അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ കുടുംബത്തിന് മരണാനന്തര ഇന്‍ഷുറന്‍സ് ക്ലെയിം ആയി 26 ലക്ഷം രൂപ എല്‍ഐസിയില്‍ നിന്നും ലഭിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കര്‍ മനോരമയോട് പ്രതികരിച്ചു.
എല്‍ഐസിയുടെ പേരില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ പറയുന്നതുപോലെ ഒരു ക്ലെയിമും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എല്‍ഐസിയുടെ ഔദ്യോഗിക രേഖകളൊന്നുമില്ലാതെ നവാസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നല്‍കിയെന്ന് പ്രചരിക്കുന്നത്. ''ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും നിങ്ങളോടൊപ്പം'' എന്ന എല്‍ഐസിയുടെ ടാഗ്ലൈനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റര്‍ ചിലര്‍ അയച്ചു തന്നപ്പോഴാണ് ഇത് ശ്രദ്ധയില്‍പെടുന്നതെന്നും ആര് ചെയ്തതാണെങ്കിലും വലിയൊരു ഉപദ്രവമായിപ്പോയി എന്നും നിയാസ് ബക്കര്‍് പറഞ്ഞു.
''എന്റെ സഹോദരന്‍ നവാസിന് 26 ലക്ഷം രൂപ എല്‍ഐസി ഇന്‍ഷുറന്‍സ് ക്ലെയിം ആയി കിട്ടി എന്ന് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നാണ് എനിക്ക് ആദ്യമേ പറയാനുള്ളത്. ഞങ്ങള്‍ ഒന്നിനും വയ്യാത്ത സാഹചര്യത്തിലാണ്. ഇതിനിടയിലാണ് നവാസിന് എല്‍ഐസി ഇന്‍ഷുറന്‍സ് ക്ലെയിം ആയി 26 ലക്ഷം രൂപ തന്നു എന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെടുന്നത്. വാട്‌സാപ്പില്‍ ഷെയര്‍ ചെയ്തു കിട്ടിയ ഒരു പോസ്റ്റര്‍ ആള്‍ക്കാര്‍ അയച്ചു തരുമ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നിരിക്കെ ആരാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല.
ഇത് എല്‍ഐസിയുടെ ഔദ്യോഗിക ആളുകള്‍ ആണോ അയച്ചത് എന്നുപോലും അറിയില്ല. എല്‍ഐസിയുടെ ഔദ്യോഗികമായ എംബ്‌ളമോ സീലോ ഒന്നും ഈ പോസ്റ്ററില്‍ ഇല്ല. ഈ ഫേക്ക് ന്യൂസ് എവിടെനിന്ന് തുടങ്ങി എന്നതിനെപ്പറ്റി ഒരു തെളിവും ഇല്ല. ഇത് തികച്ചും അസത്യമായ പ്രചാരണമാണ്. അങ്ങനെ ഒരു തുക ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. എല്‍ഐസിയുടെ പേരില്‍ വന്ന ഒരു വ്യാജ വാര്‍ത്തയാണ് ഇത്. എല്‍ഐസിയുടെ വാര്‍ത്തയാണെന്ന് പറയാനുള്ള ഒരു തെളിവും അതില്‍ ഇല്ല.
ഇത് ചെയ്തത് ആരായാലും വലിയൊരു ദ്രോഹമാണ് ചെയ്തത്. ഞങ്ങള്‍ക്ക് മാത്രമല്ല ആരെപ്പറ്റി ഇങ്ങനെ അസത്യപ്രചാരണം നടത്തിയാലും അത് മോശമാണ്. പത്തു പൈസയുടെ ഗതിയില്ലാതെ ഇരിക്കുമ്പോള്‍ ഇങ്ങനെ ഒരു പ്രചാരണം നടത്തിയാല്‍ കിട്ടാനുള്ളത് കൂടി ഇല്ലാതെയാകും. ഞങ്ങളെ സംബന്ധിച്ച് നവാസ് ചെയ്ത വര്‍ക്കുകളുടെ പേയ്‌മെന്റ് ഒക്കെ കിട്ടാനുണ്ട്. ഇത്രയും പണം ഞങ്ങള്‍ക്ക് കിട്ടി എന്നുകരുതി അത് തരാന്‍ അമാന്തിക്കാനും സാധ്യതയുണ്ട്.
ഈ ചെയ്തത് ഒരു ഉപദ്രവമാണ്. ഇത് ചെയ്തത് എല്‍ഐസി ആണോ എന്നുപോലും അറിയില്ല. ഇവരുടെ ഏജന്‍സി ഗ്രൂപ്പില്‍ ഒക്കെ ഈ പോസ്റ്റ് വന്നിട്ടുള്ളതാണ്. ഏതെങ്കിലും ഒരു ഏജന്‍സി അവരുടെ കാര്യലാഭത്തിനു വേണ്ടി ചെയ്തിട്ടുള്ളതായിരിക്കാം. എന്തായാലും ഇത് വളരെ മോശമായ കാര്യമാണ്, മാത്രമല്ല ഇത് ഫേക്ക് ആണ് എന്ന് ഒന്നുകൂടി പറയുകയാണ്. ഇത് കാണുന്നവര്‍ വിശ്വസിക്കരുത്. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത് വ്യാജവാര്‍ത്തയാണ് ഞങ്ങളോട് ചെയ്യുന്ന വലിയ ചതിയാണ് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. ആരെയും ഇങ്ങനെ ദ്രോഹിക്കരുത്.''-നിയാസ് ബക്കറിന്റെ വാക്കുകള്‍.
നവാസിന്റെ മറ്റൊരു സഹോദരനായ നിസാമും വ്യാജ പോസ്റ്റിനെതിരെ രംഗത്തുവന്നു.
''സുഹൃത്തുക്കളെ... നവാസ്‌ക്കയുടെ വേര്‍പ്പാടിന് ശേഷം. എല്‍ഐസിയുടെ പേരില്‍, പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും വ്യാജമാണ്. എല്‍ഐസിയില്‍ നിന്നും ഡെത്ത് ക്ലെയിം വഴി 26 ലക്ഷം കുടുംബത്തിന് കൈമാറിയെന്നാണ് വ്യാജ വാര്‍ത്ത. ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകള്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുവഴി ഞങ്ങള്‍, കുടുംബാംഗങ്ങള്‍ വളരെ ദുഃഖിതരാണ്. ആരും തന്നെ വഞ്ചിതരാകരുത്.''-നിസാമിന്റെ വാക്കുകള്‍.