ഇന്നലെ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലെ ലൊക്കേഷൻ ചിത്രമാണ്. ചിത്രത്തിൽ നടൻ പൃഥ്വിരാജിനും മഡോണയ്ക്കും ധർമ്മജൻ ബോൾഗാട്ടിക്കും ഒപ്പം കൂളിങ് ഗ്ലാസ് വച്ച് നിൽക്കുന്ന 'ഫ്രീക്കൻ'ആരെന്നാണ് സോഷ്യൽമീഡിയ തെരഞ്ഞെത്. എന്നാൽ ചിലർക്ക് പെട്ടെന്ന് തന്നെ ആളെ പിടികിട്ടിയെങ്കിലും താരത്തിന്റെ ഗംഭീര മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ്.
ജീൻസിം മഞ്ഞ ടീ ഷർട്ടും കൂളിങ് ഗ്ലാസും വച്ച് ചെത്ത് പയ്യന്റെ ലുക്കിൽ നില്ക്കുന്നത് നടൻ വിജയരാഘവൻ ആണ്. സൂക്ഷിച്ചു നോക്കിയാൽ പോലും ആളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നാണ് പലരും കമന്റിലൂടെ പറയുന്നത്.എപ്പോഴും മുടി പിറകോട്ടു ചീകി അമ്മാവൻ നോട്ടവുമായി നിൽക്കുന്ന ഭാവത്തിൽ കണ്ടിട്ടുള്ള താരത്തിന്റെ പുതിയ ലുക്ക് കൈയടി നേടി കഴിഞ്ഞു.
കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന 'ബ്രദേർസ് ഡേ'യിൽ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഷാജോൺ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഈ വർഷം ഓണം റിലീസ് ആയി എത്തിക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിങ് അതിന്റെ അവസാന ഘട്ടത്തിൽ ആണ്.
ഒരു ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആയിരിക്കും ബ്രദേഴ്‌സ് ഡേ എന്നാണ് സൂചന. ഈ ചിത്രത്തിന്റേതായി ഇതുവരെ പുറത്തു വന്നിട്ടുള്ള പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യൻ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്.