Latest News

അസ്ഥി തുളക്കും പോലെ ഉള്ള ആ തണുപ്പില്‍ ഞാന്‍ ഒന്ന് വിയര്‍ത്തു; ശരീരത്തില്‍ തീ വെക്കണമെന്ന് അവര്‍ പറഞ്ഞു; ഞാന്‍ ചോദിച്ചത് രണ്ട് പെഗ്; അനുഭവം പങ്കുവച്ച് നടൻ കെ .എസ് പ്രതാപൻ

Malayalilife
അസ്ഥി തുളക്കും പോലെ ഉള്ള ആ തണുപ്പില്‍ ഞാന്‍ ഒന്ന് വിയര്‍ത്തു;  ശരീരത്തില്‍ തീ വെക്കണമെന്ന് അവര്‍ പറഞ്ഞു; ഞാന്‍ ചോദിച്ചത് രണ്ട് പെഗ്; അനുഭവം പങ്കുവച്ച് നടൻ കെ .എസ് പ്രതാപൻ

 മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ചായക്കട മുതലാളിയായ പൈലിയെ. കെ .എസ് പ്രതാപൻ എന്ന നടനാണ് പൈലിയായി പ്രേക്ഷക ശ്രദ്ധ നേടിയത്. എന്നാൽ ഇപ്പോൾ സിനിമയുടെ ക്ലൈമാസ്റ്റ് ഫൈറ്റില്‍ ഡ്യൂപ്പില്ലാതെ ശരീരം തീപിടിപ്പിച്ച് അഭിനയിച്ചതിന്റെ അനുഭവം തുറന്നുപറയുകയാണ് താരം. വെല്ലുവിളി നിറഞ്ഞ ഈ രംഗം സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദറിന്റെയും സംവിധായകന്‍ ബേസില്‍ ജോസഫിന്റെയും പിന്തുണയിലാണ് ഈ രംഗം അഭിനയിച്ച് തീര്‍ത്തതെന്ന് പ്രതാപന്‍ വെളിപ്പെടുത്തുകയാണ്.

പ്രതാപന്റെ വാക്കുകള്‍

മിന്നല്‍ മുരളി… ഏറെ സന്തോഷം… സിനിമയില്‍ ഈ തയാറെടുപ്പ് എടുത്ത് ചെയ്തത് ഒരഞ്ച് നിമിഷം ഇല്ല, പക്ഷേ ഒരു കാര്യം ചെയ്തു എന്ന തോന്നിയ നിമിഷമായിരുന്നു. കര്‍ണാടകയിലെഒരു വിദൂര ഗ്രാമത്തില്‍ സെറ്റിട്ട് , ഷിബു നാട് മുഴുവന്‍ കത്തിച്ച് താണ്ഡവമാടുമ്പോള്‍ എന്റെ പൈലിയേയും കത്തിക്കുന്നുണ്ട്. അതെടുക്കാനായിരുന്നു ഈ തയാറെടുപ്പ്.

 എനിക്കും തീപിടിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത് ലൊക്കേഷനില്‍ എത്തിയ അവസാന നിമിഷമാണ്. സ്റ്റണ്ട് മാസ്റ്റര്‍ സുപ്രീം സുന്ദര്‍, പറഞ്ഞു, ഡ്യൂപ്പില്ലാതെ ചെയ്യണമെന്ന്. അതായത് ഞാന്‍ നിന്ന് കത്തണമെന്ന്. പറഞ്ഞ ആ നിമിഷം ഞാന്‍ ഒന്ന് ഞെട്ടി. അസ്ഥി തുളക്കും പോലെ ഉള്ള ആ തണുപ്പില്‍ ഞാന്‍ ഒന്ന് വിയര്‍ത്തു. ഞാന്‍ തീരുമാനം അറിയിക്കാന്‍ രണ്ട് മിനിറ്റ് ചോദിച്ചു. ആ പാതിരാത്രി വീട്ടിലേക്ക് ഭാര്യ സന്ധ്യയെ വിളിച്ച് കാര്യം പറഞ്ഞു. ശരീരത്ത് അവിടെവിടെയായ് തീപ്പിടിപ്പിക്കണമെന്നാണ് ആലോചന. സന്ധ്യ ശകലം ആലോചിച്ചു എന്നിട്ട് പറഞ്ഞു. ‘ചരിത്ര പുസ്തകത്തിലേക്ക് ഒരേട് എന്ന നാടകത്തില്‍ നിങ്ങള്‍ സ്വന്തം തലയില്‍ തീകത്തിച്ച് കാപ്പി വച്ച ആളല്ലെ ? എല്ലാ സുരക്ഷിതത്വവും ഉണ്ട് എന്ന് തോന്നിയാല്‍ അങ്ങട്ട് ചെയ്യ്’ … ഫോണ്‍ വച്ചു.

