Latest News

എസ്‌പിബിയുടെ ആരോഗ്യനില ഗുരുതരം; കൈകോർത്ത് സിനിമാലോകം

Malayalilife
എസ്‌പിബിയുടെ ആരോഗ്യനില ഗുരുതരം; കൈകോർത്ത്  സിനിമാലോകം

കോവിഡ് ബാധിച്ച് അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥിക്കുകയാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍. ആരാധകര്‍ മാത്രമല്ല സുഹൃത്തുക്കളും പ്രിയപ്പെട്ട എസ്പിബിയുടെ കാര്യത്തില്‍ ആശങ്കാകുലരാണ്. തങ്ങളുടെ ആശങ്കയും സങ്കടവുമെല്ലാം പങ്കുവച്ച് ഇളയരാജയും ചിത്രയും ഖുഷ്ബുവുമൊക്കെ രംഗത്തെത്തിയിരുന്നു.

ബാലൂ... വേഗം എണീറ്റു വാ... നിനക്കു വേണ്ടി കാത്തിരിക്കുകയാണ്. നമ്മുടെ ചങ്ങാത്തം സ്വരവും സംഗീതവും പോലെയാണ്. നിനക്കായി പ്രാര്‍ഥിക്കുന്നു എന്നാണ് ഇടറിയ ശബ്ദത്തില്‍ ഇളയരാജ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്. തനിക്ക് ഈശ്വരതുല്യനാണെന്നും ദൈവം എന്ന പേരിലാണ് താന്റെ എസ്പിബിയുടെ പേര് സേവ് ചെയ്തിരിക്കുന്നതും എന്നായിരുന്നു ഖുഷ്ബുവിന്റെ പ്രതികരണം. സാര്‍ എത്രയും വേഗം തിരിച്ചെത്താനുള്ള പ്രാര്‍ഥനയിലാണ് താനെന്നായിരുന്നു ചിത്ര പറഞ്ഞത്.

ഇപ്പോള്‍ എസ്പിബിയുടെ  രോഗമുക്തിക്കു വേണ്ടി പ്രാര്‍ഥനയുമായി സിനിമാ സംഗീത ലോകം ഒത്തുചേരുകയാണ്. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പ്രാര്‍ഥന ആരംഭിക്കുക. സംവിധായകന്‍ ഭാരതിരാജയാണ് പ്രാര്‍ഥനയ്ക്കായി ലോകമെമ്പാടുമുള്ള സ്‌നേഹിതരെ ക്ഷണിച്ചത്. സ്‌നേഹത്തിന്റെ വിത്ത് വിതയ്ക്കാന്‍ മാത്രമേ എസ്പിബിക്ക് അറിയൂ. അദ്ദേഹം ഒരു അത്ഭുത കലാകാരനാണ്. എസ്പിബി ഉടന്‍ നമുക്കിടയിലേക്ക് മടങ്ങിയെത്തും. നാം അദ്ദേഹത്തെ തിരികെ കൊണ്ടുവരും. മുന്‍പ് എം.ജി.ആര്‍ രോഗബാധിതനായപ്പോള്‍ ഇതുപോലെ നാം എല്ലാവരും പ്രാര്‍ഥനയില്‍ പങ്കു ചേര്‍ന്നിരുന്നു. അദ്ദേഹം പിന്നീട് ആരോഗ്യവാനായി മടങ്ങി വരികയും ചെയ്തിരുന്നു. ഇപ്പോള്‍ പ്രിയപ്പെട്ട എസ്പിബിയുടെ തിരിച്ചുവരവിനു വേണ്ടിയും നമുക്ക് അതുപോലെ ചെയ്യാം', പ്രാര്‍ഥനയ്ക്കായി ക്ഷണിച്ച് ഭാരതിരാജ പറഞ്ഞു.

സംഗീതജ്ഞര്‍, അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മാതാക്കള്‍, തിയറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ തുടങ്ങി നിരവധി പേര്‍ പ്രാര്‍ഥനാ യജ്ഞത്തിന്റെ ഭാഗമാകും. ഇളയരാജ, രജനികാന്ത്, കമല്‍ ഹാസന്‍, എ.ആര്‍.റഹ്മാന്‍, വൈരമുത്തു തുടങ്ങിയവര്‍ സ്വവസതികളില്‍ നിന്നും പങ്കുചേരും. പ്രാര്‍ഥനയുടെ ഭാഗമായി എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുകളും പ്ലേ ചെയ്യും.

ഈ മാസം അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറഞ്ഞ തോതില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളു എന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഗായകന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ചയോടെ എസ്പിബിയുടെ നില വഷളാവുകയും അതിതീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റുകയുമായിരുന്നു. അദ്ദേഹം ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

SP Balasubramaniam heath condition is critical

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES