നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. താരത്തിന്റെത് ഒരു കൊച്ചു വല്യ കുടുംബം കൂടിയാണ്. വരുന്ന സെപ്റ്റംബര്‍ 30ന് താരം പ്രധാന വേഷത്തിൽ എത്തുന്ന 'മേ ഹൂം മൂസ' പ്രദര്‍ശനത്തിനെത്തും.
എന്നാൽ ഇപ്പോൾ , സിനിമയുടെ പൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ശ്രിന്ദയിലൂടെ മലയാള സിനിമയ്ക്ക് കെപിഎസി ലളിതയെ തിരികെ ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കെപിഎസി ലളിതയില്‍ നിന്നും ഇനിയും കാണാന്‍ പ്രേക്ഷകര്‍ ആഗ്രഹിച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രിന്ദ വളരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'നമുക്കൊരു ലളിത ചേച്ചിയെ തിരികെ കിട്ടും. പ്രകടനത്തിന്റെ കാര്യത്തില്‍, ഒരു അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ ഒരു കെപിഎസി ലളിതയെ കിട്ടും. ലളിത ചേച്ചിയില്‍ നിന്നും നമ്മള്‍ ഇനിയും ആഗ്രഹിച്ചിരുന്ന കഥാപാത്രങ്ങള്‍ക്ക് ഒരു ആക്ടര്‍ വളര്‍ന്ന് വരുന്നുണ്ട്. ശ്രിന്ദയിലൂടെ മലയാള സിനിമയ്ക്ക് കെപിഎസി ലളിതയെ തിരികെ ലഭിക്കും, ഉറപ്പാണ്', സുരേഷ് ഗോപി പറഞ്ഞു.