മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ട്വന്റി 20 എന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടുന്ന വമ്പന്‍ താരനിര ഒന്നിച്ച ട്വന്റി 20യ്ക്ക് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. ബോക്‌സ് ഓഫിസില്‍ സൂപ്പര്‍ഹിറ്റായ ചിത്രം 30 കോടി രൂപയാണ് നേടിയത്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയില്‍ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. വീണ്ടും അത്തരമൊരു ചിത്രം വേണമെന്ന് പല ആരാധകരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രശസ്ത താരങ്ങളെല്ലാം അണിനിരക്കുന്ന ഒരു ചിത്രം വീണ്ടും അമ്മയുടെ നേതൃത്വത്തില്‍ എത്തുന്നുവെന്നാണ് സൂചന.
മലയാളത്തിലെ സൂപ്പര്‍താരങ്ങളെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് 12 വര്‍ഷം മുന്‍പ് പിറന്ന ട്വന്റി 20 ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ പ്രതിഫലം വാങ്ങാതെയാണ് താരങ്ങള്‍ ഇതില്‍ പ്രവര്‍ത്തിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരും, നിര്‍മ്മാണം ദിലീപുമാണ്. ഇപ്പോള്‍ സിനിമ രംഗത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചതോടെയാണ് പണം സ്വരൂപിക്കാന്‍ ഇത്തരത്തില്‍ വീണ്ടുമൊരു ചിത്രം എടുക്കാന്‍ അമ്മ തീരുമാനിച്ചത്.
ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2021 ല്‍ ആരാധകരിലേക്ക് എത്തിക്കാനാണ് തീരുമാനം. 2008 ലാണ് അമ്മയ്ക്കു വേണ്ടി ദിലീപ് ട്വന്റി 20 നിര്‍മിക്കുന്നത്. പ്രായമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള പണം സ്വരൂപിക്കാനായിരുന്നു ഇത്. ഇത് മികച്ച വിജയമായതോടെയാണ് സിനിമാരംഗം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് പുതിയ സിനിമ ഒരുക്കാന്‍ അമ്മ തീരുമാനിച്ചിരിക്കുന്നത്. പ്രായമായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ടി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. എന്നാല്‍ ട്വന്റി 20 പോലെ അമ്മയ്ക്കു വേണ്ടി ചിത്രം മറ്റാരെങ്കിലും നിര്‍മിക്കുകയാണോ അതോ അമ്മ തന്നെ നിര്‍മാണത്തിലേക്ക് ചുവടുവെക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
സിനിമ മേഖലയിലെ പ്രമുഖനാണ് വിവരം പുറത്തുവിട്ടത്. രാജീവ്കുമാറായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. വലിയ താരനിരയെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന തിരക്കഥ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ട്വന്റി 20 പോലെ അമ്മയിലെ അംഗങ്ങളെല്ലാം ചിത്രത്തിന്റെ ഭാഗമാകും. 2008 ല്‍ ഒരു അമ്മ അംഗം പോലും ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ഇത്തവണയും അങ്ങനെയായിരിക്കും.