കന്നഡ നടന്‍ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗവും മാസങ്ങള്‍ക്ക് ശേഷം ആ വേദനയില്‍ നിന്നും പുഞ്ചിരിയോടെ തന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മേഘ്‌നയേയുമെല്ലാം ആരാധകര്‍ വേദനയോടെയാണ് കാണുന്നത്. ജൂണ്‍ ഏഴിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരു അപ്രതീക്ഷിതമായി വിടവാങ്ങിയത്. അന്ന് നാലു മാസം ഗര്‍ഭിണിയായിരുന്ന മേഘ്‌ന തകര്‍ന്നു പോയിരുന്നു. രണ്ടാം വിവാഹവാര്‍ഷികത്തിനു പിന്നാലെ തങ്ങളുടെ ആദ്യ കണ്‍മണി ജീവിതത്തിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ഇരുവരും. ചിരുവിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ആ വേദന പങ്കുവച്ച് മേഘ്‌ന എത്തിയിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനയ്ക്കിടയിലും അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ബേബിഷവര്‍ പാര്‍ട്ടികള്‍ അതിഗംഭീരമായിട്ടാണ് മേഘ്‌നയും ചിരഞ്ജീവിയുടെ കുടുംബവും ആഘോഷിച്ചത്. പരമ്പരാഗതമായ സീമന്ത ചടങ്ങുകളും ബേബി ഷവര്‍ പാര്‍ട്ടികളും മൂന്നു സ്ഥലങ്ങളിലായിട്ടാണ് ആഘോഷിച്ചത്.
അതേസമയം ഇപ്പോള്‍ മേഘ്‌നയുടെ പ്രസവവുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പൂര്‍ണ ഗര്‍ഭിണിയായ മേഘ്‌നയുടെ പ്രസവം ഒക്ടോബര്‍ പതിനെഴിന് ആണെന്നാണ് സൂചന. അന്നേ ദിവസം തന്നെയാണ് ചിരഞ്ജീവിയുടെ ജന്മദിനമെന്നതും കൗതുകമാവുകയാണ്. ഒക്ടബോര്‍ പതിനേഴിന് തന്നെ മേഘ്ന കുഞ്ഞിന് ജന്മം നല്‍കുകയാണെങ്കില്‍ ചിരഞ്ജീവിയുടെ പുനര്‍ജന്മമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. മേഘ്‌നയുടെ ജീവിതത്തിന് സമാനമായി ഗര്‍ഭിണി ആയിരുന്ന അവസ്ഥയിലാണ് നടി നേഹ അയ്യര്‍ക്കും ഭര്‍ത്താവിനെ നഷ്ടപെട്ടത്. ഇതിന് പിന്നാലെ ഭര്‍ത്താവിന്റെ ജന്‍മദിനത്തില്‍ നേഹ ഒരു ആണ്‍കുഞ്ഞിന്റെ അമ്മയായി മാറിയിരുന്നു.
ചീരുവുമായിട്ടുള്ള സ്നേഹം ഒരിക്കലും അവസാനിക്കില്ലന്നും കുഞ്ഞിലൂടെ ആ സ്നേഹം തരാന്‍ ചീരു വീണ്ടുമെത്തുമെന്നും ഒരു അഭിമുഖത്തില്‍ മേഘ്ന തന്നെ പറഞ്ഞിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതിന് ശേഷം ചിരഞ്ജീവി പറഞ്ഞിരുന്ന ആശയങ്ങള്‍ക്ക് അനുസരിച്ചാണ് ബേബി ഷവര്‍ പാര്‍ട്ടി നടത്തിയത്. പരമ്പരാഗതമായ ആചാരങ്ങളടക്കം പാലിച്ച് കൊണ്ട് മൂന്ന് തരത്തിലായിരുന്നു ചടങ്ങുകള്‍. ചിരഞ്ജീവി ആദ്യം മുതലേ പറഞ്ഞിരുന്ന വേദിയില്‍ വെച്ചും വീട്ടില്‍ വെച്ചുമൊക്കെയായി ബേബി ഷവര്‍ നടത്തി. പട്ട് സാരി ഉടുത്ത് പൊട്ട് തൊട്ടുമൊക്കെ ചിരുവിന്റെ ആഗ്രഹപ്രകാരം അതീവ സുന്ദരിയായും സന്തോഷവതിയായും പ്രത്യക്ഷപ്പെട്ട മേഘ്നയ്ക്ക് നിറഞ്ഞ കൈയടിയാണ് പുറത്ത് നിന്നും ലഭിച്ചത്. ചീരുവിന്റെ ഓര്‍മ്മയ്ക്കായി ബേബിഷവര്‍ വേദിയില്‍ വലിയ കട്ടൗട്ടും സ്ഥാപിച്ചിരുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിലൂടെ വേദനകളെല്ലാം മറന്ന് സന്തോഷമായി ജീവിക്കാന്‍ മേഘ്നയ്ക്ക് സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ് എല്ലാവരും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2018 ഏപ്രില്‍ മാസത്തിലായിരുന്നു മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ഈ ലോക്ഡൗണ്‍ നാളുകളിലാണ് ഇരുവരും ഏറ്റവും കൂടുതല്‍ കാലം ഒന്നിച്ച് താമസിച്ചതെന്നും അതായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളെന്നും നടി പറഞ്ഞിരുന്നു.