തുപ്പരിവാലന്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതില്‍ വിശദീകരണവുമായി നായകന്‍ വിശാല്‍ രംഗത്തെത്തി. അവസാന ഷെഡ്യൂള്‍ ഒഴികെ പൂര്‍ത്തിയായ സിനിമയില്‍ നിന്ന് മിഷ്‌കിന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വിശാല്‍ സംവിധാനം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മിഷ്‌കിനെതിരെ ആരോപണവുമായി വിശാല്‍ എത്തിയത്.
തുപ്പറിവാളന്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ച് ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയുടെ സംവിധാനത്തില്‍ നിന്നും മിഷ്‌കിന്‍ പുറത്താകുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് വിശാല്‍ പറഞ്ഞു. സിനിമയുടെ ബജറ്റ് 40 കോടിക്ക് മുകളില്‍ എത്തിയപ്പോഴാണ് വിശാലും മിഷ്‌കിനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്. പ്രശ്‌നത്തെ തുടര്‍ന്ന് മിഷ്‌കിന്‍ ചിത്രം ഉപേക്ഷിക്കുകയും വിശാല്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയും ആയിരുന്നു.
13 കോടി രൂപ മിഷ്‌കിന്‍ സിനിമയ്ക്കായി വെറുതെ ചിലവഴിച്ചു കളഞ്ഞെന്നാണ് ആരോപണം. ' എന്തിനാണ് സംവിധായകന്‍ ഒരു സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. സിനിമ പൂര്‍ത്തിയാക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ടോ,? അതോ സിനിമയുടെ നല്ലതിന് വേണ്ടി ചില കാര്യങ്ങള്‍ ചൂണ്ടി കാണിച്ചത് കൊണ്ടോ.' വിശാല്‍ ചോദിക്കുന്നു. സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മ്മാതാവിന്റെ കൈയില്‍ ഇല്ലെന്നാണ് തുപ്പറിവാളന്‍ രണ്ടിന്റെ സംവിധാനത്തില്‍ നിന്നും പിന്‍മാറിയ ശേഷം മിഷ്‌കിന്‍ പ്രതികരിച്ചത്.
കാനഡ, ഇംഗ്‌ളണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി 13 കോടിയോളം രൂപയാണ് ചിലവാക്കിയത്. വ്യക്തമായ ആസൂത്രണം ഇല്ലാത്തതിനാല്‍ അവിടെ എത്തിയ ശേഷവും മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. ഒരു ദിവസത്തെ ചിലവ് തന്നെ 15 ലക്ഷത്തോളം വരും. വിദേശത്ത് കൂടുതല്‍ സമയം ചിത്രീകരിക്കണമെന്ന താരങ്ങളുടെ ആവശ്യത്തെ മിഷ്‌കിന്‍ തള്ളിക്കളഞ്ഞു. പറഞ്ഞ സമയത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്ന് മാത്രമല്ല നിരുത്തരവാദിത്തത്തോടെയാണ് പെരുമാറിയതെന്ന ആക്ഷേപവുമുണ്ട്. ഡിസംബറില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനെത്തിയത് ഫെബ്രുവരിയിലാണ്. വിവാദത്തെ തുടര്‍ന്ന് മിഷ്‌കിന്‍ പുറത്ത് പോയത് നിര്‍മ്മാതാക്കള്‍ക്കുള്ള മുന്നറിയിപ്പാണെന്നും വിശാല്‍ പറഞ്ഞു.
വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് തുപ്പരിവാലന്‍ ടു നിര്‍മ്മിക്കുന്നത്. ഇതാദ്യമായാണ് വിശാല്‍ മിഷ്‌കിനുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ തുറന്നടിച്ച് രംഗത്തെത്തുന്നത്.മിഷ്‌കിന്‍ വിശാല്‍ ഫിലിം ഫാക്ടറിക്ക് മുന്നില്‍ തുപ്പരിവാലന്‍ പൂര്‍ത്തിയാക്കാന്‍ വച്ച നിബന്ധനകളെന്ന പേരില്‍ ചില രേഖകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. തുപ്പരിവാലന്‍ ടു ഹിന്ദി റീമേക്ക് റൈറ്റ്സ് നല്‍കണമെന്നും, തുപ്പരിവാലന്‍ സീക്വലോ, പ്രീക്വലോ തുടര്‍ന്ന് ചെയ്യാനുള്ള അവകാശം തനിക്കായിരിക്കണമെന്നും ഈ നിബന്ധനകളിലുണ്ട്. തുടര്‍ഭാഗങ്ങളില്‍ കന്നിയന്‍ പൂങ്കുട്രന്‍ എന്ന നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്ന കാര്യത്തിലും അന്തിമ തീരുമാനം തനിക്കായിരിക്കണമെന്നും നിബന്ധനയില്‍ ഉണ്ട്.
ഉദയനിധി സ്റ്റാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത സൈക്കോ എന്ന ത്രില്ലര്‍ വന്‍വിജയമായിരുന്നു. സൈക്കോ വന്‍വിജയമായതിന് പിന്നാലെയാണ് തുപ്പരിവാലന്‍ തുടര്‍ഷെഡ്യൂളുകള്‍ക്ക് മിഷ്‌കിന്‍ ബജറ്റ് പുതുക്കി നിശ്ചയിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ചക്ര എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് വിശാല്‍ ഇപ്പോള്‍.
ലവ്‌ലി സിംഗ്, നാസര്‍, ഗൗതമി, റഹ്മാന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. മിഷ്‌കിനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുണ്ടെന്നാണ് സൂചന.
വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ മിഷ്‌കിനും രംഗത്തെത്തി.അരമണിക്കൂറിനടുത്ത് നീണ്ടു നിന്ന വളരെ വൈകാരികമായ മിഷ്‌കിന്റെ പ്രസംഗത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനിടെ തുടര്‍ന്ന് വിശാല്‍ തന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചു, ഇത് ചോദ്യം ചെയ്ത തന്റെ അനുജനെ വിശാല്‍ തല്ലുകയും ചെയ്തു എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ചിത്രത്തിനുവേണ്ടി അമിതമായി പണം ചെലവഴിച്ചു എന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു.വിശാല്‍ തന്റെ അമ്മയെ വേശ്യ എന്ന് വിളിച്ചതിന് തെളിവായി തന്റെ പക്കല്‍ റെക്കോര്‍ഡ് ഉണ്ടെന്നും അത് കേട്ടിട്ട് നിങ്ങള്‍ വിശ്വസിച്ചാല്‍ മതി എന്നും അദ്ദേഹം സദസ്സിനോട് പറയുകയുണ്ടായി.