ഞാന്‍ ഒന്നും മിണ്ടിയില്ല സംവിധായകന്‍ ബേസില്‍ , നടന്റെ തീരുമാനം എന്ന ശരീരഭാഷയില്‍ എന്നെ ഒന്ന് നോക്കി തീരുമാനത്തിന് കാത്തു. അസോസിയേറ്റ് ഡയറക്റ്റര്‍ ശിവപ്രസാദ് എപ്പോഴും മുഖത്തുള്ള ചിരിയുമായ് എന്നെ നോക്കുന്നു. യൂ റ്റു ബ്രൂട്ടസ് എന്ന പ്രശസ്തമായ ഡയലോഗ് ഞാന്‍ ശിവനെ നോക്കി മനസില്‍ പറഞ്ഞു. ഒന്ന് ശ്വാസമെടുത്ത് സ്റ്റണ്ട് മാസ്റ്ററോട്(സുപ്രീം സുന്ദര്‍) ചോദിച്ചു. എത്ര ശതമാനം എന്റെ ശരീരത്തിന് ഗാരണ്ടി ? മാസ്റ്റര്‍ പറഞ്ഞു ഇരുന്നൂറ് ശതമാനം. ഞാന്‍ ചെയ്യാം.

പിന്നെ ഒരുക്കം ശരീരം മുഴുവന്‍ തുണി ചുറ്റി ആ കൊടുംതണുപ്പത്ത് സുരക്ഷയ്ക്ക് വേണ്ടി തുണിക്കുള്ളിലേക്ക് ശരീരത്തിലേക്ക് കുപ്പിക്കണക്കിന്‌സോഡ ഒഴിച്ച് കൊണ്ടേയിരുന്നു. തണുത്ത് വിറങ്ങലിച്ച ഞാന്‍ അസിസ്റ്റന്‍ഡ് ഡയറക്റ്റര്‍ റീസ് തോമസിനോട് ധൈര്യത്തിനും തണുപ്പിനെ പ്രതിരോധിക്കാനും ഒരു രണ്ട് പെഗ് എവിടുന്നെങ്കിലും ഒപ്പിക്കടാന്ന് പറഞ്ഞ്. റീസ്, വോക്കിയിലൂടെ എന്റെ ആവശ്യം പറയുന്നത് ഞാന്‍ കേട്ടു. പക്ഷേ പല വോക്കിയില്‍ നിന്നും ‘പ്രതാപേട്ടന്‍ പെഗ് ചോദിക്കുന്നുണ്ടേ’ എന്ന സന്ദേശം തലങ്ങും വിലങ്ങും പായുന്നത് ഞാന്‍ കേട്ടു. പക്ഷേ ആ പെഗ് എന്നെ തേടി വന്നതേയില്ല. ഒടുവില്‍ ഒരുക്കം പൂര്‍ത്തിയായ തണുത്ത് വിറച്ച് ക്യാമറയുടെ മുന്‍പിലേക്ക് ആദ്യം ഒരു റിഹേഴ്‌സല്‍.

 രണ്ടാമത്തെ ടേക്കിന് ഒക്കെയായപ്പോള്‍. ചുറ്റും നിന്നവര്‍ കയ്യടിച്ചു. സിനിമയില്‍ ആ സീന്‍ എത്ര സമയം ഉണ്ട് എന്ന് ഞാന്‍ വേവലാതിപ്പെടുന്നേയില്ല. ഞാന്‍ ഒരു സിനിമാക്കാരനാണ് എന്ന് കരുതുന്നേയില്ല, പക്ഷേ വിജയിച്ച നാടകക്കാരനാണ്. നാടകമാണ് എനിക്ക് സിനിമ തന്നത്. പിന്നീട് ഇതറിഞ്ഞ സുഹൃത്തുക്കള്‍ അത് വേണ്ടായിരുന്നു എന്ന് പറഞ്ഞു. പക്ഷേ ഒരോ വിജയത്തിന് പിന്നിലും ഒരു റിസ്‌ക്ക് എലമെന്റുണ്ടാകും എന്ന് ഞാന്‍ മനസിലാക്കുന്നു. എവറസ്റ്റ് അവിടെ ഉള്ളത് കൊണ്ടാണ് ഓരോ ദുര്‍ബലരായ മനുഷ്യനും അത് കയറി കൊടി നാട്ടുന്നത്, അയാള്‍ ആത്മവിശ്വാസിയായ് മാറുന്നത്. മിന്നല്‍ മുരളി ഞങ്ങള്‍ക്കെല്ലാര്‍ക്കും അതാണ് തന്നത്. ആത്മവിശ്വാസം, ഊര്‍ജം, ധൈര്യം. ഒരു മിന്നല്‍ ഓരോ മനുഷ്യനും ഏല്‍ക്കട്ടെ..

 

Actor k s prathapan words about movie minnal murali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES