Latest News

മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ 'ഗന്ധര്‍വരാത്രി' തിയേറ്ററിലെത്തിയത് 'എ പടം' എന്ന ലേബലില്‍; മകന്റെ സിനിമാ കാണാനായി തിയറ്ററില്‍ എത്തിയ അമ്മയെ സെക്യൂരിറ്റി  തടഞ്ഞു; വിതരണക്കാരുടെ ചതിയില്‍ പെട്ടതോടെ സിനിമയോട് മടുപ്പ് തോന്നി; സിനിമയിലെ നീണ്ട ഇടവേളയെക്കുറിച്ചും നടി അനിതയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചും നടന്‍ മധു മേനോന്‍ മനസ് തുറക്കുന്നു

Malayalilife
മുഖ്യധാരാ സിനിമയായി ഷൂട്ട് തുടങ്ങിയ 'ഗന്ധര്‍വരാത്രി' തിയേറ്ററിലെത്തിയത് 'എ പടം' എന്ന ലേബലില്‍; മകന്റെ സിനിമാ കാണാനായി തിയറ്ററില്‍ എത്തിയ അമ്മയെ സെക്യൂരിറ്റി  തടഞ്ഞു; വിതരണക്കാരുടെ ചതിയില്‍ പെട്ടതോടെ സിനിമയോട് മടുപ്പ് തോന്നി;  സിനിമയിലെ നീണ്ട ഇടവേളയെക്കുറിച്ചും നടി അനിതയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചും നടന്‍ മധു മേനോന്‍ മനസ് തുറക്കുന്നു

തൊണ്ണൂറുകളില്‍, സിനിമാ-സീരിയല്‍ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു നടനും നര്‍ത്തകനുമായ മധുമേനോന്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ശ്രദ്ധേയ കഥാപാത്രങ്ങളുമായി തിളങ്ങി നിന്ന മധു അക്കാലത്ത് വലിയ പ്രതീക്ഷ സമ്മാനിച്ച യുവനായകന്‍മാരില്‍ ഒരാളായിരുന്നു. തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലുമുള്‍പ്പടെ ശ്രദ്ധേയ സിനിമകളില്‍ നായക-സഹനായക വേഷങ്ങള്‍, വലിയ പരസ്യ ചിത്രങ്ങള്‍, മലയാളം, തമിഴ്, തെലുങ്കു സീരിയലുകളില്‍ കൈ നിറയെ അവസരങ്ങള്‍. എന്നാല്‍ കരിയര്‍ ഉയര്‍ന്ന ഗ്രാഫില്‍ തന്നെ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകള്‍ മധുവിന്റെ ജീവിതത്തില്‍ സംഭവിച്ചത്. ഇതിനെക്കുറിച്ചും നടി അനിതയുമായുള്ള വിവാഹത്തെക്കുറിച്ചുമൊക്കെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടന്‍ മനസ് തുറക്കുകയുണ്ടായി.

നീണ്ട 14 വര്‍ഷം അദ്ദേഹം സിനിമയില്‍ നിന്നു മാറി നിന്ന നടന്‍ നൃത്ത വേദികളിലും മ്യൂസിക് ആല്‍ബങ്ങളിലും മാത്രമായി സാന്നിധ്യം അറിയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ 'തിലോത്തമ' എന്ന ചിത്രത്തിലൂടെ മടങ്ങി വന്ന മധു ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ്. ഇതിനിടെയാണ് തന്റെ വിശേഷങ്ങള്‍ പങ്ക് വച്ചത്.

