തെലുങ്ക് സിനിമയില്‍ വന്‍ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍. മലയാള സിനിമയായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണെങ്കിലും തെലുങ്ക് പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ സിനിമയില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ചിത്രം' നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കഴിഞ്ഞു. റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോഴാണ് ഈ നേട്ടം.
ആദ്യ ദിനം ചിത്രം 38 കോടി നേടിയിരുന്നു. ആന്ധ്രപ്രദേശ് - തെലങ്കാന എന്നിവിടങ്ങളിലായി 63 കോടിയാണ് ഗ്രോസ് കലക്ഷന്‍. ഹിന്ദിയില്‍ 4 കോടിയും. റാം ചരണ്‍, ആര്‍.ബി. ചൗദരി, എന്‍.വി. പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ഗോഡ്ഫാദറിന്റെ നിര്‍മാണം. മോഹന്‍രാജ(ജയം രാജ)യാണ് സംവിധാനം.
ചിരഞ്ജീവിയൊടൊപ്പം സല്‍മാന്‍ ഖാന്റ അതിഥിവേഷവും സത്യദേവ് കഞ്ചരണയുടെ വില്ലന്‍ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകള്‍.മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തെലുങ്കില്‍ നയന്‍താര അവതരിപ്പിച്ചത്. ഗോഡ്ഫാദര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാനും നയന്‍താര മറന്നില്ല. ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ആരാധകര്‍ക്കും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും താരം നന്ദി അറിയിക്കുന്നത്.
ഗോഡ്ഫാദറിനെ ഒരു വലിയ ബ്ലോക്ക്ബസ്റ്റര്‍ ആക്കിയതിന് എല്ലാ സിനിമാ പ്രേമികള്‍ക്കും ആരാധകര്‍ക്കും നന്ദിയെന്നും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം തിയേറ്ററില്‍ പോയി സിനിമ കാണുന്നതില്‍ സന്തോഷമുണ്ടെന്നും നയന്‍താര പറഞ്ഞു. ഗോഡ്ഫാദര്‍ തനിക്ക് വളരെ പ്രിയപ്പെട്ട ചിത്രമാണ്. കാരണം വളരെ മികച്ചൊരു ടീമിനോടൊപ്പമാണ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും നയന്‍താര കുറിച്ചു.
മെഗാസ്റ്റാര്‍ ചിരഞ്ജീവി ഗാരുവിനോടൊപ്പം ഒരിക്കല്‍ കൂടി സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനും ഒരു പവര്‍ഹൗസ് പെര്‍ഫോമറുമാണ്. അദ്ദേഹത്തോടൊപ്പമുള്ള ഓരോ നിമിഷവും സമ്പന്നമായിരുന്നു നന്ദി ചിരഞ്ജീവി ഗാരു.
തുടര്‍ച്ചയായി എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും മൂന്നാമതും ഒരു സിനിമയിലേക്ക് എന്നെ വിളിച്ചതിനും സംവിധായകന്‍ മോഹന്‍രാജാ സാറിനോട് ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. സത്യപ്രിയ ഒരുപാട് ലെയറുകളുള്ള സങ്കീര്‍ണമായ കഥാപാത്രമാണ്, എന്നിലുള്ള സംവിധായകന്റെ വിശ്വാസമാണ് അത് സാധ്യമാക്കാന്‍ എന്നെ സഹായിച്ചത
നയന്‍താര കുറിച്ചു.
നയന്‍താര കുറിപ്പിലൂടെ സല്‍മാന്‍ ഖാനോടും നന്ദി അറിയിച്ചു. എല്ലാവരും സല്‍മാന്‍ ഖാനെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ സിനിമ കാണിക്കുന്നു. നിങ്ങളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനും ഈ സിനിമയെ വലുതാക്കിയതിനും നന്ദി സര്‍,നയന്‍താര കുറിപ്പിലൂടെ പറഞ്ഞു.