മലയാള സിനിമയിൽ സഹനായക വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് ഹരീഷ് പേരടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും താരം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തു.
എന്നാൽ ഇപ്പോൾ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ നടന്‍ ശ്രീരാമനെ മമ്മൂട്ടി ഒരു ഗള്‍ഫ് ഷോയില്‍ നിന്ന് ഒഴിവാക്കി എന്ന സംവിധായകന്‍ സിദ്ദിഖിന്‍റെ വെളിപ്പെടുത്തലില്‍ വിമര്‍ശനവുമായി ഹരീഷ് പേരടി. സംവിധായകന്റെ വെളിപ്പെടുത്തല്‍ സഫാരി ചാനലില്‍ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെയായിരുന്നു.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
സിദ്ദിഖ് എന്ന സംവിധായകന്‍ സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു.. ശ്രീരാമേട്ടന്‍ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മൂക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന്..
എന്റെ പ്രിയപ്പെട്ട സിദ്ദിഖേട്ടാ നിങ്ങള്‍ക്ക് അന്നു തന്നെ മമ്മൂക്കയോട് പറയാമായിരുന്നു, ശ്രീരാമേട്ടന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന്. പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണ്.
സത്യസന്ധമായ ആത്മകഥകള്‍ ഞാന്‍ വായിക്കാറുണ്ട്. പക്ഷെ ഇത്.. എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്. ബാക്കി ശ്രീരാമേട്ടനും മമ്മൂക്കയും പറയട്ടെ.
ഞാന്‍ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മൂക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്. അതുകൊണ്ടുതന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ല.
ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതു കൊണ്ടാണ് നാളേക്ക് മാറ്റി വെക്കാത്തത്. മൂന്ന് പേര്‍ക്കും ആശംസകള്‍.