കരിക്ക് വെബ് സീരിയസിലെ കൊച്ചായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ നടിയാണ് ശ്രുതി സുരേഷ്. ഫ്രീഡം ഫൈറ്റ്, അന്താക്ഷരി, ജൂണ്‍, അര്‍ച്ചന 31 നോട്ടൗട്ട്, സുന്ദരി ഗാര്‍ഡന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പാല്‍തൂ ജാന്‍വറാണ് അവസാന ചിത്രം. ബേസില്‍ ജോസഫ് നായകനായി എത്തിയ പാല്‍ തൂ ജാന്‍വര്‍ സംഗീതിന്റെ ആദ്യ ചിത്രമാണ്. ഇപ്പോഴിതാ പാൽതു ജാൻവറിലേയ്ക്ക് എത്തിയ കഥ പറഞ്ഞ് ശ്രുതി വനിതയ്ക്ക് നൽകിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.
പാൽതുവിന്റെ ആലോചന നടക്കുമ്പോൾ മുതൽ താനും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും തനിക്ക് ആ സിനിമയിലേയ്ക്ക് അവസരമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഒരു ദിവസം അസോസിയേറ്റ് ഡയറക്ടറായ രോഹിത് ഭാവന സ്റ്റുഡിയോസിന്റെ അടുത്ത സിനിമയിൽ അവസരമുണ്ടെന്ന് പറഞ്ഞു വിളിക്കുകയായിരുന്നു.
ഭർത്താവായ സംഗീത് നിർദ്ദേശിച്ചിട്ടാണോ ചാൻസ് കിട്ടിയതെന്ന നല്ല ആശങ്ക തനിക്ക് ഉണ്ടായിരുന്നു. എന്നാൽ സെറ്റിലെത്തിയപ്പോൾ ബേസിലിന്റെ ജോഡിയായി നീ എത്തിയാൽ നന്നായിരിക്കുമെന്ന് ഉണ്ണിമായയാണ് നിർദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്ക് ഒരുപാട് ആത്മവിശ്വാസം തന്നെന്നും അങ്ങനെയാണ് പാൽതുവിലെ സ്റ്റെഫിയായതെന്നും അവർ കൂട്ടിച്ചേർത്തു. ചിത്രത്തിൽ സ്റ്റെഫി മുഴുനീള കഥാപാത്രമാണെങ്കിലും തനിക്ക് ഒരു ദിവസത്തെ ഷൂട്ടിങ്ങ് മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും അവർ പറഞ്ഞു.