ക്യാരക്ടര്‍ വേഷങ്ങളിലൂടെ മലയാളകളുടെ ഹൃദയത്തില്‍ ഇടംനേടിയ നടനാണ് ജോജു ജോര്‍ജ്. ജോസഫ് എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ജോജുവിന്റെ കരിയര്‍ മാറി മറിഞ്ഞു. പുലിമടയാണ് ജോജുവിന്റേതായി ഇനി പുറത്തിറങ്ങുന്ന ചിത്രം. ഇപ്പോഴിതാ ജോജുവിനെ കുറിച്ച് പുലിമടയുടെ സംവിധായകന്‍ എ.കെ സാജന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
പുലിമടയുടെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏറെ നിഗൂഢതകള്‍ നിറച്ച ട്രെയിലറില്‍ ജോജുവിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം.വയനാടായിരുന്നു പ്രധാന ലൊക്കേഷന്‍. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ എ.കെ സാജന്‍ ജോജുവുമായുള്ള സൗഹൃദത്തെ കുറിച്ചും ജോജുവെന്ന നായക നടനെ കുറിച്ചും സംസാരിച്ചത്.
ആര്‍ക്കും അടുത്ത് ചെല്ലാന്‍ സാധിക്കുന്ന താരമാണ് ജോജുവെന്നാണ് എ.കെ സാജന്‍ പറഞ്ഞത്. വര്‍ഷങ്ങളായുള്ള പരിചയം ഉടലെടുത്തതിനെ കുറിച്ചും എ.കെ സാജന്‍ പറഞ്ഞു. 'വയലന്‍സില്‍ ചെറിയൊരു വേഷം ചെയ്യാന്‍ വന്നതാണ് ജോജു. എന്നാല്‍ ഡയലോഗ് പറയാന്‍ ജോജുവിനായില്ല. ഒരുപാട് തവണ ഡയലോഗ് പറയാന്‍ നോക്കിയപ്പോഴും കയ്യില്‍ നിന്നും പോയി. അങ്ങനെ ആ സിനിമ സെറ്റില്‍ നിന്നും ജോജു പോയി.'
'ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് ഇന്നത്തെ നിലയില്‍ അദ്ദേഹം എത്തിയത്. മാളയില്‍ നിന്നും എറണാകുളത്തേക്ക് എത്തി ഒരു കഥാപാത്രത്തിനായി അദ്ദേഹം അലഞ്ഞതൊക്കെ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ജോജു എന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. വ്യക്തി ജീവിതത്തിലേയും സിനിമ വിശേഷങ്ങളുമെല്ലാം ജോജു എന്നോട് പറയാറുണ്ട്.' 'വയലന്‍സ് കഴിഞ്ഞശേഷം നാദിറ കൊല്ലപ്പെട്ട രാത്രിയിലേക്ക് ജോജുവിനായി ഞാന്‍ ഒരു കഥാപാത്രം നല്‍കി. മുപ്പത് വര്‍ഷത്തെ ബന്ധം എനിക്ക് അദ്ദേഹവുമായുണ്ട്. ആദ്യം കണ്ടപ്പോഴുള്ള സ്‌നേഹവും ബഹുമാനവും ഇന്നും എന്നോട് കാണിക്കുന്ന ആളാണ് ജോജു. എന്നോട് അവസരങ്ങള്‍ ചോദിച്ചിട്ടുണ്ട്. നല്ല അവസരങ്ങള്‍ ജോജുവിന് വന്നാല്‍ അത് എന്നോടും ഷെയര്‍ ചെയ്യും.'
'ജോസഫിലെ കഥാപാത്രം വന്നപ്പോഴും എന്നോട് ജോജു പറഞ്ഞിരുന്നു. റിയല്‍ എസ്റ്റേറ്റില്‍ ഒക്കെ താല്‍പര്യമുള്ള ആളാണ് ജോജു. മൂന്നാറിലൊക്കെ സ്ഥലം വാങ്ങാം എന്നൊക്കെ എന്നോട് പറയും. വണ്ടി വാങ്ങിയാലും എന്നോട് പറയും. സിനിമാക്കാരന്‍ അല്ലാത്ത നല്ല സുഹൃത്താണ്. രണ്ടുകോടിയുടെ കാറില്‍ നടക്കുമ്പോഴും സാധാരണക്കാരനാണ് ഇന്നും ജോജു.' 'ഇന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു സാധാരണക്കാരനാണ്. വടക്കും നാഥ ക്ഷേത്രത്തിന് മുമ്പില്‍ ഷൂട്ടിങ് നടക്കുന്നതിന്റെ ഇടയില്‍ ഒരു വൃദ്ധന്‍ ലോട്ടറി കച്ചവടത്തിനായി വന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാനായി അഞ്ചാറ് ടിക്കറ്റ് വാങ്ങിയ സാധാരണ ഒരു മനുഷ്യനാണ് ജോജു. മലയാള സിനിമയില്‍ ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു നടന്‍ ഉണ്ടെങ്കില്‍ അത് ജോജുവാണെന്നും'അദ്ദേഹം പറയുന്നുണ്ട്.