മലയാള സിനിമ പ്രേമികൾക്ക് ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരമാണ് മനേഷ് കൃഷ്ണൻ. നിരവധി സിനിമകളിലൂടെ നായക വേഷത്തിൽ എത്തിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്നേ ഉള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
ഒരു നടനാകുന്നതിന് മുന്നേ മനേഷ് ആദ്യമായി നാട് വിട്ടത് ചെന്നൈലേക്കോ കോടമ്പത്തേക്കോ ഒന്നുമല്ല പകരം തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്കാണ് എന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം. തന്റെ വീട്ടുകാർ ജോലിക്കായി തന്നെ ദുബായിലേക്ക് അയക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് കൈയ്യിൽ കള്ളത്തരത്തിൽ പ്ലാസ്റ്ററൊക്കെയിട്ട് കിടന്നിരുന്നത്. പക്ഷേ അതൊന്നും അവർ വകവെക്കാതെ തന്നെ ദുബായിലേക്ക് പറത്തുകയും ചെയ്തിരുന്നു. എന്നാൽ തിരികെ ഉള്ള തന്റെ മടക്കം സിനിമ എന്ന ലക്ഷ്യവുമായിട്ടായിരുന്നു.
അതുകൊണ്ട് തന്നെ ഗ്ലാമർ പോകരുതെന്നുള്ള കാരണത്താൽ എസിയുള്ള സ്ഥലം നോക്കി ജോലി നോക്കുകയായിരുന്നു. അങ്ങനെ ഐസ്ക്രീം പാർലറിൽ ജോലി നോക്കിയിരുന്നു. അവിടുന്ന് സിനിമയിലേക്ക് നീങ്ങാമെന്നായിരുന്നു പ്ലാൻ. തുടർന്നായിരുന്നു തിരുവനന്തപുരത്തെത്തുന്നത്. ജോലിക്കായി ചെന്നപ്പോഴേ വീടു വിട്ട് വന്നതാണെന്ന് അവർ മനസ്സിലാക്കിയതോടെ പറ്റിയ ജോലിയല്ല എന്ന് പറഞ്ഞ് തിരികെ വിടുകയും ചെയ്തിരുന്നു. പിന്നീട് ട്രിവാൻഡ്രത്ത് ഒരു ബാറിലും ജോലി നോക്കുകയും ചെയ്തു.
ഒരു ലോഡ്ജിൽ നിന്നു കൊണ്ടായിരുന്നു ബാറിലേക്ക് ജോലിക്ക് പോയിരുന്നത്. എന്നാൽ ജോലി നോക്കി ഒരാഴ്ചയ്ക്ക് ശേഷം കൈയ്യിലെ കാശ് തീർന്ന് വന്നതോടെ ബാഗൊക്കെയെടുത്ത് നേരെ പോയത് പദ്മനാഭ ക്ഷേത്രത്തിൻ്റെ അടുത്ത് ആയിരുന്നു. അവിടെ ബാഗ് കൊണ്ടുവെച്ചു. തുടർന്ന് അവിടെ ചിരട്ട കൊണ്ട് വയലിൻ വിൽക്കണ ഒരു ചേട്ടൻ്റെ ഒപ്പം കൂടുകയും ചെയ്തു. പിന്നീടുള്ള രണ്ട് മാസം അവിടെ കഴിയുകയായിരുന്നു. അന്നൊക്കെ റോഡിൽ മുണ്ട് വിരിച്ചായിരുന്നു കിടത്തമെല്ലാം. അങ്ങനെ ജീവിതം ഒരുപാട് കടന്ന് പോയി. ആ കാലം എന്ന് പറയുന്നത് പ്രതിസന്ധി ഘട്ടങ്ങളുടെ കാലം തന്നെയായിരുന്നു.
നെടുമങ്ങാടുള്ള തന്റെ സുഹൃത്തിൻ്റെ അടുത്തേക്ക് വിളി പോയതോടെയാണ് വീട്ടുകാർ അറിയുന്നത്. ആറടി പൊക്കമുള്ള രണ്ട് മനുഷ്യരർ പിറ്റേ ദിവസം വന്ന് എന്നെ പൊക്കിയെടുത്ത് പൊറോട്ടയും മട്ടൻ ചാപ്സും വാങ്ങിത്തന്ന് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. ഇതെല്ലാം ജീവിതത്തിൽ എന്നും ഓർത്തുവെക്കാൻ കഴിയുന്ന ഒരു അനുഭവമാണ് എന്നും താരം പറയുകയാണ്.