വിവാഹം ജീവിതത്തിന്റെ അവസാന ലക്ഷ്യമല്ലെന്നും, സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനും സ്വയം ശാക്തീകരിക്കപ്പെടുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണെന്നും നടി മഞ്ജു വാര്യര്‍. കേരള വനിതാ കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' കാമ്പയിന്റെ ബ്രാന്‍ഡ് അംബാസഡറായി ചുമതലയേറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാറിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളിലും സമൂഹത്തിലും വലിയ പ്രതീക്ഷയുണ്ടെന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.
വിവാഹം ഒന്നിന്റെയും അവസാന വാക്കല്ലെന്ന് പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കുന്ന കൂട്ടികള്‍ ഇന്ന് ഉണ്ടെന്ന് മഞ്ജു പറഞ്ഞു. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമായിരിക്കണമെന്ന് ഇന്നത്തെ പെണ്‍കുട്ടികള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. മക്കളുടെ ഇത്തരം തീരുമാനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നില്‍ക്കുന്ന മാതാപിതാക്കളെ കാണുന്നതാണ് സമൂഹത്തിലെ ഏറ്റവും വലിയ മാറ്റമായി താന്‍ കാണുന്നതെന്നും, ഇത് സമൂഹം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമ്പത്തികമായി സ്വതന്ത്രരായാല്‍ മാത്രമേ സ്ത്രീകള്‍ക്ക് സ്വന്തം ചിറകുകള്‍ കണ്ടെത്താനും ആകാശങ്ങളിലേക്ക് പറന്നുയരാനും സാധിക്കൂ എന്ന് മഞ്ജു വാര്യര്‍ ഊന്നിപ്പറഞ്ഞു. ഇതിനായി വനിതാ കമ്മീഷന്റെ 'പറന്നുയരാം കരുത്തോടെ' പോലുള്ള പദ്ധതികള്‍ വലിയ സഹായമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ സ്ത്രീകളുടെ പോരാട്ടവീര്യത്തെക്കുറിച്ചും മഞ്ജു തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
കാശ്മീരില്‍ നിന്ന് കേരളത്തിലേക്ക് ആപ്പിള്‍ ലോറി ഓടിക്കുന്ന ജലജ എന്ന ഡ്രൈവര്‍, കാര്‍ മുതല്‍ ജെസിബി വരെ ഓടിക്കുന്ന എഴുപതുകാരി രാധാമണിയമ്മ, തട്ടുകട നടത്തി എല്‍എല്‍ബിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനി എന്നിവരുടെ ഉദാഹരണങ്ങള്‍ അവര്‍ എടുത്തുപറഞ്ഞു. അച്ഛന്റെ മരണശേഷം തനിച്ചായപ്പോള്‍ നൃത്തത്തിലേക്കും സാഹിത്യത്തിലേക്കും മടങ്ങിപ്പോയി സ്വന്തം സന്തോഷം കണ്ടെത്തിയ തന്റെ അമ്മയും വലിയ പ്രചോദനമാണെന്ന് മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.