കയ്യടിക്കുന്നതും ശംഖു മുഴക്കുന്നതും വൈറസിനെ ദുര്‍ബലപ്പെടുത്തുമെന്ന ട്വീറ്റുമായി എത്തിയ ബോളിവുഡ് താരം അമിതാഭ് ബച്ചന് നേരെ വിമര്‍ശനം ഉയരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് കയ്യടിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പങ്കുവച്ച ട്വീറ്റാണ് ബച്ചനെ പുലിവാല് പിടിപ്പിച്ചത്.
മാര്‍ച്ച് 22 അമാവാസിയാണ്, കൈയ്യടിക്കുന്നതും ശംഖു മുഴക്കുന്നതും വൈറസിനെ ദുര്‍ബലപ്പെടുത്തുമെന്ന സന്ദേശമാണ് ബച്ചന്‍ പങ്കുവച്ചത്. വ്യാപകമായ വിമര്‍ശനങ്ങളാണ് ഈ ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ട്വീറ്റ് വിവാദമായതോടെയാണ് ബച്ചന്‍ ഇത് ഡിലീറ്റ് ചെയ്തു.
ഒരു അഭിപ്രായം പങ്കുവയ്ക്കട്ടെ' എന്ന ആമുഖത്തോടെയാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ''മാര്‍ച്ച് 22, വൈകിട്ട് 5 മണി, അമാവാസി, മാസത്തെ ഏറ്റവും ഇരുട്ടേറിയ ദിവസം. ദുഷ്ടശക്തികളായ ബാക്ടീരിയ ഏറ്റവും കരുത്താര്‍ജ്ജിക്കും! കയ്യടിക്കുന്നതും ശംഖു മുഴക്കുന്നതും വൈറസിനെ ദുര്‍ബലപ്പെടുത്തും. ചന്ദ്രന്‍ പുതിയ നക്ഷത്രരാശിയിലേക്ക്.. ആവര്‍ത്തിക്കുന്ന കമ്പനം രക്തചംക്രമണം മികച്ചതാക്കും'' എന്ന് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച ജനത കര്‍ഫ്യൂവിന്റെ ഭാഗമായി വീട്ടില്‍ കഴിഞ്ഞ ബച്ചന്‍ അഞ്ചു മണിക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം ബാല്‍ക്കണിയിലെത്തി കയ്യടിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചിരുന്നു. അതിന്റെ വിഡിയോയും താരം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തെറ്റായ വിവരം പങ്കുവയ്ക്കുന്ന ഈ ട്വീറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. ബച്ചന്റേത് നിരുത്തരവാദപരമായ നടപടിയാണെന്നും ശാസ്ത്രീയ വിവരങ്ങള്‍ക്കു പകരം അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