1991-ല്‍ ഒരു ജീന്‍സിന്റെ പരസ്യത്തില്‍ അഭിനയിച്ചു. അതാണ് തുടക്കം. അതേ വര്‍ഷം തന്നെ ഒരു ഡോക്യുമെന്ററിയിലും ഒരു തെലുങ്ക് സിനിമയില്‍ പാട്ടു രംഗത്തിലും അഭിനയിച്ചു. അതിനുശേഷം മദ്രാസിലേക്കു വന്നു. 92 ല്‍ ആണ് മലയാളത്തിലെ എന്റെ ആദ്യ ടെലിവിഷന്‍ പ്രോഗ്രാം ചെയ്തത്, 'സിനിമ സിനിമ' എന്ന പേരില്‍. ശേഷം 92-93 ല്‍ 'കഥ തുടരുന്നു' എന്ന സീരിയല്‍. പിന്നീട് മലയാളത്തില്‍ 'മഴവില്‍ കൂടാരം', തെലുങ്കില്‍ സഹനായകനായി രണ്ടു സിനിമകള്‍ എന്നിവയിലും അഭിനയിച്ചു. 1994 ല്‍ 'എഴു മുഖങ്ങള്‍' എന്ന സീരിയലില്‍ നായകനായി. അതു ബ്രേക്കായി. തുടര്‍ന്ന് 'പേയിങ് ഗസ്റ്റ്'. അതിലും നായകനായിരുന്നു. 98 ല്‍ 'പ്യാസി ആത്മാ' എന്ന ഹിന്ദി ചിത്രത്തിലും നായകനായി. തമിഴ് സീരിയലുകളും ചെയ്തു. അക്കാലത്ത് സിനിമയും സീരിയലും ഒന്നിച്ചു കൊണ്ടു പോകുകയായിരുന്നു. ഇതു ചെയ്യും ഇതു ചെയ്യില്ല എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല.

99 ല്‍ ആണ് തിരുവനന്തപുരത്ത് താമസമാക്കിയത്. അതിന് ശേഷവും 'ദൈവത്തിന്റെ മക്കള്‍' എന്ന സീരിയില്‍ കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, തുടങ്ങിയ സിനിമകള്‍ ഒക്കെ ചെയ്തു. ആ സമയത്താണ് ഞാന്‍ നായകനായ ഗാന്ധര്‍വ്വരാത്രി എന്ന സിനിമ വന്നത്. അത് കരിയര്‍ മറ്റൊരു വഴിക്കാക്കി.

മലയാളത്തിലെ ഒരു വലിയ സംവിധായകനായിരുന്നു അതിലെ നായകന്‍. ഒരു മുഖ്യധാരാ സിനിമയില്‍ ഷൂട്ട് തുടങ്ങിയ ഗന്ധര്‍വ്വരാത്രി പക്ഷേ തിയേറ്ററിലെത്തിയത് എ പടം എന്ന ലേബലിലാണ്. ഷക്കീല തരംഗം ആഞ്ഞടിച്ച സമയമായിരുന്നു. വിതരണക്കാരുടെ ചതി. അത് എന്നെ സങ്കടപ്പെടുത്തി. മലയാളത്തില്‍ സിനിമ ചെയ്യുന്നതിനോട് മടുപ്പും തോന്നി. അതിലെ നായിക തെലുങ്കില്‍ നിന്ന് വന്ന ഒരു കുട്ടിയായിരുന്നു. ചതിക്കപ്പെട്ടതോടെ അവളും കരിയര്‍ തകര്‍ന്ന് തിരിച്ച് പോയി.

ഞാന്‍ ഉള്‍പ്പെടുന്ന ഒരു മോശം സീന്‍ പോലും ആ സിനിമയില്‍ ഉണ്ടായിരുന്നില്ല. സിനിമ മൊത്തമായാലും അത്ര പ്രശ്നമുണ്ടായിരുന്നില്ല. പക്ഷേ ലേബല്‍ ഇതായി പോയി. ആ കാലഘട്ടത്തില്‍ പലര്‍ക്കും ഈ അബദ്ധം പറ്റിയിട്ടുണ്ട്. സിനിമ റിലീസായപ്പോള്‍ അച്ഛനും അമ്മയും കൂടി എറണാകുളത്തെ ഒരു തിയറ്ററില്‍ സിനിമ കാണാന്‍ പോയി. പക്ഷേ ഗെയിറ്റില്‍ സെക്യൂരിറ്റി അമ്മയെ തടഞ്ഞു. സ്ത്രീകളെ കയറ്റി വിടാന്‍ പറ്റില്ല എന്ന് പറഞ്ഞു. അവര്‍ സിനിമ കാണണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു.


