മലയാളത്തിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അപർണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന് ചിത്രത്തിലൂടെ എത്തിയ നടി ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മാറി. ഇപ്പോളിതാ തമിഴിലേക്കും ഒരു കിടിലൻ എൻട്രി നടത്തുകയാണ് നടി. അപർണ്ണ സൂര്യയുടെ നായികയാകുന്നു എന്നാണ് പുതിയ വാർത്ത. എൻജികെ, കാപ്പാൻ എന്നീ ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്കു പിന്നാലെ ഒരുങ്ങുന്ന സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങരയാണ്. ദ്രോഹി, ഇരുതുസുട്രു, ഗുരു തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സുധ.
സൂര്യയുടെ 38ാം ചിത്രമാണിത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നു. ഇതിന്റെ ചിത്രങ്ങൾ അപർണ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സൂര്യയ്ക്കും അപർണയ്ക്കും പുറമെ ശിവകുമാർ, കാർത്തി, ജിവി പ്രകാശ് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. എയർ ഡെക്കാൻ വിമാന കമ്പനി സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ബയോപിക്കാണ് ചിത്രമെന്നാണ് സൂചന. അപർണ്ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.
സൂര്യയുടെ തന്നെ പ്രൊഡക്ഷൻ ബാനറായ 2ഡി എന്റർടെയ്ന്മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിർവ്വഹിക്കുന്നത്.