ബോളിവുഡിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് പരിനീതി ചോപ്ര. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു നടി എന്നതിലുപരി താരം ഒരു ഗായിക കൂടിയാണ്. എന്നാൽ ഇപ്പോൾ ജീവിതത്തില്‍ നേരിടേണ്ടി വന്ന പാട്രിയാര്‍ക്കിയുടെ ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. പുരുഷാധിപത്യം വിവിധ തലങ്ങളില്‍ നിലനില്‍ക്കുന്നതിനെ കുറിച്ച് പുതിയ ചിത്രമായ സന്ദീപ് ഔര്‍ പിങ്കി ഫരാറിന്റെ റിലീസിനോടനുബന്ധിച്ച് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്.
ചിത്രത്തിലൂടെ നേരിട്ട് അനുഭവിച്ച പല കാര്യങ്ങളുടെയും പ്രതിഫലനം കാണാമെന്നും നടി വെളിപ്പെടുത്തുകയാണ്. ചിത്രത്തിലേത് പോലെ തന്നെ തന്റെ വീട്ടിലും പുരുഷന്മാര്‍ കഴിച്ചതിന് ശേഷമോ അല്ലെങ്കില്‍ അവര്‍ ഉറങ്ങിയതിന് ശേഷമോ മാത്രമേ സ്ത്രീകള്‍ക്ക് കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു എന്നാണ് താരം പറയുന്നത്.
സന്ദീപ് ഔര്‍ പിങ്കിയില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീന്‍ ‘പറാത്ത അച്ചാര്‍’ ആണ്. അതില്‍ എല്ലാ പുരുഷന്മാരും ഇരിക്കുകയും സ്ത്രീകളെല്ലാം നില്‍ക്കുയുമാണ്. ഇതില്‍ നീന ഗുപ്തയുടെ കഥാപാത്രവും നില്‍ക്കുകയാണ്. പാട്രിയാര്‍ക്കിയുമായി അത്രയും പൊരുത്തപ്പെട്ടു കഴിഞ്ഞതു കൊണ്ട് അവര്‍ ഒരിക്കലും അര്‍ജുന്റെ കഥാപാത്രത്തിനോട് ആ അച്ചാറൊന്ന് എടുക്കാന്‍ പറയില്ല. പക്ഷെ, ഞാന്‍ മേശയില്‍ ഇരുന്നതിനെ ചോദ്യം ചെയ്യും.
ഈ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ വളര്‍ന്ന വന്ന വീടും പരിസരവുമാണ് ഓര്‍മ്മ വന്നത്. പുരുഷന്മാര്‍ ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങിയതിന് ശേഷമേ എന്റെ വീട്ടിലെ സ്ത്രീകള്‍ക്ക് കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. അത്താഴം കഴിഞ്ഞും പുരുഷന്മാര്‍ മേശയിലുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് അവിടെയിരുന്ന് കഴിക്കാന്‍ സാധിക്കില്ല.
എന്റെ അമ്മയ്ക്കും മേശയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്റെ അച്ഛന്‍ അമ്മയെകൊണ്ട് ഇതൊന്നും നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതല്ല. പക്ഷെ അവിടെ അങ്ങനെ ഒരു അലിഖിത നിയമമുണ്ടായിരുന്നു.’ പരിനീതി ചോപ്ര പറഞ്ഞു.