മാസങ്ങള്‍ക്കു മുമ്പാണ് നടന്‍ നെപ്പോളിയന്റെ മകന്‍ ധനുഷ് വിവാഹിതനായത്. നാലു വയസു മുതല്‍ അപൂര്‍വ്വ രോഗം ബാധിച്ച് കിടപ്പിലായിരുന്ന ധനുഷ് ഇപ്പോള്‍ വീല്‍ച്ചെയറിലാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. നിരവധി ചികിത്സകള്‍ക്കൊടുവിലാണ് നെപ്പോളിയന്‍ മകനെ ഈ വിധത്തിലേക്ക് മാറ്റിയെടുത്തത്. തമിഴ്നാട്ടില്‍ നിന്നും യുഎസിലേക്ക് അദ്ദേഹം ജീവിതം പറിച്ചു നട്ടതു പോലും മകനു വേണ്ടിയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്നോണമാണ് മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം മകന്റെ വിവാഹം നടത്തിയത്. തിരുനെല്‍വേലിക്കാരിയായ അക്ഷയ എന്ന പെണ്‍കുട്ടിയെ കണ്ടിഷ്ടപ്പെട്ട് എല്ലാ കാര്യങ്ങളും സംസാരിച്ച ശേഷമാണ് അക്ഷയ വിവാഹത്തിന് ഒരുങ്ങിയതും. വിദേശത്തു വച്ചായിരുന്നു ഇവരുടെ വിവാഹം. അത്യാഢംബരമായി നടത്തിയ വിവാഹത്തിനു ശേഷം വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനവും നടത്തിയ അക്ഷയയും ധനുഷും തിരിച്ച് യുഎസിലെ വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ പ്രശസ്ത തമിഴ് യൂട്യൂബറും ഷെഫുമായ മദംപ്പെട്ടി രംഗരാജ് നവദമ്പതികളെ കാണാന്‍ അപ്രതീക്ഷിതമായി യുഎസിലെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് മുടിയും താടിയും നീട്ടി വളര്‍ത്തിയ ധനുഷിനെയാണ്.
ഭാര്യ അക്ഷയ വീട്ടില്‍ ഉണ്ടായിരുന്നുമില്ല. ധനുഷിന്റെ അനിയനും അമ്മയ്ക്കും ഒപ്പമെല്ലാം നിന്ന് ഫോട്ടോയുമെടുത്ത വീഡിയോ നെപ്പോളിയന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചപ്പോള്‍ ഏറ്റവും അധികം പേര്‍ ചോദിച്ചത് അക്ഷയ എവിടെ എന്ന ചോദ്യമാണ്. അതോടൊപ്പം തന്നെ ധനുഷിന് എന്തുപറ്റി? ആരോഗ്യം കൂടുതല്‍ വീക്ക് ആയതുപോലെയുണ്ടല്ലോ, ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കും തുടങ്ങി നിരവധി അഭിപ്രായ പ്രകടനങ്ങളും വീഡിയോയ്ക്ക് താഴെ പങ്കുവച്ചിട്ടുണ്ട്. ഏറെക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് ധനുഷിന് വേണ്ടി നെപ്പോളിയനും ഭാര്യയും അക്ഷയയെ കണ്ടെത്തിയത്. ഇരുവരുടേയും പ്രാര്‍ത്ഥനകളും വഴിപാടുകളുമെല്ലാം സഫലമാക്കിയാണ് ഒരു മരുമകളെ താരകുടുംബത്തിന് കിട്ടിയത്.
തിരുനെല്‍വേലിയില്‍ നിന്നും ഇവിടുത്തെ ഒരു സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയാണ് ഭിന്നശേഷിക്കാരനായ ധനുഷിനെ ഭര്‍ത്താവായി സ്വീകരിച്ച അക്ഷയ. പാവപ്പെട്ടവരായ അച്ഛന്റേയും അമ്മയുടേയും മകളായി ജനിച്ച അക്ഷയയ്ക്ക് നാടും വീടും പ്രിയപ്പെട്ടവരും ആയിരുന്നു ലോകം. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരോട് വളരെയധികം സ്നേഹവും കരുണയും കുട്ടിക്കാലം മുതല്‍ക്കെ പുലര്‍ത്തിയിരുന്ന അക്ഷയയുടെ ആ സ്നേഹ മനസിലേക്കാണ് ധനുഷിനെ കുറിച്ചുള്ള വിവരങ്ങളും എത്തിയത്.
മകനു വേണ്ടിയുള്ള ആലോചനകള്‍ തകൃതി പിടിച്ചു നടക്കവേയാണ് അക്ഷയയെ കുറിച്ച് നെപ്പോളിയനും കുടുംബവും അറിഞ്ഞത്. അന്വേഷണവുമായി തിരുനെല്‍വേയിലെ വീട്ടിലേക്ക് നേരിട്ടാണ് നടന്‍ എത്തിയത്. അക്ഷയയുടേയും കുടുംബത്തിന്റേയും സാമ്പത്തിക - സാമൂഹിക പശ്ചാത്തലമൊന്നും നെപ്പോളിയന് പ്രശ്നമായിരുന്നില്ല. മകനെ സ്നേഹിക്കണം.. അവനെ സങ്കടപ്പെടുത്തരുത്.. ഇതുമാത്രമായിരുന്നു ആവശ്യം. അക്ഷയയെ അടുത്തറിഞ്ഞപ്പോള്‍ ഇതില്‍ കൂടുതല്‍ നല്ലൊരു പെണ്ണിനെ ഞങ്ങളുടെ മോന് കിട്ടാനില്ലായെന്നായിരുന്നു താരകുടുംബത്തിന്റെ വെളിപ്പെടുത്തല്‍.