അനുവാദമില്ലാതെ തന്റെ ഗാനം ഉപയോഗിച്ചതിന് മിസ്സിസ് ആന്‍ഡ് മിസ്റ്റര്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി..മിസ്റ്റര്‍ ആന്‍ഡ് മിസിസ് 'എന്ന സിനിമയില്‍ 'മൈക്കല്‍ മദന കാമരാജന്‍' എന്ന കമല്‍ഹാസന്‍ ചിത്രത്തിനുവേണ്ടി ഒരുക്കിയ 'ശിവരാത്രി' ഗാനം ഉപയോഗിക്കുന്നത് വിലക്കണമെന്നായിരുന്നു ഇളയരാജയുടെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
സാധാരണ നിലയില്‍ സിനിമകളുടെ പകര്‍പ്പവകാശം നിര്‍മാതാവിനായതിനാല്‍ ഇളയരാജയുടെ ഹര്‍ജിയില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ചിത്രം നിര്‍മിച്ച വനിത ഫിലിം പ്രൊഡക്ഷന്‍ ഹൗസിന് നോട്ടീസ് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂ എന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇജയരാജയുടെ ആവശ്യപ്പെട്ടിരുന്നത്.