ബോളിവുഡിലെ ആരാധകര്‍ ഏറെയുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടെയും കുടുംബവിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയില്‍ അതിവേഗം പടരാറുണ്ട്. മക്കളായ തൈമുര്‍,ജേഹ് എന്നിവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോളിതാ കുടുംബത്തിന്റെ മനോഹര നിമിഷങ്ങളിലൊന്ന് സോഷ്യല്‍മീഡിയയില്‍ എത്തിയതോടെ വിമര്‍ശനവും ഉയരുകയാണ്.
സെയിഫും മൂത്തമകന്‍ തൈമൂറും കരീനയും ഒരുമിച്ചുള്ള രസകരമായ വീഡിയോയാണ് വൈറലാകുന്നത്. തൈമുറിനെ തോളിലെടുത്ത് പോകുകയാണ് സെയ്ഫ്. അതിനിടയില്‍ സെയ്ഫിന്റെ പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുക്കുന്നുമുണ്ട് ദൃശ്യങ്ങളില്‍ തൈമുര്‍. കരീനയെയും വീഡിയോയില്‍ കാണാം. മകന്‍ തൈമൂറിനെ തോളത്തെടുത്ത് നില്‍ക്കുന്ന സെയ്ഫ് ഫോണില്‍ ആരുമായോ സംസാരിച്ച് വരുന്ന കരീനയെ ചുംബിക്കുന്നതാണ് വീഡിയോയില്‍. അതിന് ശേഷം ഇരുവരും വീട്ടിലേക്ക് നീങ്ങുന്നതും കാണാം.
ചിത്രവും വീഡിയോയും വൈറലായതോടെ പൊതുഇടത്തില്‍ മകന് മുന്നില്‍ ചുംബിച്ചതിന് താരദമ്പതികള്‍ക്ക് എതിരെ വിമര്‍ശനവമായി എത്തുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം, താരങ്ങളുടെ സ്‌നേഹം കണ്ട് കയ്യടിക്കുന്നവരും നിരവധിയാണ്. സെയ്ഫ് കരീനയുടെ ചുണ്ടില്‍ ചുംബിച്ചതാണ് ചിലര്‍ക്ക് പ്രശ്നമായിരിക്കുന്നത്.
വൈറലായ വീഡിയോക്കും ചിത്രത്തിനും താഴെ നിരവധി കമന്റുകളാണ് വരുന്നത്. മനോഹരമായ വീഡിയോ, ക്യൂട്ട് മൊമന്റ് എന്നൊക്കെയാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ചിലര്‍ കരീനയുടെയും സെയ്ഫിന്റെയും പാരന്റിങ് സ്‌റ്റൈലിനെ അഭിനന്ദിക്കുന്നുണ്ട്. ചിലരാകട്ടെ ക്യാമറക്ക് മുന്നിലെ ചുംബനം വെറും ഷോ ഓഫ് ആണെന്നാണ് കമന്റ് ചെയ്യുന്നത്.
അതേസമയം, ഇവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ചു കയറാറുള്ള പാപ്പരാസികള്‍ പകര്‍ത്തിയിട്ടുള്ളതാണ് ചിത്രം. മുന്‍പും പല തവണ പാപ്പരാസികള്‍ ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. മകന്‍ തൈമൂറിനെ പാപ്പരാസികള്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ കരീന ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തൈമൂറിന്റെ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സെയ്ഫും കരീനയും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കരീന പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അച്ചന്മാര്‍ക്കായുള്ള ഓട്ട മത്സരത്തില്‍ സെയ്ഫ് അലി ഖാന്‍ പങ്കെടുത്തിരുന്നു.
2012 ല്‍ അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.മൂത്ത മകന്‍ തൈമൂറിനു കൂട്ടായി 2021 ഫെബ്രുവരി 21നാണ് കരീന സെയ്ഫ് ദമ്പതികള്‍ക്ക് ജെ ജനിച്ചത്.ഇരുവിവാഹങ്ങളിലായ സാറാ അലി ഖാന്‍, ഇബ്രാഹിം അലി ഖാന്‍, തൈമൂര്‍, ജെ എന്നിങ്ങനെ നാലു മക്കളാണ് സെയ്ഫ് അലിഖാനുള്ളത്. സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.
ഹന്‍സല്‍ മെഹ്തയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കരീനയുടേതായി റിലീസിനെത്തുന്നത്.ഓംറൗട്ട് ന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദിപുരുഷ് ആണ് സെയ്ഫിന്റെ പുതിയ ചിത്രം. ടി- സീരിയസ് എന്ന റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിന്മയ്ക്കെതിരെ നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.