ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തിലെത്തുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം സോയ ഫാക്ടറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയവും ഹാസ്യവും എല്ലാം സമ്മിശ്രമായി അവതരിപ്പിച്ചിരിക്കുന്ന ട്രെയിലറില്‍ സിക്സ് പാക്ക് ഗെറ്റപ്പിലെത്തി ദുല്‍ഖര്‍ ഞെട്ടിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ വരുന്നത്. സോനം കപൂര്‍ നായികയാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്.
1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കിയെ വരുന്ന ലോകകപ്പ് ജയിക്കാന്‍ ലക്കി ചാമായി തിരഞ്ഞെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച 'ദി സോയാ ഫാക്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.'
സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറും വേഷമിടുന്നു.
ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രദ്യുമ്നന്‍ സിങ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്ലാബ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സെപ്തംബര്‍ 20ന് തിയേറ്ററുകളിലെത്തും.