ആസിഫ് അലിയും പാര്‍വതിയും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത്. മണ്‍മറഞ്ഞു പോയ സംവിധായകന്‍ രാജേഷ് പിള്ളയുടെ ചരമദിനത്തില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്.പോസ്റ്ററിനൊപ്പം മഞ്ജു പങ്കുവച്ച ഹൃദയഭേദകമായ കുറിപ്പാണ് സിനിമാപ്രവര്‍ത്തകരുടെയും ആരാധകരുടെയും കണ്ണു നിറയിച്ചിരിക്കുന്നത്.
മഞ്ജുവിന്റെ കുറിപ്പ വായിക്കാം:
'കടന്നു വന്ന വഴികളില്‍ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓര്‍മിക്കുവാന്‍ കഴിയാറില്ല. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്റെ അവസാന സിനിമയായ വേട്ടയുടെ സഹസംവിധായകന്‍ മനു അശോകന്‍ അദ്ദേഹത്തിന് സ്വന്തം സഹോദരന്‍ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകന്‍ ആയി മനു വളരുന്നത് കാണാന്‍ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.
ഉയരെ' എന്ന സിനിമയിലൂടെ മനു സ്വാതന്ത്രസംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്റെ ഗുരുവിന് , അദ്ദേഹത്തിന്റെ ഓര്‍മ ദിവസത്തില്‍ ഇങ്ങനെ ഒരു സ്മരണാഞ്ജലി നല്‍കുന്നത് അതുകൊണ്ട് തന്നെ വിലമതിക്കാന്‍ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യല്‍ പോസ്റ്റര്‍.
ഒരുപാട് നല്ല സിനിമകള്‍ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്?ഷന്‍സിന്റെ അമരക്കാരന്‍ പി.വി.ഗംഗാധാരന്‍ സാറിന്റെ മൂന്നു പെണ്മക്കള്‍ സിനിമ നിര്‍മ്മാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും, പ്രിയപ്പെട്ട മനുവിനും, ക്യാമറക്കു മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേര്‍ത്ത് നിര്‍ത്താം, നല്ല സിനിമകളിലൂടെ ഓര്‍മ്മിച്ചുകൊണ്ടേ ഇരിക്കാം!'മഞ്ജു പറഞ്ഞു.
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തില്‍ എത്തുക. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കര്‍ എത്തുന്നു. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയുംബോബിയും ചേര്‍ന്നാണ്.മുകേഷ് മുരളീധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷന്‍. ആഗ്രയിലെ ടവലൃീല െ(ഷീറോസ്) പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. കല്പക ഫിലിംസ് വിതരണം.
പല്ലവി എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിക്കുന്നത്. കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വ്വതി ആഗ്രയിലെ 'ഷീറോസ്' കഫെയില്‍ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായാണ് പാര്‍വ്വതി ഷീറോസില്‍ എത്തിയത്. ''ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതല്‍. അത്തരത്തില്‍ ഉള്ള ദൃഢവിശ്വാസത്തിലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിലും നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു'', പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഷീറോസും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.
മുന്‍പ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ടൊവിനോ റിലീസ് ചെയ്തിരുന്നു.2016 ഫെബ്രുവരി 27നാണ് കരള്‍ സംബന്ധമായ രോഗം ബാധിച്ച് രാജേഷ് പിള്ള മരിച്ചത്.