കോലാഹലം ഉണ്ടായത്ര പ്രശ്നങ്ങളൊന്നും ആ സിനിമയില്‍ ഇല്ലെന്നും ഞാന്‍ മോശമായി ഒന്നും ചെയ്തിട്ടില്ലെന്നും അവര്‍ക്ക് ബോധ്യമാകണം എന്ന് തോന്നി. അതിന് ശേഷം അത്തരം സിനിമകളിലേക്ക് ധാരാളം ഓഫറുകള്‍ വന്നെങ്കിലും ഒന്നും ചെയ്തില്ല. ആ സമയത്ത് തന്നെ ഷഡ്കാല ഗോവിന്ദ മാരാരുടെ ജീവചരിത്രം പറയുന്ന ഞാന്‍ നായകനാകുന്ന സ്വരരാഗ ഗംഗ എന്ന ചിത്രവും ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. പക്ഷേ ആ സിനിമ റിലീസ് ആയില്ല. അത് റിലീസ് ആയെങ്കില്‍ കരിയര്‍ മറ്റൊന്ന് ആകുമായിരുന്നെന്നും മധു മേനോന്‍ പറയുന്നു.

2002 മുതല്‍ 2016 വരെയുള്ള പതിനാല് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്നും മാറി നിന്നു. അമ്മ കാര്‍ത്തികയ്ക്ക് അസുഖം വന്ന് കിടപ്പിലായപ്പോള്‍ പരിചരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ബ്രേക്ക് എടുത്തത്. 2004 ജൂണില്‍ അമ്മ മരിച്ചു. പിന്നീട് നൃത്തത്തിലും മ്യൂസിക് ആല്‍ബങ്ങളിലും മാത്രമായി ശ്രദ്ധ. ഒപ്പം നല്ല വേഷവുമായി സിനിമയിലേക്ക് മടങ്ങി വരാന്‍ വര്‍ക്കൗട്ടുകളും തുടങ്ങി. എനിക്ക് തോന്നുന്നത് ആ പതിനാല് വര്‍ഷം പ്രേക്ഷകര്‍ എന്നെ മറക്കാതിരുന്നത് ആല്‍ബങ്ങള്‍ കാരണമാണെന്നാണ്. 2016 ല്‍ തിലോത്തമ എന്ന സിനിമയിലൂടെ തിരിച്ച് വരവ്. ഇപ്പോള്‍ തെലുങ്കിലും മലയാളത്തിലും സീരിയലുകളില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. നൃത്ത വേദികളിലും നല്ല തിരക്കുണ്ട്. നൃത്തം ചെറുപ്പത്തിലെ ചെയ്യുന്നുണ്ട്.

2006 ലായിരുന്നു സീരിയല്‍ നടി അനിതയുമായി വിവാഹം കഴിച്ചത്. തങ്ങളുടേത് പ്രണയം എന്ന് പറായന്‍ പറ്റില്ലെന്നും പരസ്പരം മനസ് തുറന്ന് സംസാരിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും മധു പറയുന്നു. ഞങ്ങള്‍ക്ക് തനിമ എന്നൊരു മോള്‍ ഉണ്ട്. മോള്‍ ജനിച്ച ശേഷം ഞാനും അനിതയും കൂടി കുഞ്ഞിന്റെ അടുത്ത് നിന്ന് മാറി നില്‍ക്കാവുന്ന ഒരു സാഹചര്യം ആയിരുന്നില്ല. അതും ബ്രേക്ക് നീളാന്‍ കാരണമായി. മോളിപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു. അനിത ഇപ്പോള്‍ മലയാളത്തിലെ സ്ത്രീപഥം എന്ന സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുകാണെന്നും മധു പറഞ്ഞു.

actor madhu menon open out his personal life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES