തിരുപ്പതി ക്ഷേത്രം, പെദ്ദ ദര്‍ഗ എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. മകള്‍ ഐശ്വര്യയ്‌ക്കൊപ്പം വ്യാഴാഴ്ച രാവിലെയാണ് താരം തിരുപ്പതിയിലെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷം സംഗീജ്ഞന്‍ എ ആര്‍ റഹ്മാനൊപ്പം ആന്ധ്രയിലെ അമീന്‍ ദര്‍ഗയിലും രജനി എത്തി.
കഴിഞ്ഞദിവസം രാത്രിയോടെ തിരുപ്പതിയില്‍ എത്തിയ താരം തൊട്ടടുത്ത ദിവസം രാവിലെ ആണ് മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നത്. ക്ഷേത്രത്തില്‍ ദേവസ്ഥാനം അധികൃതര്‍ രജനീകാന്തിന് സ്വീകരണം നല്‍കി വരവേറ്റിരുന്നു. തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം അമീര്‍ ബിര്‍ ദര്‍ഗയിലും താരം സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനൊപ്പം സന്ദര്‍ശനം നടത്തി. അടുത്തിടെയാണ് രജനികാന്ത് 73 ാം ജന്മദിനം ആഘോഷിച്ചിരുന്നത്.
സുപ്രഭാതം സേവ, മറ്റു പൂജകള്‍ എന്നിവയ്ക്കിടയിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന രജനിയുടെയും മകള്‍ ഐശ്വര്യയുടെയും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ജെയിലര്‍ എന്ന പുതിയ ചിത്രത്തിലെ ലുക്കിലാണ് രജനി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
നെല്‍സന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ജയിലര്‍ എന്ന ചിത്രത്തിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ രമ്യ കൃഷ്ണനും മികച്ച വേഷത്തില്‍ എത്തുന്നുണ്ട്. ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അണ്ണാത്തെ എന്ന സിനിമയാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.
സംവിധായിക എന്ന നിലയില്‍ മികച്ച പ്രകടനം ഇതിനോടകം തന്നെ കാഴ്ചവെച്ച് ശ്രദ്ധേയയാണ് രജനിയുടെ മൂത്തമകള്‍ ഐശ്വര്യ. ലാല്‍സലാം എന്ന ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ഐശ്വര്യയെന്ന് ഈ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ രജനീകാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തും ആണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്മാന്റെ സംഗീതസംവിധാനത്തിലാണ് ചിത്രത്തിന്റെ സംഗീതം ഒരുങ്ങുന്നത്. ലൈറ്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.