാവധി ശ്രമിച്ചിട്ടും സന്തോഷം കണ്ടെത്താനായില്ലെങ്കില്‍ പിന്നെ സമയം കളയുന്നതില്‍ കാര്യമില്ല. ജീവിതം പങ്കിടാന്‍ മറ്റൊരാളെ കണ്ടെത്തുന്നതില്‍ തെറ്റൊന്നുമില്ല' - ഗൗതമി പറഞ്ഞു.
വലിയ പിണക്കങ്ങളോ പ്രശ്‌നങ്ങളോ കൊണ്ടല്ല തങ്ങള്‍ വേര്‍പിരിഞ്ഞതെന്ന് താരം വ്യക്തമാക്കി. ജീവിതത്തെക്കുറിച്ച് ഇരുവരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. ചെറുപ്പത്തില്‍ തന്നെ വിവാഹിതരായതിനാല്‍ ഇനിയുള്ള കാലം സുഹൃത്തുക്കളായി തുടരാമെന്ന് പരസ്പര സമ്മതത്തോടെ തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും ഗൗതമി കൂട്ടിചേര്‍ത്തു.
2012-ല്‍ 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ഗൗതമി സിനിമാലോകത്തെത്തിയത്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ ശ്രദ്ധേയ വേഷവും ഗൗതമി ചെയ്തു. എന്നാല്‍ പിന്നീട് കരിയറില്‍ വലിയ ?ഗ്യാപ്പ് വന്നു. ഇതിനിടെ നടി വിവാഹവും ചെയ്തു. ഫിലിം മേക്കര്‍ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാ?ഹം ചെയ്തത്. ഗൗതമി അഭിനയിച്ച 'കാക്കി സര്‍ക്കസ്' എന്ന വെബ് സീരീസ് ഏപ്രില്‍ 10 മുതല്‍ സീ ഫൈവില്‍ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.